മതങ്ങളിൽ ഇടംപിടിക്കാത്ത ഏക ദൈവം; മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 47ന്റെ ചെറുപ്പം; ഹാപ്പി ബർത്ത് ഡേ സച്ചിൻ…

1973 ഏപ്രിൽ 24ന് ഭൂമിയിലൊരു കുഞ്ഞു പിറന്നു. ക്രിക്കറ്റിന് വേണ്ടി ജനിച്ച ഒരാൾ. പിന്നീട് ക്രിക്കറ്റിനെ ജീവനേക്കാളേറെ സ്നേഹിച്ച ഒരാൾ. കോടിക്കണക്കിനു ജനങ്ങളിലേക്ക് ക്രിക്കറ്റിനെ എത്തിച്ച ഒരാൾ. ആ ഒരാളായിരുന്നു ഇന്ത്യക്കാർക്ക് എല്ലാം. അയാൾ കളിക്കാനിറങ്ങുമ്പോൾ പ്രാർത്ഥിച്ചിട്ടുണ്ട് അവർ. കളി നിർത്തിയപ്പോൾ കണ്ണീരണിഞ്ഞിട്ടുമുണ്ട്. അവർ ആ കൊച്ചു മനുഷ്യനെ ദൈവമെന്ന് വിളിച്ചു. മതങ്ങളിൽ ഇടംപിടിക്കാത്ത ഏക ദൈവം. സച്ചിൻ രമേശ്‌ ടെണ്ടുൽക്കർ. ക്രിക്കറ്റ് ഇതിഹാസത്തിന്, മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 47ന്റെ ചെറുപ്പം.

സച്ചിനെപ്പോലെ ഒരു ഇതിഹാസത്തെ ക്രിക്കറ്റിനു സമ്മാനിച്ച കോച്ച് രമാകാന്ത് അച്ഛരേക്കറും, ആദ്യമായി കുഞ്ഞു സച്ചിന്റെ കയ്യിൽ ബാറ്റ് നൽകിയ അദ്ദേഹത്തിന്റെ സഹോദരി സവിതയും ഈ അവസരത്തിൽ സ്‌മരിക്കപ്പെടേണ്ടവരാണ്. വൈവിധ്യങ്ങൾ ഏറെ നിറഞ്ഞിരുന്ന ഇന്ത്യൻ സമൂഹത്തെ ഒറ്റ ബാറ്റിലേക്ക് ആവാഹിച്ചവൻ. അതായിരുന്നു സച്ചിൻ. കളിക്കളത്തിനകത്തും പുറത്തും സൗമ്യതയുടെ ആൾരൂപം, നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കിയിട്ടും കൈമോശം വരാത്ത എളിമ, ആരാവണം എന്ന ചോദ്യത്തിന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ നൽകിയിരുന്നത് ഒരേ ഒരു ഉത്തരം, ‘സച്ചിനാവണം’.
കോപ്പി ബുക്ക് ശൈലിക്കൊപ്പം ആക്രമണോത്സുകതയും സമന്വയിപ്പിച്ച ബാറ്റിംഗ് ശൈലി, ഫോളോ ത്രൂ ഇല്ലാത്ത സ്ട്രെയ്റ്റ് ഡ്രൈവ്, ചടുലമായ ചലനം കൊണ്ട് അനായാസമെന്ന് തോന്നിപ്പിക്കുന്ന ഫ്ളിക്കുകൾ, പന്തിനെ തഴുകിയകറ്റുന്ന ഗ്ലാൻസുകൾ, ഒറ്റക്കാലിൽ നൃത്തം ചവിട്ടുന്ന പുള്ളുകൾ, ബാക്ക് ഫൂട്ട് ഓഫ് ഡ്രൈവുകൾ, സുന്ദരമായ കവർ ഡ്രൈവുകൾ, വന്യമായ സ്ക്വയർ കട്ടുകൾ, കീപ്പറുടെ മുകളിൽ കൂടി പന്തിനെ തള്ളിവിടുന്ന അപ്പർ കട്ടുകൾ, സ്പിൻ ബൗളറുടെ മനം തകർക്കുന്ന പാഡിൽ സ്വീപ്പ്, പിന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത വെരി വെരി സ്പെഷ്യൽ ടെണ്ടുൽക്കർ ട്രേഡ് മാർക്ക് ഷോട്ടുകൾ. ക്രിക്കറ്റിന്റെ ദൈവം എന്ന് സച്ചിനെ വിളിച്ചതിൽ ദൈവത്തിനു പോലും പരിഭവമുണ്ടാകാൻ സാദ്ധ്യതയില്ല.
പ്രമുഖ ക്രിക്കറ്റ്‌ എഴുത്തുകാരനായ ഓസ്‌ട്രേലിയക്കാരൻ പീറ്റർ റീബക്ക് എഴുതിയ ഒരു ലേഖനമുണ്ട്. ഒരിക്കൽ അദ്ദേഹം ഷിംലയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഏതോ ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തി. എന്നാൽ സാധാരണയിൽ കൂടുതൽ സമയം കഴിഞ്ഞിട്ടും ട്രെയിൻ പോകുന്നില്ല. കാരണം തിരക്കിയപ്പോൾ അദ്ദേഹം കണ്ട കാഴ്ച, ട്രെയിനിലെ മുഴുവൻ യാത്രക്കാരും ലോക്കോ പൈലറ്റും എന്തിന് സ്റ്റേഷൻ മാസ്റ്ററും ഉൾപ്പെടെ ടിവി കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്താണ് സംഭവമെന്ന് അന്വേഷിച്ചപ്പോൾ ആരോ വിളിച്ചു പറഞ്ഞു ‘സർ, സച്ചിൻ ബാറ്റിംഗ് 98’…

അതെ, സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ രാജ്യം പോലും നിശ്ചലമാകുമായിരുന്നു. സമയം പോലും അദ്ദേഹത്തിനുവേണ്ടി കാത്തുനിൽക്കുമായിരുന്നു. സച്ചിൻ കളിക്കുമ്പോൾ കുടുംബത്തിലെ ഒരാളെ പോലെ തോന്നുമായിരുന്നു. കാലമെത്ര കഴിഞ്ഞാലും എത്ര പ്രഗത്ഭൻമാരായ കളിക്കാർ വന്നു പോയാലും ആരാധകരുടെ മനസിൽ സച്ചിന് ലഭിച്ച സ്ഥാനത്തിന് ഒരു ഇളക്കവും സംഭവിക്കില്ല. കാരണം, സച്ചിൻ എന്ന മൂന്ന് അക്ഷരം ഒരു വികാരമായിരുന്നു. അതാണ് അദ്ദേഹത്തെ മഹാനാക്കുന്നതും.

ഡിആർഎസ് സമ്പ്രദായം നിലവിലില്ലാത്ത കാലത്ത്, അമ്പയറുടെ തെറ്റായ തീരുമാനത്തെ പോലും എതിർക്കാതെ പുഞ്ചിരിയോടെ ക്രീസ് വിട്ട സച്ചിൻ കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റ്, സച്ചിന് പകരക്കാരൻ എന്ന് പറയുന്നവരോട് സച്ചിന് പഠിക്കുന്നവൻ എന്ന് പറയാൻ തന്നെയാണ് ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും ഇപ്പോഴും ആഗ്രഹം.
ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരായിരുന്നു എന്ന് വരുംതലമുറയിലെ ആരെങ്കിലും ചോദിച്ചാൽ, സച്ചിനെന്ന മഹാനായ വ്യക്തിയുടെ ഉദയവും വളര്‍ച്ചയും അയാളിലെ ബാറ്റ്‌സ്മാന്റെ പൂര്‍ണതയും അഭിമാനത്തോടെ കണ്ടു നിന്ന ഒരു തലമുറ ഒന്നടങ്കം മറുപടി പറയും സച്ചിന്‍ അവരുടെ വീര പുരുഷനായിരുന്നു എന്ന്. അവര്‍ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ആയിരുന്നു എന്ന്.
ഭാവിയിൽ സച്ചിന് മുൻപും സച്ചിന് ശേഷവും എന്ന് പോലും ക്രിക്കറ്റ് ചരിത്രത്തെ ചിലപ്പോൾ വേർതിരിച്ചെന്ന് വരാം. സച്ചിന് ശേഷമുള്ള ഇന്ത്യൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസിൽ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടാകാം. പലരും യാഥാർത്യത്തെ ഉൾക്കൊള്ളാതെ ഒരു നിമിഷം മൈതാനത്ത് തങ്ങളുടെ പ്രിയതാരത്തെ തിരയുന്നുണ്ടാകാം. കാരണം, പത്രം അവസാന പേജിൽ നിന്ന് വായിക്കാൻ പഠിപ്പിച്ചതും ഓലമടലിൽ MRF എന്ന് എഴുതാൻ പ്രേരിപ്പിച്ചതും സച്ചിനാണ്.
വീര വിരാടന്മാരും ഹിറ്റ്മാൻ ശര്‍മ്മമാരും ഇനിയും ക്രിക്കറ്റ് മൈതാനങ്ങളെ ഉല്ലസിപ്പിക്കും. ക്രിക്കറ്റില്‍ പുതിയ അവതാരങ്ങൾ വന്നു കൊണ്ടേയിരിക്കും. അപ്പോഴും ഈ തലമുറയില്‍ പെട്ടവരില്‍ ഒരാളെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അയാള്‍ അഭിമാനത്തോടെ പറയും ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളി കണ്ടിട്ടുണ്ടെന്ന്…
ക്രിക്കറ്റ് ഇതിഹാസത്തിന്, ഇതിഹാസങ്ങളുടെ രാജാവിന് ഒരായിരം ജന്മദിനാശംസകൾ…
Tags

Post a Comment

0 Comments

Top Post Ad

Below Post Ad