ഡോ. തോമസ് ഐസക്ക് പിണറായിക്കെതിരെ നടത്തുന്നത് ഒളിയുദ്ധമല്ല, തെളിയുദ്ധമാണ്; ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഡോ. തോമസ് ഐസക്ക് പിണറായിക്കെതിരെ നടത്തുന്നത് ഒളിയുദ്ധമല്ല; തെളിയുദ്ധമാണ്. ആഭ്യന്തര വകുപ്പ് പരാജയമെന്ന് പറഞ്ഞ തോമസ് ഐസക്ക് ഉന്നം വെച്ചത് മുഖ്യമന്ത്രി പിണറായിയുടെ രാജി എന്ന് വ്യംഗ്യം

ഡോ. തോമസ് ഐസക് നടത്തുന്നത് ഒളിയുദ്ധമല്ല; തെളിയുദ്ധമാണ്. കാരണം, ഒന്നും മറച്ചുവെക്കാതെയാണ്  ആഭ്യന്തര വകുപ്പിന്റെ പരാജയം മൂലമാണ് മദ്യവില്പന വീണ്ടും തുടങ്ങുന്നത് എന്ന് ഡോ. ഐസക് തെളിമയോടെ  പറഞ്ഞത്. നാട്ടിൽ വ്യാപകമായി കള്ളവാറ്റ് നടക്കുന്നു. അത് തടയുന്നതിന് വേണ്ടിയാണ് മദ്യകച്ചവടം എന്നാണ് ഐസക്കിന്റെ ഭാഷ്യം. 

നാട്ടിൽ വ്യാപകമായി, ഐസക് പറയുന്നത് പോലെ, കള്ളവാറ്റ് നടക്കുന്നുണ്ടെങ്കിൽ അത്  തടയാനുള്ള ബാധ്യത ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കാണ്. എന്നാൽ മുഖ്യമന്ത്രിക്ക് അതിന് കഴിയുന്നില്ല. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല നിർവഹിക്കുന്നതിൽ പരാജയപെട്ട മുഖ്യമന്ത്രി രാജിവെക്കണം എന്നാണ് തോമസ് ഐസക്ക് പറഞ്ഞതിന്റെ വ്യംഗ്യം.

നികുതി പണം കൂട്ടാനായി കള്ള് കച്ചവടം നടത്തണമെന്ന് ശഠിക്കുന്ന ഒരാളല്ല താനെന്നാണ് ഐസക് അവകാശപ്പെടുന്നത്. കള്ളവാറ്റ് തടയാനായി,  നല്ലവാറ്റ് നൽകാൻ തീരുമാനിക്കുന്നതിനെയാണ് താൻ പിന്തുണക്കുന്നത് എന്ന് ഔചിത്യത്തിന്റെ ആശാനായ ഐസക്  ധ്വനിപ്പിക്കുന്നു. അപ്പോൾ എക്സൈസ് നികുതി 35 ശതമാനം കൂട്ടിയതോ? എന്ന് ധനമോഹം തീരെയില്ലാത്ത ധനകാര്യമന്ത്രിയോട് ചോദിക്കരുത്.

പിണറായിയും,ഐസക്കും തമ്മിലുള്ള പടലപ്പിണക്കം തുടങ്ങിയിട്ട് കാലം കുറച്ചായി.  ധനകാര്യ മന്ത്രിയുടെ സാന്നിധ്യമില്ലാതെ ഇരുപതിനായിരം കോടിയുടെ സാമ്പത്തിക ഉത്തേജക പദ്ധതി മുഖ്യമന്ത്രി പിണറായി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചപ്പോൾ തന്നെ സാമാന്യ ബോധമുള്ളവർക്ക് കാര്യം പിടികിട്ടിയിരുന്നു. അത് അവരുടെ പാർട്ടിയിലെ കിടമത്സരം; അത് അവർ തന്നെ തീരുമാനിക്കട്ടെ. 

എന്നാൽ മദ്യം വിറ്റുകിട്ടുന്ന പണത്തിൽ തീരെ താല്പര്യമില്ലാത്ത നല്ല ശമരിയാക്കാരനായ ധനമന്ത്രിയാണ് തോമസ് ഐസക് എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഈശോ സഭയിലെ വൈദികനായ ഫാ. സാമുവൽ റായന്റെ പ്രിയ ശിഷ്യനാണ് തോമസ് ഐസക് എന്നത് നേരാണെങ്കിലും മദ്യധന സൗഭഗത്തിൽ മോഹമാർന്ന ധനമന്ത്രിയല്ല എന്ന് മലയാളികളെ വിശ്വസിപ്പിക്കാൻ ഈ നല്ല ഇടയൻ കുറേ കൂടി വിയർപ്പ് ഒഴുക്കേണ്ടിവരും.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

Post a Comment

0 Comments

Top Post Ad

Below Post Ad