സർവ്വജ്ഞ പീഠത്തിൽ നിന്നും ജൂനിയർ മാൻഡ്രേക്കിന്റെ തുടക്കം കുറിച്ച കഥ, ഈശ്വരനെ അറിഞ്ഞവർക്ക് എല്ലാം ഒരുപോലെയാണ്... അള്ളാഹു തന്നെ ബ്രഹ്മം ബ്രഹ്മം തന്നെ യഹോവ... അലി അക്ബർ എഴുതുന്നു....


 സീൻ 8
ഏലിയാസ്, ദിലീപ്, ജയൻ, രമേശ്‌ കൂടെ (dr.നാസർ ഉണ്ടായിരുന്നോ എന്ന് ഒരു സംശയം)  ഞാനും കൂടി മൂകാംബികയിലെത്തി റൂമെടുത്ത് കുളിച്ചു അമ്മയുടെ നടയ്ക്കലെത്തിയപ്പോൾ കണ്ണുനിറഞ്ഞു... ഇതേ അനുഭവം എനിക്ക് മക്കയിലും ശബരിമലയിലും അനുഭവപ്പെട്ടിട്ടുണ്ട്... കണ്ണു നിറയുക... അതിനപ്പുറം ഒന്നും പറയാനില്ല....ചിലർ ഇത് വായിക്കുമ്പോൾ മുഖം ചുളിക്കും ശബരിമല, മൂകാംബിക മെക്ക എല്ലാം ഒരുപോലെയോ...?  ഈശ്വരനെ അറിഞ്ഞവർക്ക് എല്ലാം ഒരുപോലെയാണ്... അള്ളാഹു തന്നെ ബ്രഹ്മം ബ്രഹ്മം തന്നെ യഹോവ... അതറിയണമെങ്കിൽ യഥാർത്ഥ കണ്ണു തുറക്കണം, അഥവാ കണ്ണിൽ നാം ഘടിപ്പിച്ചിട്ടുള്ള സങ്കുചിത കണ്ണട എടുത്തു കളയണം.. ഭക്തി പ്രേമമെന്നറിയണം... 
Pre degree കാലം മുതൽ ഒരുപാട് ക്ഷേത്രങ്ങളിൽ  ബാലെയും നാടകങ്ങളും കളിച്ചിട്ടുണ്ട്,അന്ന് അലി അക്ബർ എന്ന് നോട്ടീസിൽ പേര് കാണില്ല ബാബു മീനങ്ങാടി എന്നായിരുന്നു അമ്പലത്തിലെ പേര്.. അമ്പലത്തിൽ നിന്ന് ഒരുപാട് ആഹാരം കഴിച്ചിട്ടുണ്ട്, അമ്പലത്തിലെ പണം കൊണ്ട് ഫീസടച്ചിട്ടുണ്ട്, വസ്ത്രം മേടിച്ചിട്ടുണ്ട്..... ബാലെയുടെ ഡയറക്ടർ ബോസ്സ് മാഷായിരുന്നു ഇപ്പോഴും ഇടയ്ക്ക് വിളിക്കും... 
അന്നത്തെ കാലത്ത് ഞാൻ വെറും നാടക നടൻ മാത്രം ആയിരുന്നില്ല സിനിമാ നടൻ കൂടി ആയിരുന്നു കേട്ടോ.. വി ടി. മുരളി പാടിയ സുപ്രസിദ്ധ ഗാനം "ഓത്തുപള്ളീലന്ന് നമ്മൾ "എന്നഗാനത്തിലെ ബാലനടൻ ഞാനായിരുന്നു.. അവിടേയ്ക്ക് പിന്നെയൊരിക്കൽ പോകാം... നമുക്ക് മൂകാംബികയിലേക്ക് മടങ്ങാം. അമ്മയെ കണ്ടു.. സുഖദർശനം.. ഞാനൊന്നും പറഞ്ഞില്ല അമ്മയ്ക്ക് എല്ലാം അറിയാമല്ലോ.. അടുത്ത ദിവസം കുടജാദ്രിയിലേക്ക് പോകണം നടന്നാണ് പോകുന്നത് എല്ലാവരും നേരത്തെ ഉറങ്ങി.... അതിരാവിലെ എഴുന്നേറ്റു കുളിച്ചു വസ്ത്രം മാറി. കട്ടിലിനടിയിൽ നിന്നും ചെരുപ്പ് പുറത്തേക്ക് നീക്കിയപ്പോൾ ആരോ പറഞ്ഞു അതിടണ്ട... ശരി അങ്ങിനെയാവട്ടെ 


അമ്മ അതാണ്‌ ഉദ്ദേശിച്ചത് എങ്കിൽ അതു തന്നെ... റൂം വെക്കേറ്റ് ചെയ്യാതെയാണ് പോകുന്നത് ബാഗും കാര്യങ്ങളും റൂമിൽ വച്ചു അത്യാവശ്യം വസ്ത്രവും എടുത്തു പുറത്തേക്കിറങ്ങി കുറച്ചു ദൂരം ബസ്സിൽ പോയിട്ട് അവിടന്നു കാനന പാത വഴി നടന്നാണ് പോകുന്നത്... ഏലിയാസ് എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കും... സംസാരിച്ചു നടന്നു നടന്നു മലകയറാൻതുടങ്ങും മുൻപ് ഒരു ചെറിയ ഹോട്ടലുണ്ട് അവിടന്നു ഭക്ഷണം കഴിച്ചു. നല്ല നാടൻ ഊണ്.. അതും കഴിഞ്ഞു മലകയറ്റം തുടങ്ങി... മുഴുവൻ പാറക്കെട്ട്.. വെയില് കൊണ്ട് പഴുത്ത പാറ... ചെരിപ്പിടാത്ത കാലുമായി വലിഞ്ഞു നടന്നു... കുടജാദ്രി എത്തി... അമ്മയെ തൊഴുതു വീണ്ടും മുകളിലേക്ക് സർവ്വജ്ഞ പീഠമെത്തുമ്പോഴേക്കും കാലു നല്ല വേദന... കൂട്ടുകാരെല്ലാം ഗുഹയിൽ ഇറങ്ങാൻ പോയി ഞാൻ ആ ഉദ്യമം വേണ്ടെന്ന് വച്ചു... കൈവശം പേനയും പേപ്പറും കരുതിയിരുന്നു... 
അതെടുത്തു ജൂനിയർ മാൻഡ്രേക്കിന്റെ തുടക്കം കുറിച്ചു... തുടർന്നു ആ പ്രകൃതിയിൽ ലയിച്ചു കുറേനേരം ഇരുന്ന് ശങ്കരാചാര്യരോടും പൂർവ്വികരോടും സംവദിച്ചു... ആരായിരിക്കും ഈ മണ്ഡപം പണിതത്.. ആരൊക്ക  ഈ മണ്ഡപത്തിൽ ഇരുന്ന് ദ്യാനിച്ചിരിക്കാം.. 
അങ്ങ് ദൂരെ നീലയും കറുപ്പും ഇണചേരുന്നു... ഇങ്ങടുത്ത് കുളിർ കാറ്റിൽ പച്ചപ്പ് തലയാട്ടി കലഹിക്കുന്നു... വല്ലാത്ത അനുഭൂതിയാണ് അവിടെ ഒറ്റക്കിരിക്കാൻ.. അല്പം കഴിഞ്ഞു കൂട്ടുകാർ വന്നു... ഞങ്ങൾ താഴേക്കിറങ്ങി അടികയുടെ വീട്ടിലാണ് താമസം.. കുളിച്ചു മൂലസ്ഥാനങ്ങളിൽ പൂജ ചെയ്തു.. വിശ്രമം... എന്റെ ഉള്ളം കാലുകളിൽ കുമിളകൾ പൊന്തി തുടങ്ങി, കുറച്ചുനേരം നിലാവത്തെ തണുപ്പിൽ ഇരുന്ന്.. അഡിഗയുടെ രാത്രി ഭക്ഷണം കഴിച്ച്  പായയിൽ കമ്പിളിക്കുള്ളിലേക്ക് വലിഞ്ഞു... ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല... പക്ഷെ അതിരാവിലെ ആരോ വിളിച്ചുണർത്തും പോലെ ഉണർന്നു തണുപ്പിൽ പുറത്തേക്കിറങ്ങി ഒരു പാറപ്പുറത്ത് ഇരുന്ന് മെഡിറ്റേറ്റ്‌ ചെയ്തിരുന്നു.. വല്ലാത്ത ഫീൽ ആയിരുന്നു... സൂര്യൻ പതിയെ തല പൊന്തിച്ചു... കൂട്ട്കാരുണരും മുൻപ് വേദനിക്കുന്ന കാലുമായി കുറച്ചു നടന്നു.. അവിടെ കാട്ടിൽ അനേകം വീടുകൾ ഉണ്ടായിരുന്ന രീതിയിൽ തറകൾ കണ്ടു അവയ്ക്കിടയിലൂടെ ഇടുങ്ങിയ വഴി മുകളിലേക്ക് പോകുന്നുണ്ട്... കുറേ അസ്ഥിവാരങ്ങൾ തിരികെ എത്തിയപ്പോൾ  കൂട്ടുകാരുണർന്നിട്ടുണ്ട് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ഒരിക്കൽ കൂടി എല്ലായിടത്തും തൊഴുതു മടക്ക യാത്രയ്‌ക്കൊരുങ്ങി... നടന്നു കുറച്ചുദൂരം ചെന്നപ്പോൾ  കാലിന്റെ പിടുത്തം വിട്ടു. വിരലിന്റെ ഭാഗം ഒഴികെ എല്ലായിടത്തും കുമിള പൊന്തി.. നടക്കാൻ വയ്യാതെയായി ഒടുവിൽ ഏലിയാസിന്റെയും ദിലീപിന്റെയും ചുമലിൽ താങ്ങി പെരുവിരലിൽ ഊന്നി നടന്നു എങ്ങിനെയൊക്കെയോ മെയിൻ റോഡിലെത്തി ബസ്സിൽ കയറി വീണ്ടും മൂകാംബികയിലെത്തി... വീണ്ടും ചുമലിൽ തുങ്ങി സൗപർണ്ണികയിലേക്ക് ജലത്തിൽ  കുറേ നേരം താഴ്ന്നിരുന്നു... പിന്നെ കരയിലേക്ക് കയറി കാലുകൾ പരിശോധിച്ചു... അമ്മേ മഹാമായേ പൊള്ളലിന്റെ ഒരടയാളം പോലും കാലിലില്ല. കൂട്ടുകാരെല്ലാം മാറിമാറി ഞെക്കിയും പിടിച്ചുമൊക്ക നോക്കി.. ഒടുവിൽ ഏലിയാസ് പറഞ്ഞു എടാ അലി നീ ഇനി നടക്കേണ്ടി വരില്ല... ഇതു ഏലിയാസ് വായിക്കുന്നുണ്ട്.... സത്യം പറയാലോ ആ യാത്ര കഴിഞ്ഞു വന്നാണ് ജൂനിയർ മാൻഡ്രേക്ക് പ്ലാൻ ചെയ്യുന്നതും നടപ്പിലാവുന്നതും ഹിറ്റാവുന്നതും ആദ്യമായ് മുഴുവൻ പ്രതിഫലം കൈ നീട്ടി മേടിക്കുന്നതും... ശേഷം  ഒരു കാർ വാങ്ങി... ഇന്നുവരെയും പിന്നീട് വാഹനം വിട്ട് പോയില്ല. അഥവാ അലി അക്ബർ പിന്നീട് വിയർത്തു കുളിച്ചു യാത്ര ചെയ്തിട്ടില്ല.. ഏലിയാസ് പറഞ്ഞതാണ് ശരി മൂകാംബിക ദേവി അതിനു ശേഷം  നടത്തിയിട്ടില്ല... ഒന്നുകൂടി ദേവിയെ തൊഴുതു മടങ്ങുമ്പോൾ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ആത്മവിശ്വാസം മനസ്സിലുണ്ടായിരുന്നു.. ജൂനിയർ മാൻഡ്രേക് ആദ്യം നിർമ്മിക്കാൻ വന്നത് രണ്ടു കാസർഗോഡ്കാരാണ്,അതിലൊരാൾ മാമലകൾക്കപ്പുറത്തിലുമുണ്ടായിരുന്നു, ആ നിർമ്മാണം പൂജാ റെക്കോർഡിങ്ങോടെ മുടങ്ങി,ശേഷം ഇതിന്റെ മർമ്മമറിഞ്ഞത് മമ്മി സെഞ്ചുറി ആണ്... മമ്മിക്ക് ഓടുന്ന  ഒരു കഥ തിരിച്ചറിയാൻ മിടുക്കുണ്ട്... നിർമ്മാതാവായി അതിനെ കൊല്ലാനും ശ്രമിക്കും... ഒരു ആനവേണമല്ലോ മമ്മീ എന്ന് പറഞ്ഞാൽ "എന്തൂട്ട്നാ ഒരു ആട് മതീന്നെ "എന്നായിരിക്കും മമ്മിയുടെ മറുപടി... എന്തായാലും മമ്മിയും ഷമീറും ചേർന്ന് മാൻഡ്രേക് ഏറ്റെടുത്തു... ഷമീർ പയ്യനായിരുന്നു നിങ്ങൾക്ക് അന്നത്തെ ഷമീറിനെ മാൻഡ്രേക്കിൽ കാണാം അമ്പിളി ചേട്ടൻ കോളാ വാങ്ങി മുഖം കഴുകുന്ന സീനിലെ കടക്കാരൻ... ഷമീറിന്റെ അടുക്കൽ പണത്തേക്കാളുപരി എന്തും സംഘടിപ്പിക്കാനുള്ള ആൾബലവും, ധൈര്യവും ഉണ്ടായിരുന്നു,
രാജൻ p ദേവാണ് സ്ക്രിപ്റ്റ് എഴുതാൻ ബെന്നി P നായരമ്പലത്തിനെ പരിചയപ്പെടുത്തിയത്, ബെന്നി അതിനുമുൻപ് ഒരു സിനിമയ്ക്ക് തിരക്കഥ എഴുതിയിരുന്നു.. അത് ശ്രദ്ധിക്കപ്പെടാതെ പോയി... എറണാകുളത്ത് മയൂരാ പാർക്കിലിരുന്നാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്.. സ്ക്രിപ്റ്റെല്ലാം തീർന്നപ്പോഴാണ് ജഗതിച്ചേട്ടനെതിരെ പീഡന  കേസ് വരുന്നത്... ജഗതിയെ മാറ്റി ചിന്തിക്കണമെന്ന് വിതരണം ഏറ്റെടുത്ത സിയാദ് കോക്കർ... ഞാൻ പറഞ്ഞു ആ വേഷം മറ്റാരും ചെയ്താൽ ഏക്കില്ല.. ജഗതിക്ക് പകരം ജഗതിയെ ഉള്ളു... 
‌അങ്ങിനെ എന്റെ നിർബന്ധത്തിന് അവർ വഴങ്ങി... 
‌ജഗതീഷിനെ എന്തുകൊണ്ടാണ് സ്ഥിരം നായകനാക്കിയത് എന്നോട് പലരും ചോദിച്ചിട്ടുണ്ട്.. ജഗതീഷിന് ജോലിയോടുള്ള ആത്മാർഥത  എന്നേ എനിക്ക് ഉത്തരം പറയാനുള്ളു... ജഗതിയും ജഗദീഷും രാവിലെ മൂന്ന് മണിക്കാണ് ചേട്ടാ ഷൂട്ടിങ് എന്ന് പറഞ്ഞാൽ രണ്ടര മണിക്ക് ലൊക്കേഷനിലക്ക് പുറപ്പെടാൻ തയ്യാറായി ഹോട്ടലിന്റെ മുന്പിലുണ്ടാവും.. പലപ്പോഴും ഞാനിറങ്ങി വരുമ്പോൾ ഗുഡ്മോർണിംഗ് അലി എന്നുള്ള ജഗതീഷിന്റെ ശബ്ദമാണ് എന്നേ എതിരേൽക്കുക... 
‌മാൻഡ്രേക്കിലെ മാൻഡ്രേക് സിദ്ധരാജിനെ സജെസറ്റ് ചെയ്തതും ബെന്നിയാണ്. ബെന്നി നന്നായി തിരക്കഥ തയ്യാറാക്കി.. ഞാൻ മുൻപ് പറഞ്ഞിരുന്നു സാക്ഷാൽ കൃഷ്ണനിൽ നിന്നും തന്നെയാണ് ജൂനിയർമാൻഡ്രേക്കിന്റെ തുടക്കം അതിൽ ഞാൻ മേന്പൊടിയായി  ഒരു സംഗതി ചേർത്തു... 
‌ഞാൻ മുൻപ് ഒരു ഫ്രോഡ് സേവ്യറിനെ കുറിച്ചു പറഞ്ഞിരുന്നുവല്ലോ ആ ഫ്രോഡ് സേവ്യർ എന്നെയൊരിക്കൽ ചെറു പുഷ്പം കൊച്ചേട്ടന്റെ മുൻപിൽ കൊണ്ടുപോയി, അദ്ദേഹത്തിന്റെ കൈവശം നടക്കാതെ പോയ ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു.. രഘുനാഥ് പാലേരി എഴുതിയ തിരക്കഥ ..കിണ്ണം കട്ട കള്ളൻ.  അത് ചിലവായ പണം കൊടുത്താൽ തരാമെന്നു പറഞ്ഞു,  ഞാനതു വാങ്ങി വായിച്ചു.. സത്യത്തിൽ ഒരു സ്ക്രിപ്റ്റ് വായിച്ച് ഞാനിത്രയും ചിരിച്ചതായി ഓർക്കുന്നില്ല.. അസ്സല് സ്ക്രിപ്റ്റ് പക്ഷെ അതിന്റ മർമ്മങ്ങൾ പല സിനിമകളിലും വന്നു കഴിഞ്ഞിരുന്നു.. ആ പ്രൊജക്റ്റ് നടന്നില്ല... 
‌മാൻഡ്രേക്കിന്റെ കഥ തയ്യാറാക്കുമ്പോൾ കിണ്ണകട്ട കള്ളനിലെ ഒരു കുഞ്ഞു സീൻ ഓർമ്മവന്നു... ആ സ്ക്രിപ്റ്റിലെ മർമ്മമൊന്നുമായിരുന്നില്ല ആ സീൻ.. മോഷണം നടത്തിയ വലിയ തുക നായകനും സംഘവും ആളൊഴിഞ്ഞ ഒരു വീട്ടിലെ തട്ടിൻ പുറത്തു ഒളിച്ചു വയ്ക്കുന്നു.. പിന്നീട് അതെടുക്കാൻ ചെന്നപ്പോൾ ആ വീട് ഒരു ഗുസ്തിക്കാരൻ വാടകയ്ക്കെടുത്ത് താമസമാക്കിയിരിക്കുന്നു.. ഗുസ്തിക്കാരൻ കിടക്കുന്നതിനു മുകളിലാണ് പണം.. അതു ഒരു കോമഡി സീനിലൂടെ തിരികെ ഏടുക്കുന്നതായിരുന്നു ആ രംഗം... അതുപോലെ ഒരു സിറ്റുവേഷനിലേക്ക് മാൻഡ്രേക്കിലെ പോലീസ് സ്റ്റേഷൻ മാറ്റി അതാണ് സത്യത്തിൽ ആ സിനിമയുടെ ചിരി രഹസ്യം... എന്നെ അറസ്റ്റ് ചെയ്യൂ സാർ..... ആ നിലവിളി ചെറിയ ചിരിയല്ല മാൻഡ്രേക്കിൽ സമ്മാനിച്ചത്.. .ജഗതി അർമ്മാദിച്ചു ആറാടിയ ചിത്രമായിരുന്നു മാൻഡ്രേക്ക്.. ഒപ്പം ജഗതിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയും. 
‌ഇനി കുറച്ചു ജഗതി കാര്യങ്ങൾ. 
‌തുടരുംPost a Comment

0 Comments

Top Post Ad

Below Post Ad