ക്ഷേത്ര സ്വത്ത്‌ ക്ഷേത്രാവശ്യങ്ങൾക്കല്ലാതെ മറ്റു കാര്യത്തിന് വകമാറ്റി ചിലവഴിക്കാൻ പാടില്ലെന്ന് കുമ്മനം രാജശേഖരൻ

ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകോണ്ട് ക്ഷേത്രേതര കാര്യങ്ങൾക്ക് ഫണ്ട്  നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണ്.

ഗുരുവായൂർ ക്ഷേത്രം ഹിന്ദു ജനതയുടെ ആദ്ധ്യാത്‌മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര  കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതു  ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്പത്തിന്റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവൂ. വിശ്വാസപൂർവ്വം വഴിപാടായും കാണിക്കയായും സമർപ്പിക്കുന്ന പണത്തിൽ ഭക്ത ജനങ്ങളുടെ വികാര വിശ്വാസ സങ്കല്പങ്ങളുണ്ട്. അത് ദേവസ്വം ഭരണാധികാരികൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് ഏത് കാര്യങ്ങൾക്കുവേണ്ടിയും ചെലവഴിക്കാനാവില്ല. ക്ഷേത്രത്തിൽ വിശ്വാസപൂർവ്വം സമർപ്പിച്ച പണത്തിന്റെ പലിശയായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാമെന്ന ന്യായീകരണം ശുദ്ധാബദ്ധമാണ്. 

ദേവസ്വം ഫണ്ടിന്റെ പലിശ , കെട്ടിട വാടക , നേരിട്ട് കിട്ടുന്നതും അല്ലാതുള്ളതുമായ വരുമാനങ്ങൾ , വിറ്റു കിട്ടുന്ന തുക തുടങ്ങിയവയെല്ലാം 
ക്ഷേത്ര വരുമാനമാണ് , ക്ഷേത്ര സ്വത്താണ്. അത് ക്ഷേത്രാവശ്യങ്ങൾക്കല്ലാതെ മറ്റൊരു കാര്യത്തിനും വകമാറ്റി ചെലവഴിക്കാൻ പാടില്ല. 

കോവിഡ് ദുരിതാശ്വാസത്തോട് ഒരെതിർപ്പുമില്ല. ആ ആവശ്യം നിറവേറ്റാൻ ഭക്തജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക ഫണ്ട് സ്വരൂപിക്കാൻ ദേവസ്വം അധികൃതർക്ക് സാധിക്കും. മറിച്ച് ഭക്തജനങ്ങൾ ഭഗവാന് വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാൻ ദേവസ്വം അധികൃതർക്ക് അവകാശമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ദുരിതാശ്വാസത്തിന് പ്രത്യേകമായി സംഭരിച്ച തുകയിൽനിന്നാണ് ഒരു കോടി രൂപ നൽകിയത്. 

കൊറോണ പ്രതിരോധ പ്രവർത്തനത്തിന് വേണ്ടി മാത്രമുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. പ്രളയകാലത്ത് പിരിച്ചെടുത്ത നിധിയിലെ തട്ടിപ്പും  വെട്ടിപ്പും ഓരോന്നായി പുറത്തു വരുന്നതേയുള്ളു.രണ്ട് രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്‌ക്കും ഈ നിധിയിൽ നിന്നാണ് ചെലവിട്ടത്. അതുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിന്റെ പണം കൊറോണ പ്രതിരോധത്തിന് വേണ്ടിയാണ് നൽകിയത് എന്ന ദേവസ്വം അധികൃതരുടെ ഭാഷ്യം പച്ചക്കള്ളമാണ്. ഗുരുവായൂരപ്പ ഭക്തരുടെ ആ 5 കോടി രൂപ ഏത് കാര്യത്തിന് വേണ്ടി ചെലവഴിക്കാനും സർക്കാരിന് അധികാരമുണ്ട്. അതേസമയം കേന്ദ്രസർക്കാർ സ്വരൂപിക്കുന്ന പി എം കയർ ഫണ്ട് കൊറോണ പ്രതിരോധത്തിന് വേണ്ടി മാത്രമേ ചെലവഴിക്കാൻ പാടുള്ളു.

മുൻപ് ഫുട്ബോൾ ടൂർണമെന്റിനും , ഇന്ദിരാ വികാസ് പത്രക്കും ലക്ഷം വീട് പദ്ധതിക്കും മറ്റും വേണ്ടി ഗുരുവായൂർ ക്ഷേത്ര ഫണ്ട് ചെലവഴിച്ചപ്പോഴെല്ലാം ശക്തമായ എതിർപ്പ് ഭക്തരുടെ  ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. "ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് വേണ്ടി " എന്ന മുദ്രാവാക്യമുയർത്തി വ്യാപകമായ പ്രക്ഷോഭം നടക്കുകയുണ്ടായി. ഭക്തജന ശക്തിയുടെ മുന്നിൽ ഗുരുവായൂർ ദേവസ്വത്തിന് മുട്ട് മടക്കേണ്ടി വന്നു. ഇപ്പൊൾ 5 കോടി എടുത്തത് ശെരിയാണ് എന്ന് തെളിഞ്ഞാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലാകും അടുത്ത ലക്ഷ്യം. ആ സ്വത്ത് രാജഭരണകാലത്തു എല്ലാ മതസ്ഥരും സമർപ്പിച്ചിട്ടുള്ളതാണെന്നും ആർക്കും പ്രയോജനമില്ലാതെ  വെറുതെ ഇരിക്കുന്ന സ്വത്ത് പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കിക്കൊണ്ട് സർക്കാർ നടപടി സ്വീകരിച്ചുവെന്ന് വരാം.   

1986 ൽ വൈക്കം ക്ഷേത്രത്തിന്റെ ധ്വജ സ്തംഭം പൊളിച്ചപ്പോൾ ചുവട്ടിൽ  നിന്നും കിട്ടിയ പഴയകാലത്തെ  നാണയത്തുട്ടും പുരാവസ്തുക്കളും സർക്കാർ ഏറ്റെടുത്തു. സീൽ ചെയ്തു സ്വന്തം അധീനതയിലാക്കി. ഇതിനെതിരെ ഒരു വർഷക്കാലം ഭക്‌തജനങ്ങൾ നടത്തിയ ശക്തമായ  സമരത്തെ തുടർന്നാണ് എടുത്ത സാധനങ്ങളെല്ലാം സർക്കാർ തിരിച്ചു കൊടിമര ചുവട്ടിൽ ഇട്ടത്. അതിന് ശേഷം മാത്രമേ ധ്വജ പ്രതിഷ്ഠ നടന്നുള്ളു. ഇതുപോലെ ക്ഷേത്ര സ്വത്ത് സർക്കാർ തട്ടിയെടുത്ത എത്രയോ സംഭവങ്ങളുണ്ട് !

ആദ്യകാലത്തു കേണൽ മൺറോ സായിപ്പാണ് ക്ഷേത്ര സ്വത്തും പണവും സർക്കാരിന്റെ ഫണ്ടിലേക്ക് മുതൽകൂട്ടിയത്. അന്ന് അതിനെ എതിർക്കാനുള്ള ശേഷി ഹിന്ദു സമൂഹത്തിന് ഇല്ലായിരുന്നു. എന്നാൽ 1948 ൽ  സർക്കാരും മഹാരാജാവും ഒപ്പുവെച്ച കവനെന്റ് അനുസരിച്ചു സ്വതന്ത്ര പരമാധികാര ധര്മ്മ സ്ഥാപനങ്ങളായി ക്ഷേത്രങ്ങൾ മാറി. ഹിന്ദു ധർമ്മ സ്ഥാപന നിയമങ്ങൾ നിലവിൽ വന്നു.ക്ഷേത്ര സ്വത്തിനും പണത്തിനും  നിയമപരമായി രക്ഷ ലഭിച്ചുവെങ്കിലും കാലാകാലങ്ങളിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളും സർക്കാരും ക്ഷേത്രങ്ങളെ കറവ പശുക്കളാക്കി മാറ്റി. കേണൽ മൺറോ മൺമറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പ്രേതം ഗുരുവായൂർ ദേവസ്വം ഭരണാധികാരികളെ പിടികൂടിയിരിക്കുന്നു.  
 

ഗുരുവായൂരപ്പൻ നിയമത്തിന്റെ ദൃഷ്ടിയിൽ മൈനറാണ്. ആനിലയ്ക് എല്ലാവിധ പരിരക്ഷയും ഗുരുവായൂരപ്പന് ഉള്ളപ്പോൾ, ദേവന്റെ പണം ഏകപക്ഷീയമായി മാനേജിങ് കമ്മറ്റിക്ക് ക്ഷേത്രേതരമായ മറ്റാവശ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കാനാവില്ല. സ്ഥിരം നിക്ഷേപം എടുക്കാതെ , പലിശയിൽ നിന്നും 5 കോടി എടുത്തത് എന്തുകൊണ്ട് ? നിക്ഷേപത്തിൽ നിന്നും എടുക്കുന്നത് ശെരി അല്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് പലിശയിൽ കൈവെച്ചത്. നിക്ഷേപത്തിന്റെ പലിശയും സ്വാഭാവികമായും നിക്ഷേപമായി മാറുന്നുവെന്ന യാഥാർഥ്യം കണക്കിലെടുക്കുമ്പോൾ , 5 കോടി രൂപ ദേവസ്വം എടുത്തത് നിക്ഷേപത്തിൽ നിന്നു തന്നെയാണ്. 

മറ്റു മതസ്ഥർ ഗുരുവായൂർ ക്ഷേത്രത്തിൽ വരികയും വഴിപാട് നടത്തുകയും ചെയ്യുന്നതുകൊണ്ട്  ക്ഷേത്ര വരുമാനം എല്ലാവര്ക്കും അവകാശപെട്ടതാണെന്ന മാനേജിങ് കമ്മറ്റി ചെയർമാന്റെ പ്രസ്താവന ബാലിശമാണ്. ഭക്തർ ആരായാലും പണം ഗുരുവായൂരപ്പന് നൽകുന്നത് ദേവനിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. സമർപ്പിച്ചു കഴിഞ്ഞാൽ അത് ദേവന്റെ സ്വത്തായി മാറും. ഗുരുവായൂർ ക്ഷേത്രം തന്ത്ര  ശാസ്ത്ര വിധി അനുസരിച്ചുള്ള ആരാധനാ ക്രമങ്ങൾ നടക്കുന്ന ഹൈന്ദവ ആരാധനാലയമാണ് . ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആക്ട് അനുസരിച്ചാണ് ക്ഷേത്ര ഭരണം നടക്കുന്നത്. ക്ഷേത്രം മതേതര സ്ഥാപനമല്ല. നൂറ് ശതമാനവും മത ധർമ്മ സ്ഥാപനമാണ്. അതുകൊണ്ടാണ് 1987 ൽ ജേക്കബ് തമ്പിക്ക്  ഗുരുവായൂർ മാനേജിങ് കമ്മറ്റി അംഗമായി സർക്കാർ നിശ്ചയിച്ചെങ്കിലും ചാർജ് എടുക്കാൻ കഴിയാതെ പോയത്. 

എല്ലാവരുടേതുമായതുകൊണ്ടാണ് 5  കോടി രൂപ സർക്കാരിന് കൊടുക്കുന്നതെങ്കിൽ , എല്ലാവര്ക്കും വേണ്ടി ക്ഷേത്രത്തിലെ ആരാധനാ ക്രമവും നാളെ  മാറ്റേണ്ടി വരില്ലേ ? മതേതരത്വത്തിനും മത നിരപേക്ഷതയ്ക്കും ഹിന്ദു മത ധർമ്മ സ്ഥാപന നിയമമനുസരിച്ചു ഭരണം നടത്തുന്ന ക്ഷേത്രത്തിൽ എന്ത് പ്രസക്തി ? സാമൂതിരി രാജാവിൽ നിന്നും ക്ഷേത്ര ഭരണം പ്രത്യേക ആക്ട് പ്രകാരം സർക്കാർ നിയോഗിക്കുന്ന മാനേജിങ് കമ്മറ്റിയിലേക്ക് കൈമാറിയത് ഹിന്ദു വിശ്വാസവും ഹിന്ദു ആചാരവും അനുസരിച്ചു തുടർന്നും ഭരണ നിർവഹണം നടത്തുവാനാണ്. ഇതര മതസ്ഥർ ആരാധനയ്ക്ക് എത്തുന്നത് കൊണ്ടോ പണം തരുന്നതുകൊണ്ടോ ഹിന്ദു ആരാധനാലയം എന്ന പദവി ഗുരുവായൂർ ക്ഷേത്രത്തിന് നഷ്ടപ്പെടുന്നില്ല.

മാനേജിങ് കമ്മറ്റിയിലെ സ്ഥിരം അംഗങ്ങളായ സാമൂതിരി രാജ പ്രതിനിധിയുടേയും തന്ത്രിമുഖ്യന്റെയും അംഗീകാരമില്ലാതെയാണ് കമ്മറ്റി തീരുമാനമെടുത്തത് എന്നുള്ളതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഗുരുവായൂർ ക്ഷേത്ര സ്വത്തും വരുമാനവും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് 2003 ൽ സുപ്രീം കോടതിയും 2008 ൽ ഹൈക്കോടതിയും അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കോടതി വിധികളെ കാറ്റിൽ പറത്തിക്കൊണ്ടാണ് മാനേജിങ് കമ്മറ്റി 5 കോടി രൂപ കേരള സർക്കാരിന് നൽകിയത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ ഭക്ത ജനങ്ങൾ രംഗത്തു വരണം. 5 കൊടി രൂപ ക്ഷേത്രത്തിന് സർക്കാർ മടക്കികൊടുക്കുകയോ അല്ലാത്തപക്ഷം മാനേജിങ് കമ്മറ്റി അംഗങ്ങൾ ക്ഷേത്രത്തിന് നഷ്ടം വന്ന തുക തിരിച്ചടക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad