സീൻ 1 തിലകൻ എന്ന കടുവ...! അലി അക്ബർ എഴുതുന്നു...

സീൻ 1

തിലകൻ എന്ന കടുവ. 

എന്റെ ആദ്യ കൊമേഴ്ഷ്യൽ സിനിമയായിരുന്നു മുഖമുദ്ര.. 


കൊമേഴ്‌സ്യൽ സിനിമ എന്നെടുത്തു പറയാൻ കാരണം ആദ്യസിനിമ 1988 ൽ ഞാൻ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്തിന് സംസ്ഥാന അവാർഡ് ലഭിച്ചത് കാരണം രണ്ടുവർഷത്തോളം പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്... അന്നൊക്കെ അവാർഡ് കിട്ടിക്കഴിഞ്ഞാൽ അവാർഡ് സംവിധായകനാണ്. അവാർഡിന്റെ പേരിൽ സിനിമാ അവസരം നഷ്ടപ്പെട്ട അനുഭവം എനിക്കുണ്ടായിട്ടുണ്ട് ആ സിനിമയാണ് "മുഖചിത്രം"ഞാൻ ആദ്യമായി ചെയ്യേണ്ടിയിരുന്ന കൊമേർഷ്യൽ സിനിമ,എന്നേ കൊമേഴ്‌സ്യൽ സിനിമയിലെത്തിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ശ്രമിച്ചത് പട്ടണം റഷീദ് ആയിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു രഞ്ജിത്ത്, രഞ്ജിത്ത് നിർമ്മാതാവായി എത്തി.ചിത്രത്തിന് പേരായി മുഖചിത്രം. J. പള്ളാശേരിയുടെ ആദ്യ തിരക്കഥ..ഞാനും പള്ളാശേരിയും എറണാകുളത്ത് താമസിച്ചു തിരക്കഥയെല്ലാം പൂർത്തിയാക്കി, സാക്ഷാത്കാരത്തിലെത്താൻ നേരത്ത് വിതരണക്കാരനായിരുന്ന ചാരങ്ങാട് അശോകൻ പറഞ്ഞു ഒരു അവാർഡ് സംവിധായകന്റെ സിനിമ വിതരണം ചെയ്യാൻ പറ്റില്ല സംവിധായകനെ മാറ്റണം. ഈ വിഷയം വളരെ വിഷമത്തോടെയാണ് പട്ടണം റഷീദ് എന്നോട് പറഞ്ഞത്.. 


കണ്ണിൽ ഇരുട്ട് കയറി, തൊണ്ട വരണ്ടു.. പൊതുവെ നിർഭാഗ്യവാനായിരുന്ന ഞാൻ അതൊരു ദീർഘ നിശ്വാസത്തിലൊതുക്കി...

അല്ലാതെന്തു ചെയ്യും, എന്ത് ചെയ്യണം.. കുറേ നാളത്തെ സ്വപ്നം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു..  

ആരെക്കൊണ്ട് ചെയ്യിക്കണം?റഷീദിന്റെ ചോദ്യത്തിനു ഞാൻ തന്നെയാണ് സുരേഷ് ഉണ്ണിത്താന്റെ പേര് നിർദ്ദേശിച്ചത് അങ്ങിനെ ചുണ്ടിനും കപ്പിനുമിടയിൽ മുഖചിത്രം ഉണ്ണിത്താന്റെ കൈകളിലേക്ക് പോയി..... 

മുഖചിത്രത്തിന്റ തിരക്കഥ പൂർത്തിയകരണത്തിനിടയിലാണ് ജെ. പള്ളാശ്ശേരിയുടെ അനന്തൻ പിള്ള അഥവാ അച്യുതൻ പിള്ള എന്ന നാടകം കാണാനിടയായത്. പറവൂരിലെ അമ്പലപ്പറമ്പിൽ വച്ച്... ആ നാടകം എന്നേ വല്ലാതെ സ്പർശിച്ചു തിരികെ റൂമിലെത്തിയപ്പോൾ രഞ്ജിത്ത് വന്നു ഞാൻ നാടകത്തിന്റെ കഥ പറഞ്ഞു ഇത് 100%സിനിമയ്ക്ക് പറ്റിയതാണെന്നും മുഖചിത്രത്തേക്കാൾ ഗ്യാരന്റി ഉണ്ടെന്നും, മുഖചിത്രം വിജയിച്ചാൽ ആ സിനിമ എന്നെക്കൊണ്ട് ചെയ്യിക്കണമെന്നും പറഞ്ഞു. രഞ്ജിത്ത് സമ്മതിച്ചു... 

മുഖചിത്രം വിജയിച്ചു ഉണ്ണിത്തന്റെ വലിയ വിജയം... ആ വിജയത്തിന് പിന്നിൽ എറണാകുളത്തെ ധാരാളം കൊതുകുകൾക്ക് ഈയുള്ളവൻ നൽകിയ രക്തമുണ്ടെന്ന് മാത്രം പറഞ്ഞു കൊണ്ട് മുഖചിത്ര കഥ അവസാനിപ്പിക്കാം..

മുഖചിത്രത്തിന്റെ വിജയത്തിന് ശേഷം രഞ്ജിത്ത് വാക്ക് പാലിച്ചു.അച്യുതപിള്ള അഥവാ അനന്തൻ പിള്ള മുഖമുദ്രയായി മാറി.. എഴുത്തുകൾ പുരോഗമിച്ചു... പതിവ് പോലെ എല്ലായിടത്തു നിന്നും അവാർഡ് സംവിധായകൻ വേണോ എന്നചോദ്യം ഉയർന്നു... ഈ ചോദ്യം ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് വരെ നടന്നു... തലേന്നും എന്നേ മാറ്റാൻ ശ്രമം നടന്നു പക്ഷെ J. പള്ളാശേരി ആ ശ്രമത്തിനു എതിര് നിന്നു എനിക്ക് വേണ്ടി ഉറച്ചു നിന്നു അതിന് വ്യക്തമായ കാരണമുണ്ടായിരുന്നു പള്ളാശേരി എന്ന പുതിയ എഴുത്തുകാരന്റെ സ്ക്രിപ്റ്റ് കടല പൊതിയാൻ കൊള്ളാം എന്ന് ഒരു സംവിധായകൻ പറഞ്ഞപ്പോ, ഞാൻ പള്ളാശ്ശേരിക്കൊപ്പം ഉറച്ചു നിന്നഅനുഭവം തന്നെയാവാം അത്. 

നിങ്ങളൊന്നു ആലോചിച്ചു നോക്കൂ ആ അവസ്ഥ.. 

എന്തായാലും നാളെ ഷൂട്ടിംഗ് തുടങ്ങുന്നു..തിരുവനന്തപുരത്തുനിന്നും ക്യാമെറാമാൻ രാമചന്ദ്രബാബുവിന്റെ കൂടെയാണ് എറണാകുളത്തേക്ക് യാത്ര തിരിച്ചത് അന്നാണ് അദ്ദേഹത്തെ പരിചയപ്പെട്ടത് യാത്രയിലെ അഞ്ചു മണിക്കൂറിലെ സംസാരം കൊണ്ട് ഞങ്ങൾ നല്ല സിറ്റിങ്ങിൽ ആയിക്കഴിഞ്ഞിരുന്നു.. ഏറ്റവും ഭയപ്പെടുത്തുന്നത് തിലകൻ എന്ന കടുവ ആണ് എല്ലാ സെറ്റിലും അദ്ദേഹം പ്രശ്നക്കാരനാണെന്ന് കേട്ടിരുന്നു. എന്ത് വന്നാലും നേരിടുക തന്നെ പതിവിലും രണ്ടുപാക്കറ്റ് സിഗരറ്റ് കൂടുതൽ കരുതി.. ടെൻഷനോടെ അടുത്ത ദിവസം ഷൂട്ട് ചെയ്യാനുള്ള സീനുകൾ റെഡിയാക്കി ഉറങ്ങാൻ കിടന്നു..കാലത്ത് സംവിധായകൻ സിദ്ധിക് ആണ് സ്വിച്ചോൺ ചെയ്യാൻ വരുന്നത്.. ഉറക്കം വരുന്നില്ല... മനസ്സ് നിറയെ വല്ലാത്ത... വല്ലായ്മ എപ്പോഴോ അറിയാതെ ഉറങ്ങി.... 

അലിഅക്ബർ ജീവചരിത്രം എഴുതാൻ മാത്രം വലിയ മഹാനൊന്നുമല്ല അത് പ്രസിദ്ധീകരിക്കാൻ ആരും വന്നെന്നും വരില്ല അതുകൊണ്ട് കൊറോണാ കാലനേരം പോക്കായി ഈ കുറിപ്പുകളെ കരുതിയാൽ മതി.. 

അടുത്ത ലക്കം കടുവയും ഞാനും...

Post a Comment

0 Comments

Top Post Ad

Below Post Ad