കോവിഡ്-19: ഏറ്റവുംകൂടുതൽപ്പേർ മരിച്ചത് യു.എസിൽ; മരണസംഖ്യ ഇരുപതിനായിരത്തോളം


വാഷിങ്ടൺ:കോവിഡ്-19 ബാധിച്ച് ലോകത്ത് ഏറ്റവുംകൂടുതൽപ്പേർ മരിച്ചത് യു.എസിൽ. മരണസംഖ്യയിൽ ശനിയാഴ്ച യു.എസ്. ഇറ്റലിയെ മറികടന്നു. ഇതുവരെ 19,666 പേരാണ് യു.എസിൽ മരിച്ചത്. ശനിയാഴ്ചമാത്രം 919 പേർ മരിച്ചു. വെള്ളിയാഴ്ച 2108 പേർ മരിച്ചിരുന്നു. ലോകത്ത് ഒറ്റദിവസം ഒരുരാജ്യത്തുമാത്രം റിപ്പോർട്ടുചെയ്ത ഏറ്റവുംകൂടിയ മരണസംഖ്യയായിരുന്നു ഇത്. രോഗബാധിതരുടെ എണ്ണത്തിലും യു.എസാണ് ഒന്നാമത്. 5.06 ലക്ഷം പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
യു.എസിൽ മരിക്കുന്നവരുടെ എണ്ണം അന്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇറ്റലിയിൽ ഇതുവരെ 18,849 പേരാണു മരിച്ചത്. 16,353 പേർ മരിച്ച സ്പെയിനാണ് ലോകത്തെ കോവിഡ് മരണസംഖ്യയിൽ മൂന്നാമത്.
യു.എസിലെ കോവിഡ് വൈറസിന്റെ വ്യാപനകേന്ദ്രം ന്യൂയോർക്ക് സംസ്ഥാനമാണ്. യു.എസിന്റെ ആകെ മരണത്തിൽ പകുതിയിലേറെയും ഇവിടെയാണ്. ഇതുവരെ 7,800-ലേറെപ്പേരാണ് ഇവിടെ മരിച്ചത്. 1.7 ലക്ഷത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലേക്കാൾ കൂടുതലാണിത്.
യു.എസിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ 86 ലക്ഷം പേരാണ് പാർക്കുന്നത്. ഓരോ ചതുരശ്രകിലോമീറ്ററിലും പതിനായിരംപേർ എന്നാണ് കണക്ക്. യു.എസിലെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരം. വർഷത്തിൽ ആറുകോടി വിനോദസഞ്ചാരികൾ എത്തുന്ന ന്യൂയോർക്ക് യു.എസിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. അതായത് ഇവിടെയത്തുന്ന വൈറസ് ബാധിതരായ ഒരാളിൽനിന്ന് വൈറസ് വളരെവേഗത്തിൽ മറ്റുള്ളവരിലേക്ക് പടരും.
ഫെബ്രുവരിയിൽ യൂറോപ്പിൽനിന്നെത്തിയ വൈറസിൽനിന്നാണ് ന്യൂയോർക്കിൽ രോഗം പടർന്നതെന്നാണ് നിഗമനം. മാർച്ച് ഒന്നിനാണ് ഇവിടെ ആദ്യരോഗബാധ സ്ഥിരീകരിച്ചത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ബ്രോൻക്സ്, ക്വീൻസ് മേഖലകളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനം രേഖപ്പെടുത്തി. മാർച്ച് രണ്ടിന് രണ്ടാം കേസ് റിപ്പോർട്ടു ചെയ്തു. നഗരത്തിന്റെ ആരോഗ്യസംവിധാനം ലോകത്തിൽവെച്ചേറ്റവും മികച്ചതെന്നാണ് അന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വാമോ പറഞ്ഞത്. രണ്ടാഴ്ചയ്ക്കുശേഷമാണ് മേഖലയിൽ സ്കൂളുകളുൾപ്പെടെയുള്ള പൊതുവിടങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. മാർച്ച് 22-ന് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.
അടച്ചിടൽ പ്രഖ്യാപിക്കാൻ ഇത്രയേറെ വൈകിയെന്നതാണ് ന്യൂയോർക്കിന്റെ പരാജയം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുൾപ്പെടെയുള്ളവർ സാമ്പത്തികകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തതാണ് അടച്ചിടൽ വൈകിപ്പിച്ചതെന്ന് അധികൃതർ പറയുന്നു. വെന്റിലേറ്റർ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കാൻ ട്രംപ് ഭരണകൂടം അടിയന്തരാവസ്ഥാ അധികാരം ഉപയോഗിക്കാൻ വൈകിയതും ന്യൂയോർക്കിനെ മരണഭൂമിയാക്കിയെന്നും അവർ കുറ്റപ്പെടുത്തി.
Content Highlights: US becomes first country to record over 2,000 coronavirus deaths in last 24 hours

Post a Comment

0 Comments

Top Post Ad

Below Post Ad