കൊറോണ: സൗജന്യ പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രം; സ്വകാര്യ ലാബുകള്‍ക്ക് തുക ഈടാക്കാം

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സംബന്ധിച്ച പരിശോധന പാവപ്പെട്ടവർക്ക് മാത്രമാവും സൗജന്യമായി ലഭിക്കുകയെന്ന് സുപ്രീം കോടതി. സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമെന്ന മുൻ ഉത്തരവ് സുപ്രീം കോടതി പരിഷ്കരിച്ചു. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചിലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകൾ അറിയിച്ചതിനെ തുടർന്നാണിത്.

കോവിഡ് 19 പരിശോധനയ്ക്ക് ഐസിഎംആർ നിശ്ചയിച്ചിട്ടുള്ള തുക സ്വകാര്യലാബുകൾക്ക് ഈടാക്കാം. 45000 രൂപയാണ് ഐസിഎംആർ നിശ്ചയിച്ചിട്ടുള്ള തുക. സ്വകാര്യ ലാബുകളും സൗജന്യമായി നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പരമോന്നത കോടതിയിൽ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പരിശോധനാ സൗകര്യം ആർക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) യുടെ ഗുണഭോക്താക്കൾക്ക് ഇപ്പോൾതന്നെ സ്വകാര്യ ലാബുകളിലും കോവിഡ് 19 പരിശോധന സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഐസിഎംആർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ടവർക്ക് പരിശോധന സൗജന്യമാക്കേണ്ടതുണ്ടോ എന്നകാര്യത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും വേണം.

കോവിഡ് 19 പരിശോധന അംഗീകൃത സർക്കാർ - സ്വകാര്യ ലാബുകളിൽ സൗജന്യം ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് രവീന്ദ്രഭട്ട് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിലെ പ്രായോഗികതയും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി സ്വകാര്യ ലാബുകൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. സ്വകാര്യ ലാബുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് വിഷയത്തിൽ ഐസിഎംആർ ഇടപെട്ടത്. സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്ന ഉറപ്പ് കേന്ദ്രം സ്വകാര്യ ലാബുകളുടെ പ്രതിനിധികൾക്ക് ഇതേത്തുടർന്ന് അധികൃതർ നൽകിയിരുന്നു.ഐസിഎംആർ അംഗീകരിച്ച 151 ലാബുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് 19 പരിശോധന നടത്തുന്നത്. സ്വകാര്യ ലാബുകളൊന്നും ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല. ഏപ്രിൽ പത്തുവരെയുള്ള 16,564 സാമ്പിളുകളും സർക്കാർ ലാബുകളിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Content Highlights: Free corona virus testing only for poor - Says Supreme Court


Post a Comment

0 Comments

Top Post Ad

Below Post Ad