മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി; ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നു വരെ നീട്ടി. സമ്പൂർണ അടച്ചിടൽ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരും. അടുത്ത ആഴ്ച ഏറെ നിർണായകമാണെന്നും മോദി പറഞ്ഞു. കൊറോണയ്ക്കെതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. ഇതുവരെ നാം നടത്തിയ പോരാട്ടം വിജയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ട്സ്പോട്ടുകളിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നും എന്നാൽ ഈ മാസം 20 ന് ശേഷം സാഹചര്യം വിലയിരുത്തി ആവശ്യസേവനങ്ങൾക്ക് ചില ഇളവുകൾ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചില പ്രദേശങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് അനുവദിക്കുന്ന ഏത് ഇളവുകളും വ്യവസ്ഥകൾക്കനുസൃതമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കും.

വൈറസ് എല്ലാ തലത്തിലും തടയണം. അതുകൊണ്ടാണ് ഹോട്ട്സ്പോട്ടുകൾ വിപുലമായ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ കൈക്കൊള്ളുന്നതും. പുതിയ ഹോട്ട്സ്പോട്ടുകൾ വന്നാൽ, നമ്മുടെ ശ്രമങ്ങൾക്ക് തടസങ്ങൾ നേരിടേണ്ടിവരും.
മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അടച്ചിടൽ തുടരണമെന്ന് പ്രഖ്യാപിച്ചത്.
കൊറോണയെ ചെറുക്കുന്നതിൽ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ, 'ഞങ്ങൾ ജനങ്ങൾ' എന്ന് എഴുതിയിട്ടുണ്ട്, നമ്മുടെ പോരാട്ടവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ സാമൂഹ്യ ഐക്യം അംബേദ്കറിനുള്ള ശ്രദ്ധാഞ്ജലിയാണെന്നും അംബേദ്കർ ദിനത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി
കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ ജനങ്ങൾ അച്ചടക്കമുള്ള സൈനികരായി. ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഒരു പരിധിവരെ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്താനായി. ഈ പോരാട്ടം നാം ഇനിയും തുടരും. ആദ്യ കൊറോണ കേസിന് മുന്നേ തന്നെ നമ്മൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ കണ്ടപ്പോൾ തന്നെ ഇന്ത്യ നടപടിയെടുത്തു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊറോണ പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad