കിരീടം ഉണ്ണി കൈ മലർത്തിയപ്പോൾ ഈശ്വരൻ ഇളനീരായ് വന്നു... ഈ സംഭവമാണ് ജൂനിയർ മാൻഡ്രേക്കിന്റ തുടക്കം..! അലി അക്ബർ എഴുതുന്നു.


സീൻ 7
സിനിമയിൽ നിന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാനായില്ല അതുകൊണ്ട് ദൂരദർശ നിൽ കുറച്ചു സീരിയലുകൾ ചെയ്തു പാഠഭേദം, ഉണ്ണിവന്ന നാൾ, ബൊമ്മാവിൽപ്പനക്കാർ ഇങ്ങിനെ ചെയ്ത സീരിയലുകളിൽ നിന്നും കുറച്ചൊക്കെ പിടിച്ചു നിൽക്കാൻ ഒരു ദിവസം ഗുരുവായൂരിൽ പോണം... കണ്ണനെ കാണണം... അതും നടക്കുമായിരിക്കും...!അലി അക്ബർ എഴുതുന്നുകഴിഞ്ഞു.. പൈ ബ്രദർസ് ഇതിനിടയിൽ വന്ന ഒരു കൊച്ചു സിനിമയായിരുന്നു ജഗതി, ഇന്നസെന്റ്, kpac ലളിത, കല്പ്പന, സുധീഷ്, ജനാർദ്ദനൻ തുടങ്ങിയവരെ വച്ചു ചെയ്ത സിനിമ, ഇതിന്റെ ഡിസ്ട്രിബൂഷൻ കിരീടം ഉണ്ണിയായിരുന്നു മദ്രാസിൽ നിന്നും എല്ലാം വർക്കും കഴിഞ്ഞു തിരിച്ചു പോരാൻ നേരം ബാക്കി തരാനുള്ള 130000 രൂപ തിരുവനന്തപുരത്തെ കിരീടത്തിന്റെ ഓഫീസിൽ നിന്നും വാങ്ങിക്കൊള്ളാൻ പറഞ്ഞു.. എഡിറ്റർ ജി.മുരളിയേട്ടൻ പറഞ്ഞു ഉണ്ണി ചതിക്കില്ല ധൈര്യമായി പൊയ്ക്കൊള്ളൂ.. തിരിച്ചു തിരുവനന്തപുരത്തെത്തി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ സാർ ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞു.. പല പ്രാവശ്യം നടന്നപ്പോ മനസ്സിലായി വീണ്ടും ചതിക്കപ്പെട്ടു എന്ന്.. 
ഇതേസമയമാണ് ഭാര്യയുടെ ഒരു കാലിന് ഒരു തരിപ്പ് അനുഭവപ്പെടുന്നത്.. ഡോക്ടറെ കണ്ടു സ്കാൻ ചെയ്തു.  കാര്യം സീരിയസ് ആണ് നട്ടെല്ല് തെന്നിയിരിക്കുന്നു ഉടൻ സർജ്ജറി നടത്തിയില്ലെങ്കിൽ ഒരു കാൽ തളർന്നു പോകാൻ സാധ്യത ഉണ്ട്... പുറത്ത് ചെയ്‌താൽ ഒരു ലക്ഷം ചിലവ് വരും അതു നടക്കില്ല, Dr. ചെറിയാൻ തോമസ് ആയിരുന്നു അദ്ദേഹം അവസ്ഥ മനസ്സിലാക്കി പറഞ്ഞു ക്രിസ്തുമസ് വരികയല്ലേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്ക് കുറയും പേ വാർഡ് ബുക്ക്‌ ചെയ്തോളു... കയ്യിലുള്ള 700 രൂപ അടച്ചു, പേവാർഡ് ബുക്ക്‌ ചെയ്തു. 


G മുരളിയേട്ടനെ വിളിച്ചു ഗുരുതരാവസ്‌ഥ പറഞ്ഞു ഒരു 15000 രൂപ കിട്ടി, കിരീടത്തിന്റെ ഓഫീസിൽ കയറി ഇറങ്ങി മടുത്തു മരപ്പട്ടിയുടെ മനസ്സാക്ഷി പോലും അവർ കാണിച്ചില്ല കിരീടം ഉണ്ണി ഒരിക്കലും മുന്നിൽ വന്നില്ല. അവസാനം പോയപ്പോൾ മാനേജരോട് ഒരു പേനയും പേപ്പറും ചോദിച്ചുഅയാൾ അതു തന്നു. 
കിരീടം ഉണ്ണിയുടെ മേശപ്പുറത്ത് വച്ചു ഞാനെഴുതി "ഇന്ന് ഞാനനുഭവിക്കുന്ന ദുഃഖം  നിങ്ങളും നിങ്ങളുടെ ഏഴ്  തലമുറയും അനുഭവിക്കും. ഇത്രയും എഴുതുമ്പോൾ കണ്ണു നിറഞ്ഞൊഴുകിയിരുന്നു.. കത്ത് ഉണ്ണിയുടെ മേശപ്പുറത്തു വച്ചു ഞാൻ മടങ്ങി... പിന്നെ ആ ഓഫിസിലേക്ക് കയറിയില്ല (കൂടുതൽ കാലം ആ ഓഫീസ് അവിടെ ഉണ്ടായിരുന്നില്ല അതടച്ചു പൂട്ടി .... )
എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു വീട്ടിലിരിക്കുമ്പോൾ.. താഴെ റോഡിൽ നിന്നും വലിയ ഹോണടി,  ഓടിച്ചെന്നു നോക്കി KSFDC യുടെ വണ്ടിയാണ് ഞാൻ ഇറങ്ങിച്ചെന്നു അത്യാവശ്യമായി സ്റ്റുഡിയോവിൽ ചെല്ലണം..  കൂടെ പോയി ഒരു ദിവസം കൊണ്ട് ഇളനീർ പ്രൊമോഷന് വേണ്ടി  ഒരു പരസ്യം ചെയ്യണം അതിൽ ഒരു സിനിമാ നടനും വേണം. ചെയ്യാമോ?  നാളെ വൈകുന്നേരം കൊടുക്കണം ഇല്ലേൽ ഫണ്ട് ലാപ്സാവും... ഞാൻ ചോദിച്ചു ഡബ്ബിങ് സ്റ്റുഡിയോയിൽ ആരെങ്കിലും നടന്മാരുണ്ടോ, 
ഇന്നസെന്റുണ്ട്.. 
എന്നാൽ ഓകെ ചെയ്യാം. 
ഞാൻ ഓടി ഇന്നസെന്റ് ചേട്ടനെ കണ്ടു, നാളെ ഡബ്ബിങിനിടയിൽ ഒരു പത്തു മിനിറ്റ് എനിക്ക് തന്നാൽ ഒരു പതിനായിരം രൂപ തരാം... ഇന്നസെന്റ്ചേട്ടൻ  ഏറ്റു... 
വൈകിട്ട് എല്ലാം സെറ്റ് ചെയ്തു കാലത്ത് ഷൂട്ടിംഗ് ഇടയ്ക്ക് ഇന്നസെന്റ് ചേട്ടൻ വന്നു അഭിനയിച്ചു  " പ്രകൃതി നൽകുന്ന ഈ അമൃതുള്ളപ്പോൾ എന്തിന് കൃത്രിമ പാനീയം.." ഉച്ചയ്ക്ക് മുൻപേ  ഷൂട്ടിംഗ് തീർത്തു.. നേരെ എഡിറ്റിംഗ് റൂമിലേക്ക് വൈകിട്ട് 4 മണിക്ക് പരസ്യം റെഡി.. 
ചിലവ് കഴിച്ചു 30000രൂപയോളം കിട്ടി. 
കിരീടം ഉണ്ണി കൈ മലർത്തിയപ്പോൾ ഈശ്വരൻ ഇളനീരായ് വന്നു... എന്റെ കൂടെ എന്നും ഈശ്വരൻ  ഉണ്ടായിരുന്നു.. 
സർജ്ജറി വലിയ ബുദ്ധിമുട്ടില്ലാതെ  നടത്തി.. പിന്നെയും ദുരിത നാളുകൾ അന്ന് മോഹൻ സിതാരയുടെ വീടിനടുത്തുള്ള ഒരു കൊച്ചു വീട്ടിലാണ് താമസം.. മോഹൻ സിതാരയുടെ ഫോൺ നമ്പർ ആണ് അന്നുപയോഗിച്ചിരുന്നത് ആയിടയ്ക്കാണ് PM മാത്യു വെല്ലൂരിനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ കെയർ ഓഫിൽ മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ്  Dr.N. പ്രഭാകരനെ പരിചയപ്പെട്ടു അദ്ദേഹത്തിന്റെ കുറച്ച് അനുഭവങ്ങൾ ടെലി ഫിലിം ആക്കണമെന്ന് അദ്ദേഹം പറഞ്ഞു... ഇടയ്ക്കിടെ അവിടെ പോകും കുറേ സംസാരിക്കും അല്പം മദ്യപിക്കും... സംസാരമല്ലാതെ ഒന്നും നടന്നില്ല പിന്നെ പോക്കും നിറുത്തി... 
ഒരു സ്റ്റുഡിയോക്ക് വേണ്ടി ദൂരദർശനിൽ ഒരു ന്യുസ് പ്രോഗ്രാം ചെയ്യാൻ അവസരം വന്നു പിന്നെ അതിന്റ പുറകിൽ പോയി.. 
മൂത്ത മകൾ കാർമൽ സ്കൂളിലാണ് പഠിക്കുന്നത്, ഇളയവളെ സ്കൂളിൽ ചേർക്കണം അതിന് 3000 രൂപ വേണം... മൂന്ന് നാല് ദിവസമേ ബാക്കിയുള്ളു.. 
പണം ശരിയായില്ലെങ്കിൽ കുട്ടിയുടെ ഒരു വർഷം പോകും... ആ സമയം ജോലി ചെയ്ത ഒന്നര ലക്ഷത്തോളം  രൂപ സ്റ്റുഡിയോയിൽ നിന്നും കിട്ടാനുണ്ടായിരുന്നു, ദിവസവും അവി
ടെ പോകും അവസാനം പോയപ്പോൾ അദ്ദേഹം പറഞ്ഞു നാളെ ഉച്ചയ്ക്ക് വന്നോളൂ കുറച്ചു പണം എന്തായാലും തരാം...
 പിറ്റേന്ന് വിളിച്ചപ്പോ സാർ എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്.. അടുത്ത ദിവസം ഞാൻ കേട്ടു എനിക്ക് പണം തരാനുള്ള വ്യക്തി കൊല്ലത്തു ഹോട്ടലിൽ ആത്മഹത്യ ചെയ്തു എന്ന്.. 
എങ്ങിനെയുണ്ട് യോഗം... ഗജകേസരീ യോഗം അല്ലേ... 
മോൾ സ്കൂളിൽ നിന്നും വന്നിട്ട് അവളുടെ ഷൂസ് അഴിച്ചു കാണിച്ചു.. അടിയിൽ സോൾ ഇല്ല... അതു കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു... ഈശ്വരാ എന്ത് ചെയ്യും... അപ്പോഴാണ് സിതാരയുടെ വീട്ടിൽ നിന്നും ഒരാൾ വന്നു പറഞ്ഞു വൈകിട്ട് പ്രഭാകരൻ ഡോക്ടർ ചെല്ലാൻ പറഞ്ഞിട്ടുണ്ട്... പോക്കറ്റ് തപ്പി നോക്കി കഷ്ടിച്ച് വണ്ടിക്കൂലി ഉണ്ട്.. എന്തായാലും പോകാം അല്പം മദ്യം കിട്ടിയാൽ ആ ആശ്വാസമെങ്കിലും ഉണ്ടാവുമല്ലോ... പോയി ഡോക്ടറുമായി കുറേ സംസാരിച്ചു.. രണ്ടു സീസർ കഴിച്ചു പിരിയാൻ നേരം ഡോക്ടർ പറഞ്ഞു അലി കുറേ ദിവസമായല്ലോ എനിക്ക് വേണ്ടി വർക്ക് ചെയ്യുന്നു... 
ഇതും പറഞ്ഞു ഒരു കവർ എടുത്ത് നീട്ടി... ഇതിരിക്കട്ടെ...
 ഞാൻ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു... തിരിച്ചു ബസ്സിൽ കയറി കവർ തുറന്നു ഈശ്വരാ 5000രൂപ അലീനയുടെ സ്കൂൾ പ്രവേശനവും, അശ്വതിയുടെ ഷൂസും കഴിഞ്ഞു കുറച്ച് ബാക്കിയും ഉണ്ട്.... 
ഈശ്വരൻ ഇപ്രാവശ്യം വന്നത് പ്രഭാകരൻ ഡോക്ടറുടെ വേഷത്തിലാണ്.... 
ഒരാഴ്ച്ച കഴിഞ്ഞ് ഡോക്ടർ ഈ ലോകത്തോട് വിടപറഞ്ഞു... 
ഒരുപക്ഷെ അദ്ദേഹം ചെയ്ത അവസാന പുണ്യപ്രവർത്തിയായിരിക്കണം എനിക്ക് തന്ന ആ പണം.... 
ആ സമയത്ത് ശാസ്തമംഗലത്തുള്ള ഉണ്ണി എന്ന സുഹൃത്തിന്റെ സുഹൃത്തായ ad.ഹരിയെ പരിചയപെടാൻ കഴിഞ്ഞു, ഹരിയുടെ ശുപാർശ യിൽ അരുൺ കുടമാളൂർ എന്ന സഹായി എത്തിപ്പെട്ടു ഞാൻ താമസിക്കുന്നതിനടുത്ത് തന്നെയാണ് വീട്.. ഹരിയുടെ വീട്ടിൽ  ചില വിഘ്‌നങ്ങളും മറ്റും ഉണ്ടായിരുന്നു ഒരിക്കൽ ഒരു സന്യാസി വന്നപ്പോൾ ലിവിങ് റൂമിൽ വച്ചിരുന്ന വലിയ പേപ്പർ പൾപ്പുകൊണ്ടുണ്ടാക്കിയ കൃഷ്ണവിഗ്രഹം കടലിൽ കൊണ്ട് കളയാൻ പറഞ്ഞു. 
അടുത്ത ദിവസം വക്കീലും ഞാനും അരുണും കൂടി വിഗ്രഹവും കൊണ്ട് ശംഖുമുഖം കടപ്പുറത്തു പോയി വിഗ്രഹം കടലിൽ എറിഞ്ഞു.. എറിയുന്ന അതേ സ്പീഡിൽ കൃഷ്ണൻ തിരിച്ചു കരയിൽ എത്തും.. ഒരുപാട് തവണ ശ്രമിച്ചിട്ടും കൃഷ്ണൻ പോകാൻ കൂട്ടാക്കിയില്ല 
ഒടുവിൽ വിഗ്രഹത്തിന്റെ മൂട് തുറന്നു ജലം കയറ്റിയപ്പോഴാണ് വിഗ്രഹം കടലെടുത്തത്..
ഈ സംഭവമാണ് ജൂനിയർ മാൻഡ്രേക്കിന്റ തുടക്കം. 
തിരിച്ചു കാറിൽ വരുമ്പോൾ ഞാൻ പറഞ്ഞു ഇതു നല്ലൊരു ഐഡിയ ആണ് ഒരു സംഗതിയെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അതു തിരിച്ചു വന്നാൽ ഉണ്ടാകുന്ന humour... അരുൺ പറഞ്ഞു ഒരു ടെലി ഫിലിം ആക്കിയാലോ... ഞാൻ പറഞ്ഞു സിനിമയ്ക്ക് തന്നെ സ്കോപ് ഉണ്ട്...
അരുൺ മൂന്ന് നാല് പേജിൽ എഴുതി നോക്കി.. ശരിയായില്ല ഒടുവിൽ എന്നും എന്നെപ്പൊക്കി മ്യൂസിയത്ത് പോയി കുത്തിയിരിപ്പായി  ഓരോ റൂട്ട് ഞാൻ പറയും അരുൺ കുത്തിക്കുറിക്കും... ആ കഥയിൽ
നടക്കാതെ പോയ രഘുനാഥ് പാലേരിയുടെ കിണ്ണം കട്ട കള്ളൻ എന്ന  സ്ക്രിപ്റ്റിലെ ചെറിയ ഒരംശം കൂട്ടി യോജിപ്പിച്ചപ്പോഴാണ് മാൻഡ്രേക്ക് പൂർണമായത്.
ആ സിനിമയുടെ കഥ അരുണിന്റെ പേരിൽ ആണ് വച്ചത്,
അതും പിന്നീട് ഇരുതല മൂരിയായി തിരിഞ്ഞു കുത്തി.. അതവിടെ നിക്കട്ടെ.. ഈ കഥയുമായി അരുൺ പലരെയും കണ്ടിരുന്നു അതൊന്നും നടന്നില്ല. എന്നെത്തേടി ഒരു നിർമ്മാതാവും വന്നുമില്ല. 
അടുത്തത് മൂകാംബിക യാത്ര... 
മൂകാംബികയിൽ പോകാൻ ഒരുപാട്  തവണ ശ്രമിച്ചതാണ് ....നടന്നില്ല... . ഇപ്പോഴിതാ കൂട്ടുകാർ വിളിക്കുന്നു... ഞാൻ പറഞ്ഞു എന്റെ കയ്യിൽ പണമില്ല... അലി ടിക്കറ്റ് മാത്രം എടുത്താൽ മതി റൂമിന്റെയും ഭക്ഷണത്തിന്റെയും ചിലവ് ഞങ്ങൾ വഹിച്ചോളാം... 
ട്രെയിൻ ടിക്കറ്റിന് കുറച്ചു പണം... അതെങ്ങിനെയെങ്കിലും ഉണ്ടാക്കാം.. 
പോകാൻ തീരുമാനിച്ചു...

Post a Comment

0 Comments

Top Post Ad

Below Post Ad