സിനിമ സംഘടനകളുടെ കടിഞ്ഞാൺ ചില തൊഴിലാളി സ്‌നേഹം പറയുന്ന സഖാവ് ബൂർഷ്വാസികൾ നിയന്ത്രിക്കുന്നു... വിഡ്ഢികൾ ജയ്‌വിളിച്ച് വിളിച്ചു മരിക്കും..!അലി അക്ബർ എഴുതുന്നു.

സീൻ 9
ഞാൻ മുൻപ് സൂചിപ്പിച്ചുവല്ലോ മാൻഡ്രേക്കിന് തൊട്ട് മുൻപാണ് അമ്പിളിച്ചേട്ടൻ പീഡന കേസിൽ പെടുന്നതെന്ന്... ആ സമയത്ത് അമ്പിളിച്ചേട്ടൻ ജഗതിയിലെ തറവാട്ട് വീട്ടിലായിരുന്നു താമസം... ഞാൻ കാണാൻ പോയി. വല്ലാത്ത അവസ്ഥയിലായിരുന്നു  അദ്ദേഹം അന്ന് ... 
ആരും ബന്ധപ്പെടുന്നില്ല, അഭിനയിച്ചു തീർത്ത പടത്തിന്റെ പണം ആരും കൊടുക്കുന്നില്ല.... ജഗതിശ്രീകുമാർ ഇനി ഇല്ല എന്ന രീതിയിലായിരുന്നു സിനിമാ ലോകം.. 
എന്നോട് അദ്ദേഹം പറഞ്ഞു "എന്നേ ഒരു പോലീസ് ഓഫിസർ പെടുത്തിയതാണ് ഇരയായ പെൺകുട്ടിയുടെ മൊഴി പോലും എനിക്കെതിരല്ല"... അതു സത്യമായിരുന്നു.. ഞാൻ പിന്നീട് ആ കേസിന്റെ രേഖ  വായിച്ചതാണ്.. ശേഷം വിഷമത്തോടെ പറഞ്ഞു  അലീ എനിക്ക് കുറച്ച് പണം സംഘടിപ്പിച്ചു തരണം... പലിശക്കായാലും വേണ്ടില്ല... കേസിന്റെ ആവശ്യത്തിനാണ്.... തരാനുള്ളവരൊന്നും തരുന്നില്ല... 
ജഗതിശ്രീകുമാർ എന്ന നടനോട് ശത്രുത ഉള്ളവർ ഒരുപാടുണ്ടായിരുന്നു ഫീൽഡിൽ, അത്‌ അസൂയയിൽ നിന്നുടലെടുത്ത ശത്രുതയായിരുന്നു കൂടുതലും.. അതോടൊപ്പം ജാതീയതയും... ട്രാക്ക് സെറ്റ് ചെയ്യുമ്പോൾ ആപ്പ് വച്ചാണ് സെറ്റ് ചെയ്യുക അൽപ്പം താമസിച്ചാൽ അടക്കത്തിൽ പറയും ജഗതിയെ വിളിച്ചാൽ പെട്ടെന്ന് സെറ്റ് ചെയ്യും... ആശാരിയാ എന്ന് പരോക്ഷമായി പറയുക തന്നെ ഉദ്ദേശം... 
അത്തരത്തിൽ ജാതി പറഞ്ഞു നടക്കുന്നവർ ഏറെയുണ്ടായിരുന്നു അന്നൊക്കെ... 
നായർ ബെൽറ്റ്‌, ക്രിസ്ത്യൻ ബെൽറ്റ്‌ എന്നിങ്ങനെ മലയാള സിനിമയിൽ പല ബെൽറ്റുകളുമുണ്ടായിരുന്നു... 
എന്നും ഉച്ച നീചത്വങ്ങളുടെ കേന്ദ്രം തന്നെയാണ് സിനിമ.. ഭക്ഷണത്തിനു പോലും വേർതിരിവുണ്ട്.. ഒരിക്കൽ എനിക്കൊരനുഭവമുണ്ടായി രാത്രിയിൽ എനിക്ക് റൂമിൽ വച്ച ഭക്ഷണം കഴിച്ച ഞാൻ അടുത്ത ദിവസം സഹായികളോട് പറഞ്ഞു ഇന്നലത്തെ ചിക്കൻ കറി നന്നായിരുന്നു ല്ലേ?
ഇന്നലെ ചിക്കൻ കറിയോ? 
ഇന്നലെ ഒരലമ്പ് ബീഫായിരുന്നു... 
ഞാൻ മെസ്സുകാരെ വിളിച്ചു പറഞ്ഞു എന്റെ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം... അതേ പാടുള്ളു പിന്നെ ചിലർ വെജിറ്റേറിയൻ, പഞ്ചസാര പറ്റാത്തവർ അങ്ങിനെ ഉണ്ടാവാം അത്‌ അനുവദിക്കാം പക്ഷെ ഗ്രേഡ് തിരിക്കരുത്.. ആ വ്യവസ്ഥ അവസാന സിനിമ വരെ തുടർന്നു. 
മുഖമുദ്രയുടെ സെറ്റിൽ മിക്കവാറും ഞാൻ ഭക്ഷണം കഴിച്ചിരുന്നത് യൂണിറ്റ്കാരുടെ കൂടെയായിരുന്നു. അന്നവർ പറഞ്ഞതോർക്കുന്നു ഒരു സംവിധായകനൊപ്പം ഭക്ഷണം കഴിക്കുന്നതാദ്യമായിട്ടാണെന്ന്... ജൂബിലി യുണിറ്റ്... അവരായിരുന്നു എന്റെ മിക്ക  പടങ്ങളും  ചെയ്തത്... 
അമ്പിളിചേട്ടനിലേക്ക് തിരികെ പോകാം 
പണം എന്റടുത്തില്ല പക്ഷെ സംഘടിപ്പിക്കാം. ഞാൻ ad. ഹരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ഹരി പണം ഒപ്പിച്ചു കൊടുത്തു... 
പിന്നീട് പ്രസ്തുത കേസിൽ ചേട്ടന് വാറണ്ട് ആയി. എന്നേ വിളിച്ചു ചോദിച്ചു ഒന്ന് ജാമ്യം നിൽക്കാമോ?  ആരും നിൽക്കുന്നില്ല.. 
എന്റെ ഭാര്യയുടെ സമ്മതം ഒന്ന് വാങ്ങട്ടെയെന്നും പറഞ്ഞു വീട്ടിൽ പോയി ലൂസിയോട് ചോദിച്ചു. OK..
അമ്പിളിച്ചേട്ടനെ വിളിച്ചു പറഞ്ഞു.. പെട്ടെന്ന് നികുതി ചീട്ട് സംഘടിപ്പിക്കണം. 
നേരെ വയനാട്ടിൽ പോയി അതുമായി തിരിച്ചു വന്നു.. കോടതിയിൽ ഹാജരാകും മുൻപ് അറസ്റ്റ് ചെയ്യണം എന്ന് ഓഫിസർക്ക് വാശി... പത്രത്തിൽ ജഗതിയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന പടം വരുമല്ലോ... കൊച്ചിൻ ടവറിൽ എന്റെ പേരിൽ മുറിയിട്ടു, സ്ഥിരം വണ്ടിയല്ലാത്ത ഒരു വാഹനത്തിൽ നേരായ വഴിയിലൂടെയല്ലാതെ എറണാകുളത്തെ വക്കീലിന്റെ ഓഫീസിലെത്തി.  രാത്രി വരെ അവിടെ കഴിഞ്ഞു  അന്നാണ് പെൺകുട്ടിയുടെ മൊഴിയെല്ലാം വായിച്ചത്... ജഗതിയെ ശരിക്കും അതിൽ പെടുത്തുകയായിരുന്നു എന്ന് ബോധ്യം വന്നു. 
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല... 
അദ്ദേഹം ഒരിക്കൽ പോലും മദ്യപിച്ചു എന്റെ സെറ്റിൽ വന്നിട്ടില്ല, 
എല്ലാജോലിയും കഴിഞ്ഞു റൂമിലെത്തി കുളിച്ചു രണ്ടു പെഗ്ഗ് അതായിരുന്നു പതിവ്.. കഴിച്ചിട്ട് അലമ്പ്... സ്ത്രീ വിഷയം സമ്പന്ധിച്ച ബഹളം ഒന്നും തന്നെ  ഒരിക്കലും എന്റെ സെറ്റിലുണ്ടായിട്ടില്ല.  
ഇപ്പോൾ പുറത്തു വന്നതുപോലെയുള്ള ഒരു നരാധമനല്ല അമ്പിളിചേട്ടൻ എന്നെനിക്കുറപ്പുണ്ട് എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളു...എന്റെ അറിവിൽ  അദ്ദേഹത്തെക്കുറിച്ച് ഒരു സ്ത്രീയും "ചതിച്ചു" എന്ന് പരാതിപ്പെട്ടു വന്നിട്ടില്ല.... 
അന്നുരാത്രി കൊച്ചിൻ ടവറിൽ ഉറങ്ങി. 
അടുത്ത ദിവസം രാവിലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.. 
കുറേ ആൾക്കാർ ജാമ്യം എടുത്തതിനെ പരിഹസിച്ചു. 
ജൂനിയർ മാൻഡ്രേക്ക് തുടങ്ങുമ്പോൾ എല്ലാവർക്കും പേടിയായിരുന്നു കേസ് കൊടുമ്പിരികൊണ്ടിരിക്കുന്ന സമയവും. ആദ്യസീൻ തന്നെ out door. ആളുകൾ കൂടിയിട്ടുണ്ട്.. ഷൂട്ടിങ് തുടങ്ങി  കുറച്ചു കഴിഞ്ഞു തിരക്കിൽ നിന്നും ഒരു വല്യമ്മ ജഗതിയുടെ അടുത്തെത്തി പറഞ്ഞു എന്റെ പൊന്നുമോനെ നീയില്ലാതെ എന്ത് സിനിമയാ..മോനെ ഞാനൊന്ന് തൊട്ടോട്ടെ... .
അതാണ്‌ ജഗതി ശ്രീകുമാർ... 
ഇപ്പോ അമ്പിളിച്ചേട്ടൻ അരങ്ങിലില്ലെങ്കിലും TV തുറന്നാൽ  അദ്ദേഹമില്ലാതെ ഒരു ദിവസം  കടന്നുപോകുന്നുണ്ടോ...? 
ഇല്ല കുറേ കാലത്തേക്ക് ഉണ്ടാവുകയുമില്ല.. 
ആ മനുഷ്യനെയും B ഉണ്ണികൃഷ്ണൻ എന്നിൽ നിന്നും അകത്തി... അതവസാനം ഉണ്ണിയുടെ  ഫെഫ്കയും തിലകനും പിന്നെ ഞാനും എന്ന അദ്ധ്യായത്തിൽ പറയാം. 
ജഗതി എന്ന അഭിനയവിസ്മയം വെറും കോമഡിയിൽ ഒതുങ്ങുന്നതല്ല... ആ അപാരത മുഴുവൻ പുറത്തുവരാൻ കാലം അനുവദിക്കാതെ അദ്ദേഹത്തെ ചക്രക്കസേരയിലിരുത്തി. ഇപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല. 
ജഗതി മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത് ചില്ലറ ഹിറ്റുകളല്ല... അങ്ങിനെ പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുവർക്കുമിടയിൽ പാര പണിത് കുറേ കാലം ആ കോമ്പിനേഷൻ ഇല്ലാതെ ലാൽ സിനിമകൾ തലകുത്തി വീണതും ഒടുവിൽ വീണ്ടും ആ കോമ്പിനേഷൻ ഹിറ്റ് സൃഷ്ടിച്ചതും നമുക്കറിയാം... 
അവിടെക്കൊന്നും ഞാൻ കടക്കുന്നില്ല.. 
ജൂനിയർ മാൻഡ്രേക് ഹിറ്റായതോടെ ജഗതി വീണ്ടും തിരക്കിലായി... 
മാൻഡ്രേക്കിന് ശേഷം ഗ്രാമ പഞ്ചായത്ത്, കുടുംബ വാർത്തകൾ, എന്നീ ചിത്രങ്ങളും ആ വർഷം ചെയ്തു...ജീവിതം തളിർത്തു തുടങ്ങി എന്ന് പറയാം... 
ഗ്രാമപഞ്ചായത്തിലാണ് NF വർഗീസുമായി ബന്ധപ്പെടുന്നത്. നല്ല ഉടക്കിലൂടെയാണ് ഞങ്ങൾ നന്നായി അടുത്തത്.. പിന്നീട് അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുൻപ് വരെ എന്നെ വിളിച്ചിരുന്നു... അദ്ദേഹം മാത്രമേ അങ്ങിനെ വിളിച്ചിട്ടുമുള്ളു... ഡാ.. നിനക്കൊന്നും പറ്റിയ ഫീൽഡല്ല സിനിമ... എപ്പോഴും പറയുമായിരുന്നു. 
ഗ്രാമ പഞ്ചായത്തിനു ഡേറ്റ് വാങ്ങിക്കുമ്പോൾ തന്നെ ലേലം സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ട്‌ ബാക്കിയുണ്ടെന്നും അതിന് എപ്പോ വിളിച്ചാലും പോകേണ്ടി വരുമെന്നും പറഞ്ഞിരുന്നു.. രണ്ടു ദിവസമല്ലേ അതു ശരിയാക്കാം എന്ന് ഞാൻ ഉറപ്പ് കൊടുത്തു. ഗ്രാമപഞ്ചായത്ത് ആറു കഥാപാത്രങ്ങളുടെ കോമ്പിനേഷൻ ആണ് കൂടുതൽ... രണ്ടു കുടുംബങ്ങളുടെ കഥ NF, രാജൻ P ദേവ് കോമ്പിനേഷൻ ആണ് കൂടുതലും... tight schedule.... 
ഷൂട്ടിംഗ് പുരോഗമിക്കവേ ലേലത്തിന്റെ സെറ്റിൽ നിന്നും NF നു വിളി വന്നു ഞാൻ വിട്ടു ആ ദിവസം മറ്റു വർക്കിലേക്ക് മാറി, വൈകിട്ട് NF തിരിച്ചെത്തി പറഞ്ഞു ഒരൊറ്റ ഷോട്ട് പോലും എടുത്തില്ല വെറുതെ എന്നേ കൊണ്ടുപോയി അവിടെ ഇരുത്തി.... ഞാൻ പറഞ്ഞു എടുത്തോ എടുത്തില്ലയോ എന്നത് എന്റെ പ്രശ്നം അല്ല ചേട്ടനെ ഞാൻ 2 ദിവസം വിടും പിന്നെ എന്റടുത്തു ഡേറ്റ് ചോദിച്ചാൽ എന്റെ ഷൂട്ടിംഗ് കഴിഞ്ഞു മാത്രമേ വിടാൻ പറ്റൂ... 
ശേഷം രണ്ടു ദിവസവും NF നെ കൊണ്ട് പോയി വെറുതെ ഇരുത്തി വിട്ടു... ഞാൻ ചോദിച്ചു,  ഡിറക്ടറോട്  ഇനി ഡേറ്റില്ല എന്ന് ആരും പറഞ്ഞില്ലേ... 
അങ്ങേരുടെ മുൻപിൽ ആര് പറയും. 
ആര് പറഞ്ഞില്ലെങ്കിലും വേണ്ട ഇനി NF എന്റെ സിനിമ കഴിഞ്ഞിട്ടേ പുറത്തു പോകൂ... 
അലീ അവർ ആരാണെന്നറിയാമോ.. 
ഞാൻ പറഞ്ഞു ചേട്ടാ.. മുടി വെട്ടുന്നവരെയൊക്കെ ബാർബർ എന്നാ വിളിക്കുക. സിനിമ സംവിധാനം ചെയ്യുന്നവരെയൊക്ക ഡയറക്ടർ എന്നാണ് പറയുക,  അതിൽ കൊമ്പുള്ള ഡയറക്ടർ,  കൊമ്പില്ലാത്ത ഡയറക്ടർ എന്നോ ഇല്ല അതുകൊണ്ട് ഇനി എന്റെ പെർമിഷൻ ഇല്ലാതെ താങ്കൾക്ക് ഈ സെറ്റിൽ നിന്ന് പോകാൻ ആവില്ല വിടുകയുമില്ല... 
ഞാൻ അപ്പോൾ തന്നെ ലോഡ്ജിൽ ഏർപ്പാട് ചെയ്തു മറ്റു സെറ്റിൽ നിന്നും ആരെങ്കിലും വന്നാൽ എന്നേ വിവരം അറിയിക്കണം... 
രാത്രി റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞു ലേലം ടീം വന്നു റൂം എടുത്തിട്ടുണ്ട്... ഞാൻ പ്രൊഡ്യൂസർ ഷമീറിനെ വിളിച്ചു പറഞ്ഞു പൊക്കികൊണ്ടുപോവാൻ ആളെത്തിയിട്ടുണ്ട്.. അതിരാവിലെ NF ഒച്ചയുണ്ടാക്കാതെ റിസപ്ഷനിൽ എത്തിയപ്പോൾ... ഞാൻ അവിടെയുണ്ട്... എന്നേ കണ്ടതും NF വല്ലാതായി... ചേട്ടാ നമ്മുടെ വർക്ക് തുടങ്ങാൻ ഇനിയും മണിക്കൂറുണ്ട് ചേട്ടൻ റൂമിലേക്ക് പോ... കൊണ്ട് പോകാൻ വന്നവർ പറഞ്ഞു.. ഞങ്ങൾ കൊണ്ട് പോകും... ഞാൻ പറഞ്ഞു നിർമ്മാതാവ് ഷമീറിന് നൂറോളം മണല് വാരുന്ന
പണിക്കാരുണ്ട്  വിളിച്ചാൽ അഞ്ചു മിനിറ്റിനകം ഇവിടെ എത്തും. കൊണ്ടുപോകാൻ പോയിട്ട് തിരിച്ചുപോകാൻ കാലുകാണില്ല... 
NF റൂമിലേക്ക് മടങ്ങി.... ഞങ്ങൾ പതിവ് പോലെ ഷൂട്ടിങ് തുടങ്ങി... കുറേ കഴിഞ്ഞു ലേലത്തിന്റെ നിർമ്മാതാവ് എന്നേ വിളിച്ചു കരയാൻ തുടങ്ങി ഞാൻ ചോദിച്ചു രണ്ടു  ദിവസം ഞാൻ വിട്ടില്ലേ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ഷോട്ട് പോലും എടുത്തില്ല... കരച്ചിൽ തുടർന്നപ്പോൾ ഞാൻ പറഞ്ഞു ഉച്ചയ്ക്ക് ഒരു മണിക്ക് NF അവിടെ എത്തും വൈകിട്ട് 7 മണിക്ക് NF തിരികെ എത്തണം.  എത്തിയില്ലെങ്കിൽ എന്റെ  സെറ്റിലുള്ള മുഴുവൻ പേരും  അങ്ങോട്ട് വരും... പറ്റുമോ... 
ഓകെ...സമ്മതിച്ചു 
ഒരുമണിക്കവിടെ Nf എത്തിയത്  മുതൽ NF ന്റെ പോർഷൻ ഷൂട്ട്‌ ചെയ്തു കൃത്യസമയത്ത് തിരിച്ചെത്തിച്ചു .. എന്നേ കെട്ടിപ്പിടിച്ചു NF ഒരുമ്മ തന്നു പറഞ്ഞു നീയാടാ ആണ്... 
ആ ബന്ധം മരണം വരെ തുടർന്നു.. 
ഗ്രാമ പഞ്ചായത്ത് ആസ്വദിച്ചു ഷൂട്ട്‌ ചെയ്ത സിനിമയാണ് ഇന്ദ്രൻസ്, കല്പന അമ്പിളിചേട്ടൻ ജഗതീഷ്, സലിം കുമാർ, NF, രാജൻ p ദേവ് തുടങ്ങി സകല കോമഡികളും ഉണ്ട്... 
ആ സിനിമയുടെ സെറ്റിൽ ഒരു പ്രശ്നം ഉണ്ടായി.. പെരുമ്പാവൂരിൽ നിന്നും കുറച്ചു ഉള്ളിലായാണ് ബാർബർ ഷോപ്പ് സെറ്റിട്ടത്.. നാട്ടുകാർ നല്ല സഹകരണവുമായിരുന്നു.. കുറച്ച് ദിവസം കഴിഞ്ഞു കാണും സീനത്തിന്റെ പുറകെ ഒരുത്തൻ കൂടി അവനോട്‌ കുറേ മര്യാദയ്ക്ക് ഞാൻ പറഞ്ഞു നോക്കി. 
അവനു അവരുടെ റേറ്റ് അറിയണം... സഹികെട്ടു ഞാൻ ഒന്ന് കൊടുത്തു, 
ഞാൻ കൊടുക്കുന്നത് കണ്ടതും ജൂബിലി പിള്ളേർ ബാക്കി കൈകാര്യം ചെയ്തു... പ്രശ്നമായി നാട്ടുകാർ കൂടി... 
അവർക്ക് എന്താണ് പ്രശ്നം എന്നറിയില്ല.. ഞാൻ മാപ്പ് പറയണം... ഒടുവിൽ കവലയിലെ ആൽത്തറയിൽ കയറി നിന്ന് മുഴുവൻ ജനങ്ങളോടായി ഞാൻ പറഞ്ഞു... ഈ സിനിമയിൽ ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകളും എന്നേ സംബന്ധിച്ചു എന്റെ സഹോദരിമാരാണ്.. ഞങ്ങളുടെ നാട്ടിൽ നിന്റെ പെങ്ങളുടെ റേറ്റ് എത്രയാണെന്ന് ചോദിച്ചാൽ അടിയാണ് കൊടുക്കുക, ഇവിടെ അങ്ങിനെ ചോദിച്ചാൽ ഉമ്മയാണ് കൊടുക്കുക എന്നെനിക്കറിയില്ലായിരുന്നു. 
 അതിനാൽ മാപ്പ് ചോദിക്കുന്നു.. 
അപ്പോഴാണ് നാട്ടുകാർക്ക് സംഗതി പിടികിട്ടിയത്... ഞങ്ങൾ പാക്ക് ചെയ്‌തു റൂമിലെത്തി.. അധികം വൈകാതെ നാട്ടുകാരുടെ പ്രതിനിധികൾ വന്ന് എന്നോട് ക്ഷമ ചോദിച്ചു... നാളെ അവിടത്തന്നെ ഷൂട്ട് ചെയ്യണം എന്നും ആവശ്യപ്പെട്ടു... 
അങ്ങിനെ തുടർന്ന് നാട്ടുകാരുടെ പൂർണ്ണ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കി... 
ആ വില്ലൻ പിന്നീട് സീനത്ത് ബേബി എന്നാണ് അറിയപ്പെട്ടത് എന്ന് കേട്ടു. 
ഗ്രാമ പഞ്ചായത്തിൽ ഞാൻ ഏറെ ആസ്വദിച്ചത് ഇന്ദ്രൻസിന്റെ പട്ടാളക്കാരനും അമ്പിളി ചേട്ടനും കൂടി ലേഡി ബാർബറെ (കല്പന )വശത്താക്കാനുള്ള ശ്രമമാണ് ഇപ്പോഴും ആ പാട്ട് മനസ്സിലുണ്ട് 
കണ്ണു തുറന്നാൽ കാണാം... ഒരു മന്മദനല്ലേ ഞാൻ... 
ഇന്ദ്രൻസിനെ ആദ്യമായി പരിചയപ്പെടുന്നത് മുഖചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് വെളുക്കെ വെളുക്കെ ഷൂട്ടിങ്.. കിട്ടുന്ന സമയത്ത് costume ബോക്സിനു മുകളിൽ ഇന്ദ്രൻസ്  ചുരുണ്ടുറങ്ങും... ഞാൻ ഇന്ദ്രന്റെ കഴുത്ത് ശ്രദ്ധിച്ചിരുന്നു അതിന്റ നീളം... 
ഒരു കോമഡിയന്റെ ലുക്ക്‌ അന്നേ എനിക്ക് തോന്നിയിരുന്നു.. പെട്ടിയിൽ കിടക്കുന്ന ഇന്ദ്രൻസിനോട് ഞാൻ പറഞ്ഞു ഒരു ദിവസം വരും ഇന്ദ്രൻസ് AC  suit room ൽ കിടക്കുമ്പോൾ അവിടേക്ക് ഞാൻ കാണാൻ വരുന്ന ദിവസം ... ചുമ്മായിരി സാറെ... അതായിരുന്നു മറുപടി... പിന്നീട് എന്റെ സീരിയലിലും സിനിമയിലും ധാരാളം വേഷം ചെയ്തു.. ഒടുവിൽ ത്രീ മെൻ ആർമി കഴിഞ്ഞ ശേഷമാണെന്ന് തോന്നുന്നു ഞാൻ ഗുരുവായൂർ വഴി പോയപ്പോൾ ആരോ പറഞ്ഞു ഇന്ദ്രൻസ് എലൈറ്റിൽ ഉണ്ടെന്ന് ഞാൻ കാണാൻ പോയി.. ഞാൻ ചെല്ലുമ്പോൾ വലിയ ac suit ൽ വലിയ ബെഡിന്റെ കോണിൽ ആ ചെറിയ മനുഷ്യനെ കണ്ടു.  വർഷങ്ങൾക്ക് മുൻപ് ഞാൻ പ്രവചിച്ച പ്രവചനം സത്യമാവുകയായിരുന്നു. 
ഇന്ന് നാഷണൽ, ഇന്റർ നാഷണൽ അവാർഡ് ജേതാവായി തിളങ്ങുമ്പോൾ അഭിമാനമുണ്ട്...
ഫെഫ്കയും അമ്മയും കൂടി എന്റെ ഒരുപാട് സൗഹൃദങ്ങളെ അകറ്റി നിറുത്തി..... അതിലൊന്നാണ് ഇന്ദ്രൻ. 
പിന്നെ പട്ടണം റഷീദ്. 
പട്ടണം ഷാ... എത്രയെത്ര പേർ... 
ഈ കൊറോണാ കാലം എന്നേ സംബന്ധിച്ച് നല്ല കാലമാണ് ചുണ്ടിൽ സിഗററ്റില്ലാതെ ഓർമ്മകൾ കുത്തിക്കുറിക്കുന്ന കാലം... 
കടന്നു വന്ന വഴികളിലൂടെ വീണ്ടും ഒരോട്ടം... ഈ ഓട്ടം തുടങ്ങിയ ഇടത്തേക്ക് നമ്മൾ പോയിട്ടില്ല... പോണം അതു പറയാതെ പോയാൽ... ശരിയാവില്ല... 
ഒരു കാര്യം പറയാതെ പോവാൻ വയ്യ... എന്നേ അത്ര കണ്ടു വേദനിപ്പിച്ച ഒരനുഭവമായിരുന്നു അത്‌... കുടുംബ വാർത്തകൾക്ക് ശേഷം അതിന്റ നിർമ്മാതാവ് മിലൻ ജലീലിന്റെ  സുഹൃത്ത് എന്നോട് ഒരു സിനിമ ചെയ്യണം എന്നും പറഞ്ഞു തൃശ്ശൂരിലേക്ക് വിളിപ്പിച്ചു.  തൃശ്ശൂരിലുണ്ടായിരുന്ന  ജയരാജ്‌ ബാറിന്റെ മുതലാളി ജയരാജ്‌.. vc അശോകനെയാണ് തിരക്കഥയ്ക്ക് വച്ചിരിക്കുന്നത്... ഞാനെന്ത് കഥ പറഞ്ഞാലും vc അങ്ങെടുക്കില്ല...  വിതരണക്കാർക്ക്  ഇഷ്ടപ്പെട്ട കഥപോലും vc മുഖവിലക്കെടുക്കുന്നില്ല... ഇടയ്ക്കിടെ ആരോടോ കുനുകുനാ സംസാരിക്കുന്നത് കേൾക്കാം... 25 ദിവസത്തോളം റൂമിലിരുത്തി തലങ്ങും വിലങ്ങും കഥ മെനഞ്ഞിട്ടും ശരിയാവാത്തതിന്റെ കാരണം VC അശോകൻ എന്ന തെണ്ടിയുടെ ദിലീപിന് വേണ്ടിയുള്ള  മാമാ പണിയായിരുന്നു എന്ന് എനിക്ക് തിരിച്ചറിഞ്ഞില്ല... ഒരു ദിവസം ജയരാജൻ വന്ന് പറഞ്ഞു അലിസാറെ കുറേദിവസമായല്ലോ ഇരിക്കുന്നു.. ഒന്ന് വീട്ടിലൊക്കെ പോയി വന്നിട്ട്.. ഇനി ഇരിക്കാം.. ഞാൻ വീട്ടിൽ പോയി.. രണ്ടു ദിവസം കഴിഞ്ഞു പത്രം നോക്കിയപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടി ജയരാജ്‌ നിർമ്മിക്കുന്ന സിനിമ വിനയൻ സംവിധാനം ചെയ്യുന്നു.. VC അശോകൻ സ്ക്രിപ്റ്റ്, ദിലീപ് അഭിനയം..... 
എന്നേ ഇരുത്തി VC അശോകൻ ഫോണിലൂടെ ഡിസ്‌കസ് ചെയ്തത് ഇതായിരുന്നു.... സിനിമ കഴിഞ്ഞു... റിലീസ് ആയി... 
ജയരാജ്‌ ബാർ വിറ്റു.... 
ഒരിക്കൽ ആ മുതലാളിയെ തിരുവനന്തപുരത്ത് വച്ചു കണ്ടു... അപ്പോൾ അയാൾ മുതലാളി അല്ലായിരുന്നു.... 
VC അശോകന് സ്ത്രോത്രം പറയണ്ടേ.. 
കൂടെക്കിടന്നു പണിയുക എന്ന് കേട്ടിട്ടല്ലേ ഉള്ളൂ.. 
ജയരാജൻ ചിലപ്പോൾ ഇത് വായിക്കുമായിരിക്കും... 
എനിക്ക് അഡ്വാൻസ് തരാൻ വന്ന എത്രയോ നിർമ്മാതാക്കളെ  നിങ്ങൾ സിനിമ ചെയ്‌താൽ ശരിയാവില്ലെന്നും പറഞ്ഞു  ഞാൻ തിരിച്ചയച്ചിട്ടുണ്ട്.. . അത്തരത്തിൽ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാൻ വന്ന തൃശ്ശൂർക്കാരൻ ഉണ്ണിയേട്ടൻ ഇന്നും എന്റെ നല്ല സുഹൃത്താണ്.. അദ്ദേഹത്തെ സിനിമാ ഭ്രാന്തിൽ നിന്നും രക്ഷപ്പെടുത്തി എന്ന് പറയുന്നതാണ് ഭംഗി... 
അൽപ്പം പണം മതി എന്ന് പറഞ്ഞു ചാടിക്കും... കുറച്ചൂടെ മുടക്കാൻ പറയും... മുടക്കിയത് തിരിച്ചു പിടിക്കാൻ വീണ്ടും മുടക്കാൻ പറയും... ഒടുവിൽ എല്ലാം പിടിവിട്ടുപോയവരെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്... 
കോടാമ്പാക്കത്ത് കിടന്നു അലമുറ ഇടുന്നവർ.. 
കോഴിക്കോട് ഒരു എഴുത്ത് പള്ളി ഫിലിംസ് ഉണ്ടായിരുന്നു അവർ എന്നേ സമീപിച്ചപ്പോൾ ഞാൻ പറഞ്ഞു മിനിമം 5 ലക്ഷം രൂപയെങ്കിലും കയ്യിൽ വേണം.. അടുത്ത ആഴ്ച്ച വരാം എന്നും പറഞ്ഞു പോയി.. അടുത്ത ആഴ്ച കൃത്യമായും വന്നു പക്ഷെ അവർ പറഞ്ഞു 3 ലക്ഷം മതിയെന്ന് മറ്റൊരു ഡയറക്ടർ പറഞ്ഞു എന്ന്.. ശരി അദ്ദേഹത്തെ കൊണ്ട് ചെയ്യിച്ചോളൂ എന്ന് ഞാൻ പറഞ്ഞു... പിന്നീട് അതേ ആളുകൾ വീണ്ടും എന്നേ സമീപിച്ചു പറഞ്ഞു പടം തുടങ്ങും മുൻപ് തന്നെ എട്ടുലക്ഷം തീർന്നു.. ഒന്ന് രക്ഷിക്കാമോ..എന്ന്.. ഞാൻ കൈമലർത്തി.   
ചിലപ്പോൾ നാമിങ്ങനെ സത്യസന്ധതയോടെ സിനിമ ചെയ്യുമ്പോൾ കൂടെ നിൽക്കുന്ന തൊരപ്പൻമാർ പ്രൊഡ്യൂസർമാരെ സുഖിപ്പിച്ചു കുഴിയിൽ ചാടിക്കും..പിന്നെ നാം പറയുന്നത് അവർ കേൾക്കില്ല...  അത്തരം അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്.... 
20 മുതൽ 30 ലക്ഷം വരെ മുതൽ മുടക്ക്, 
20 ദിവസത്തെ ഷൂട്ടിങ് ഇതായിരുന്നു എന്റെ രീതി... 
സാറ്റലൈറ്റ്, വിതരണക്കാരുടെ ഷെയർ, ഇത് കഴിഞ്ഞു ഒരു ചെറിയ തുകയായിരുന്നു അക്കാലത്തെ  നിർമ്മാതാവിന്റെ മുതൽ മുടക്ക്.
ഇന്ന് പോസ്റ്ററും പോസ്റ്ററൊട്ടിക്കുന്ന പശയുടെ ചിലവുമടക്കം നിർമ്മാതാവ് മുടക്കണം. ആ രീതിയിലേക്ക് മലയാള സിനിമ എത്തിയത് ചിലർ മാത്രം നിയന്ത്രിച്ച സംഘടനകളുടെ മാഫിയാ കരുത്താണ്. ഓരോ ഘട്ടങ്ങളിലായി മലയാള സിനിമയിലെ നേരും നെറിയുമുള്ള നിർമ്മാണ വിതരണ കമ്പനികൾ പടിയിറങ്ങി താഴിട്ട് പൂട്ടി.. നവോദയ, ജൂബിലി, സെൻട്രൽ,സർഗ്ഗചിത്ര, അങ്ങിനെ എത്രയെത്ര കമ്പനികൾ.. ഇപ്പോൾ സൂപ്പർ സ്റ്റാറുകളുടെ ഡ്രൈവർമാർ കമ്പനികളായി മാറുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒന്ന് തന്നെ..ഇടത്തട്ടിൽ അദ്ധ്വാനിച്ചിരുന്നവർ മുഴുവൻ പട്ടിണിയിലായി.. സിനിമയിലൂടെ ജീവിച്ചിരുന്ന ആയിരക്കണക്കിന് ടെക്‌നിഷ്യൻമാർ പണിയില്ലാതെ വീട്ടിലിരിക്കുന്നു.. സംഘടനകളുടെ കടിഞ്ഞാൺ ചില തൊഴിലാളി സ്‌നേഹം പറയുന്ന സഖാവ് ബൂർഷ്വാസികൾ നിയന്ത്രിക്കുന്നു... 
വിഡ്ഢികൾ ജയ്‌വിളിച്ച് വിളിച്ചു മരിക്കും.. സംഘടനകളിലെ പണവും ധൂർത്തടിക്കുന്നതായി ഇടയ്ക്ക് കേട്ടു... 
ആര് ചോദിക്കാൻ.. സ്രാവുകൾക്കൊപ്പം ഒട്ടുസ്രാവുകളും ചേർന്ന് നീന്തുന്നു... നിയന്ത്രിക്കുന്നു.. ഇതിനെ ചോദ്യം ചെയ്യുന്നവൻ സിനിമ പിടിച്ചാൽ വിലക്ക്... ഊര് വിലക്ക്... 
ആർക്ക് പോയി... ഒരു സംവിധായകനോടൊപ്പം പ്രവർത്തിക്കുന്ന അനേകം ടെക്‌നിഷ്യൻമാരുണ്ടാവും സഹായികളുണ്ടാവും  അവർ പട്ടിണിയിലാകും അത്രതന്നെ...  
20 ദിവസത്തിൽ കൂടുതൽ ഷൂട്ട്‌ ചെയ്തതും കൂടുതൽ പണച്ചിലവ് വന്നതും ഒരു ചിത്രത്തിനായിരുന്നു ബാംബു ബോയ്സ്...

Post a Comment

0 Comments

Top Post Ad

Below Post Ad