"താങ്കളെ പോലെ ഒരു മഹാ നടന്റെ മുന്നിൽ ജഗതീഷ് എന്ത്??? വെറും കീടം...ആ കീടത്തോട് ഏറ്റു മുട്ടി എന്തിനു ചീത്തപേര് ഉണ്ടാക്കണം??" അലി അക്ബർ എഴുതുന്നു

സീൻ 3
മുഖമുദ്രയുടെ ക്ളൈമാക്സ് സീൻ നിങ്ങൾക്കോർമ്മയുണ്ടാവും കള്ളനായ അച്യുതൻ പിള്ള പൊലീസുകാരനായി വില്ലനെതിരെ മൊഴികൊടുത്തു വിജയശ്രീലാളിതനായി പോലീസ് ജോലി രാജിവച്ചു വീട്ടിൽ ബൊക്കെയും ഹാരവുമായി എത്തുന്ന ഗ്രൂപ്പ്‌ ഫോട്ടോ സീൻ, തിലകന്റെ വാക്കുകൾക്ക് ഹാൻജി എന്ന ഊള കൗണ്ടർ ചെയ്യുന്ന ജഗദീഷിന്റെ മാ വാരിക എഴുത്തുകാരൻ കഥാപാത്രം... ഈ സീനിൽ പ്രസ്തുത ഹാൻജി യും തിലകൻ ചേട്ടന്റെ കൗണ്ടർ തുറിച്ചു നോട്ടവും ഉണ്ടായിരുന്നു. വീണ്ടും ഹാൻജി ആവർത്തനം വന്നപ്പോൾ തിലകൻ ചേട്ടൻ അത് വേണ്ട എന്ന് പറഞ്ഞു.. ഇതേ ചൊല്ലി വഴക്കായി. കുഞ്ഞ് ഈഗോയും മൂത്ത ഈഗോയും പരസ്പരം ഏറ്റുമുട്ടി തീപ്പൊരി പാറി, വളരെ കഷ്ടപ്പെട്ട് ഞാൻ ആ സീൻ തീർത്തു... കോംപ്രമൈസ് ശ്രമം തുടർന്നു പരാജയമായിരുന്നു ഫലം... 
ധാരാളം കോമ്പിനേഷൻ സീനുകൾ ബാക്കിയുള്ളപ്പോഴാണ് ഈ ഉടക്ക്... എന്റെ സിനിമ ജീവിതം ഇതോടെ തീർന്നു എന്ന നിലയിലായി.. ഒടുവിൽ ഒരു ടെക്‌നിക് ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു കടുവയെ വരുതിയിലാക്കാൻ ഇന്ന് നാം പറയുന്ന തള്ളൽ സൂത്രം. 
"താങ്കളെ പോലെ ഒരു മഹാ നടന്റെ മുന്നിൽ ജഗതീഷ് എന്ത്???  വെറും കീടം...
ആ കീടത്തോട് ഏറ്റു മുട്ടി എന്തിനു ചീത്തപേര് ഉണ്ടാക്കണം?? ഏറ്റുമുട്ടുകയാണെങ്കിൽ വിവരമുള്ളവരോട് വേണ്ടേ??? 
എന്റെ കാര്യം ചേട്ടൻ ആലോചിച്ചിട്ടുണ്ടോ ഈ സിനിമ മുടങ്ങിയാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടിവരും (അത് സത്യവുമായിരുന്നു )


അതേറ്റു... കടുവ ഒതുങ്ങി.. മെരുക്കി, ജഗതീഷിനോട് എന്റെ അവസ്ഥ പറഞ്ഞു തിലകൻ ചേട്ടൻ പ്രായമുള്ള ആളാണ് വിട്ടേക്ക് ഇത്തിരി ശുണ്ഠിയും കുനഷ്ടുമൊക്കെ കാണും വിവരം ഉള്ള ചെറുപ്പക്കാർ അത്‌ കാര്യമായിട്ട് എടുക്കണോ?... 
മേക്കപ്പ് മാൻ പട്ടണം റഷീദ് ഏറെ സഹായിച്ചു... 
അങ്ങിനെ ഉന്തി തള്ളി പോയി ഒരു വിധം കോമ്പിനേഷൻ തീർത്തു.. ഭാഗ്യത്തിന് പ്രധാന സീനുകളെല്ലാം ഉടക്കിന് മുൻപേ തീർത്തിരുന്നു.. ഒരുദിവസം വീണ്ടും ചൊറിച്ചിലുണ്ടായി... ഞാൻ ദേഷ്യം ഉള്ളിലൊതുക്കി അന്ന് രാത്രിയാണ് തിലകൻ ചേട്ടനെ ലോറി ഇടിച്ചു കൊല്ലുന്ന സീൻ എടുക്കുന്നത്. ആദ്യം അനന്തൻ പിള്ള സൈക്കിളിൽ വരുന്ന കുറച്ചു ഷോട്സ് എടുത്തു... പിന്നെ ഞാൻ ലോറിയുടെ ഷോട്സ് എടുക്കാൻ തുടങ്ങി എന്റെ ഉള്ളിലെ ദേഷ്യം കാരണം കുറച്ച് കടുവ ഉറക്കമൊഴിക്കട്ടെ എന്ന
വൈരാഗ്യബുദ്ധി എന്നിലുയർന്നു  അങ്ങിനെ മൂന്ന് മണിക്കൂറോളം ഇരുത്തി ലോറിയുടെ ഷൂട്ട് കഴിഞ്ഞു....
ശേഷം കടുവയെ വിളിച്ചു ബാക്കി ഷൂട്ട്‌ ചെയ്തു.. അന്ന് പായ്‌ക്കപ്പ് പറഞ്ഞപ്പോൾ കടുവ എന്നേ അടുത്ത് വിളിച്ച് ഒരവാർഡ്‌ തന്നു അത് താഴെ കുറിക്കുന്നു. 
ഡാ മൈരേ നീ എനിക്കിട്ട് പണിതതാണെന്ന് എനിക്ക് മനസ്സിലായി.. തനിക്കിട്ട് പണിയാൻ അറിയാഞ്ഞിട്ടല്ല പക്ഷെ എന്താണെന്നറിയില്ല തന്നോട് എനിക്കതിനാവുന്നില്ല എവിടെയോ തന്നെ ഞാനിഷ്ടപ്പെട്ടു പോയി... 
ആ മൈരേ എന്നുള്ള വിളിയും തുടർന്നുള്ള വാക്കുകളും സന്തോഷത്തോടെ തന്നെയാണ് സ്വീകരിച്ചത്... അതാണ്‌ തിലകൻ അദ്ദേഹത്തിന്റെ പരുക്കൻ സ്വഭാവത്തിന്റെ കോണിൽ ഒരു ശാന്തതയുടെ തടാകമുണ്ട്. 
പരുക്കൻ സ്വഭാവത്തിന് പിന്നിൽ ബാല്യത്തിൽ അനുഭവിച്ച നോവിന്റെ അനുഭവ പരമ്പരയുണ്ട് തികച്ചും ഒരു കമ്മ്യൂണിസ്റ്റായിരുന്നു തിലകൻ, സിനിമയിൽ നിന്നും പടിയടച്ചിറക്കുന്നത്  വരെ.. 
അച്ഛൻ സിനിമ നടക്കുമ്പോൾ എന്നോടദ്ദേഹം പറഞ്ഞു ഇപ്പൊ കമ്മ്യൂണിസ്റ്റ് എന്ന വാക്ക് കേൾക്കുന്നത് എനിക്ക് വെറുപ്പാണെന്ന്.. 
ഇന്ന് മഹാരഥൻമാരായിട്ടുള്ള പല അഭിനേതാക്കളുടെ അഭിനയ ജീവിതത്തിലും തിലകൻ ഗുരുസ്ഥാനീയൻ തന്നെയാണ്. ഒരു സീൻ കയ്യിൽ കിട്ടിയാൽ സൂക്ഷ്മമായി പഠിച്ച ശേഷം സഹനടന്മാരെ വിളിച്ചിരുത്തി പറയും ഡാ നീ ആ ഡയലോഗ് ഇങ്ങിനെ പറ അപ്പോൾ ഞാൻ ഇങ്ങിനെ കൗണ്ടർ ചെയ്യും അപ്പോൾ നീ ഇങ്ങിനെ പറഞ്ഞാൽ അതിന് കൂടുതൽ പഞ്ച് കിട്ടും..
 ഇങ്ങിനെ ഓരോ സീനും പഠിക്കുന്ന ഒരു നടനെ ഞാൻ കണ്ടിട്ടില്ല.. നിങ്ങൾ ഇന്നത്തെ നടന്മാരുടെ പഴയ  പടങ്ങൾ ഒന്നോർത്തു നോക്കൂ എന്നാണവർ നല്ല അഭിനയം കാഴ്ച്ച വച്ചു തുടങ്ങിയതെന്ന്,  മൂന്നാം പക്കത്തിന് മുൻപുള്ള ജയറാം ആയിരിക്കില്ല ശേഷമുള്ള ജയറാം, തനിയാവർത്തനത്തിലാണ് ഞാൻ മമ്മൂട്ടിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... മോഹൻലാൽ തിലകൻ കോമ്പിനേഷൻ ഒന്നെടുത്തു നോക്കൂ... 
അങ്ങിനെ ഒരു വിശകലനം ചെയ്‌താൽ മലയാള സിനിമയിലെ നടന്മാരുടെ അഭിനയ പഠന സർവകലാശാല ആയിരുന്നു തിലകൻ അവർ സമ്മതിച്ചു തന്നെന്നു വരില്ല.. ആ സർവ്വകലാശാല ഒരാളെ കുറിച്ച് വല്ലാത്ത ഒരഭിപ്രായം എന്നോട് പറഞ്ഞു അത്‌ മഞ്ജു വാര്യരെ കുറിച്ചാണ് അലീ ആ കുട്ടീടെ കൂടെ അഭിനയിക്കുമ്പോൾ പേടിയാ... അടുത്ത സെക്കന്റിൽ ആ കുട്ടീടെ മുഖത്ത് നിന്നും എന്താ വരിക എന്നറിയില്ല... 
അതാണ്‌ തിലകൻ... കഴിവുള്ളവരെ അംഗീകരിക്കാൻ യാതൊരു പിശുക്കും കാട്ടില്ല. ദുൽക്കറിനെ കുറിച്ചും എന്നോട് പറഞ്ഞു ആ ചെറുക്കൻ തന്തയെ പോലല്ല നല്ല ഒബ്‌സർവേഷൻ ഉണ്ട് നന്നാവും.. ഉസ്താദ് ഹോട്ടൽ ചിത്രീകരണത്തിനിടെ കണ്ടപ്പോ എന്നോട് പറഞ്ഞതാണ്. 
മുഖമുദ്രയിൽ മറ്റൊരു രസകരമായ കാര്യം തിലകന്റെ ഡ്യൂപ് ആയിരുന്നു.... ഡബിൾ റോളായത് കാരണം ഡ്യൂപിന്  കറക്റ്റ് ബോഡി ഷേപ്പ് വേണമായിരുന്നു. അതിനായ് മൂന്നാം പക്കത്തിലെ ഡ്യൂപ്പിനെ തേടിപ്പിടിച്ചു കൊണ്ട് വന്നപ്പോൾ പണി പാളി അയാൾ മെലിഞ്ഞു ഇന്ദ്രൻസിനെ പോലായിരിക്കുന്നു.. ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യും എന്ന് ആലോചിച്ചു തലപുണ്ണാക്കുമ്പോഴാണ് രാമചന്ദ്ര ബാബു സാർ  എന്നേ സൂക്ഷിച്ചുനോക്കി പറഞ്ഞത് അലിയാണ് കറക്റ്റ് ഡ്യൂപ്പ് ഷോൾഡർ ഷേപ്പും തലയുടെ ആകൃതിയും ഓകെ ആണെന്ന്.. അങ്ങിനെ എനിക്ക് തിലകനാവാനുള്ള ഭാഗ്യം ഉണ്ടായത്.. അങ്ങിനെ തിലകനായി അഭിനയിക്കുമ്പോൾ മറ്റൊരു സംഭവം ഉണ്ടായി... അതും കൂടി പറയാം കാക്കനാട്ടെ നവോദയയിലാണ് പോലീസ് സ്റ്റേഷൻ set shoot , പോലീസ് സ്റ്റേഷനിൽ അച്യുതൻ പിള്ളയെ അനന്തൻ പിള്ള അടിക്കുന്ന സീൻ, തിലകൻ തിലകനെ അടിക്കുന്നു, സംവിധായകനായും നടനായും കൊടുമ്പിരി ഷൂട്ടിങ്‌ ഇന്നത്തെ പോലെയല്ല അന്ന് ഡബിൾ റോൾ ഷൂട്ട്‌.. ഒരു ഫിലിമിൽ രണ്ടു പ്രാവശ്യം ഷൂട്ട് ചെയ്യണം ലെൻസിന്റെ മുമ്പിൽ ഗ്ലാസ് ഫ്രെയിം വച്ചു ആദ്യം പാതി മറച്ചു ഒരുവശം ഷൂട്ട് ചെയ്ത്, ഫിലിം പിന്നിലേക്ക് ചുറ്റി ഷൂട്ട് ചെയ്ത വശം മറച്ചു മറു വശം ഷൂട്ട് ചെയ്യണം, വളരെ ശ്രദ്ധ വേണം വലിയ മിച്ചൽ ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട്‌.. ഇതിനിടയിൽ മുന്നിലുള്ള ഒരു സംഗതിക്കും മാറ്റം വരാൻപാടില്ല ഇങ്ങിനെ മനോഹരമായി ഒരുവശം ഏകദേശം രണ്ടുമണിക്കൂർ കൊണ്ട് ഷൂട്ട്‌ ചെയ്തു മറുവശത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ആർട്ട്‌ സഹായിയുടെ കൈ തട്ടി ലോക്കപ്പ് ഡോറിന്റെ സ്ഥാനം മാറി... തീർന്നു വീണ്ടും ഷൂട്ട്.... ഇങ്ങിനെ അഭിനയിച്ചും ആക്ഷൻ പറഞ്ഞും ഷൂട്ട്‌ നടക്കുമ്പോൾ ഫ്ലോറിലെ ഇരുട്ടിൽ ജുബ്ബയിട്ട ഒരു മനുഷ്യൻ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ബ്രേക്ക് പറഞ്ഞപ്പോ നവോദയ  സ്റ്റാഫ് വന്നു എന്നോട് പറഞ്ഞു മുതലാളി വിളിക്കുന്നു.. ഞാൻ ചോദിച്ചു ഏതു മുതലാളി? അയ്യോ അപ്പൊ സാർ കണ്ടില്ലേ.. അപ്പച്ചൻ മുതലാളി ഫ്ലോറിൽ ഉണ്ടായിരുന്നു.. നവോദയ അപ്പച്ചൻ മുതലാളിയോ? 
അതേ... 
അപ്പോഴാണ് ഇരുട്ടിൽ ഞാൻ കണ്ട ജുബ്ബാ രൂപം ഓർത്തത്.. 
ഞാൻ മുതലാളിക്ക് മുൻപിലെത്തി.. 
ആദ്യ ചോദ്യം എവിടാ നാട് 
വയനാട് 
വയനാട്ടിൽ നിന്നും സിനിമയിലോ? 
 ആരുടെ അസിസ്റ്റന്റ് ആയിരുന്നു? 
സ്ഥിരം ഉത്തരം ആരുടേയും സഹായി ആയി ജോലി ചെയ്തിട്ടില്ല. 
പിന്നെയെങ്ങനെ സിനിമ പഠിച്ചു 
തിരുവനന്തപുരം സതേൺ ഫിലിം ഇന്സ്ടിട്യൂട്ടിൽ ആറുമാസം പഠിച്ചു? 
ആറു മാസം കൊണ്ട് സിനിമ പഠിക്കയോ? 
അതെ സിനിമ തിയറി, പിന്നെ  ഒരുപാട് സിനിമ കണ്ട് പഠിച്ചു.. 
 ഞാൻ ഇയാളുടെ രീതി കണ്ടു നല്ല എക്സ്പീരിയൻസ് ഉള്ള ആളെ പ്പോലെ തോന്നി... ഇടയ്ക്ക് വിളിക്കൂ.. 
ഷൂട്ടിനുള്ള സമയമായല്ലോ 
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉദയയുടെയും നവോദയുടെയും സിനിമകളിലൂടെ മനസ്സൊന്നു പാഞ്ഞു.... നിക്കർ കാലത്ത് കയ്യടിച്ച പടങ്ങൾ.. 
പിന്നീട് രണ്ടു വർഷത്തിന് ശേഷം ഒരിക്കൽ നവോദയയുടെ മാനേജരെ കണ്ടപ്പോ എന്നോട് പറഞ്ഞു സാറെന്താ സാറെ മുതലാളിയെ പിന്നെ വിളിക്കാതിരുന്നത് സാറിനെ കൊണ്ട് ഒരു പ്രൊജക്റ്റ്‌ ചെയ്യിക്കണം എന്നന്നു പറഞ്ഞിരുന്നു.. അതാണ്‌ വിളിക്കാൻ പറഞ്ഞത്.
ഇടയ്ക്ക് വിളിക്കൂ എന്നതിന്റെ അർത്ഥം അതായിരുന്നു എന്നെനിക്കറിയില്ലല്ലോ. 
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ... 
അതാണ് ജീവിതം.  
ഷൂട്ടിങ്ങിനിടയിൽ മുഖമുദ്ര ഒരു റിലീസിങ് കമ്പനിയും എടുത്തില്ല.. അതിനാൽ സാമ്പത്തിക ഞെരുക്കം നന്നായുണ്ടായിരുന്നു. ഷെഡ്യൂൾ ആവുമെന്ന നിലയിലെത്തി ആകെ ബാക്കിയുള്ളത് 400അടി ഫിലിം ഒരു സോങ്ങും ഒരു ആക്‌ഷൻ സീനും എടുക്കാനുണ്ട്.. song വേണേൽ മദ്രാസിൽ എടുക്കാം പക്ഷേ ആക്ഷൻ സീൻ എടുത്തേ പറ്റൂ, 
രാമചന്ദ്രബാബു സാർ പറഞ്ഞു ഇമ്പോസ്സിബ്ൾ ഒരു ക്യാൻ ഫിലിം കൊണ്ട് തീരില്ല... 
ഞാൻ പറഞ്ഞു തീർക്കാം സാർ.. ക്ലാപ്‌ നമ്പർ ഉരുട്ടി എടുക്കാം കൃത്യം ചാർട്ട് ചെയ്തു.. എന്റെ നിർബന്ധം കാരണം ബാബുസാർ തയ്യാറായി കൃത്യം ഷോട്ടുകൾ മാത്രം... സീൻ തീർന്നപ്പോൾ 4 അടി ബാക്കി അത്‌ run out ആക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു പാക്ക് അപ്പ്... 
ഇനി  
ഉണ്ടൻപൊരിയും ഉമാലോഡ്ജും 
തുടരും


Post a Comment

0 Comments

Top Post Ad

Below Post Ad