അപ്പൊ എനിക്ക് വേണ്ടി പത്തിരുനൂറ് രൂപ മുടക്കും.. ഷുവർ... ആ പണം എനിക്ക് തരാവോ വീട്ടിലേക്ക് അരി വാങ്ങാനാ...! അലി അക്ബർ എഴുതുന്നു

സീൻ 4
മുഖമുദ്രയുടെ എഡിറ്റിങ്ങിനായി മദ്രാസിൽ എത്തി... ഉമാ ലോഡ്ജിലാണ് താമസം.. സാധാരണ സഹായികൾ താമസിക്കുന്ന ലോഡ്ജാണ്.. റെസ്റ്റോറന്റ് ഇല്ല ചായയും ഉണ്ടൻപൊരിയുമാണ് ആകെ ലോഡ്ജിൽ കിട്ടുക... 
എഡിറ്റിങ്‌ തുടങ്ങി. G മുരളിയാണ് എഡിറ്റർ, വേഗാ സ്റ്റുഡിയോയിൽ, ഉമാലോഡ്ജിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ, ഞാൻ പറഞ്ഞിരുന്നല്ലോ പ്രൊഡ്യൂസർ രഞ്ജിത്ത് നല്ല ടൈറ്റിൽ ആയിരുന്നു..ഡിസ്ട്രിബൂഷൻ ശരിയായിട്ടില്ല  രഞ്ജിത്ത് താമസിക്കുന്നത് അശോക് പില്ലറിനടുത്തുള്ള ഗോകുലത്തിന്റെ ഭാരത് ഹോട്ടലിലാണ്.. അവിടെ റെസ്റ്റോറന്റ് ഉണ്ട്.. കുറച്ചു ദിവസം കൊണ്ട് പ്രൊഡ്യൂസറുടെ കൈയിലെ പണം കാലിയായി... വിതരണക്കാർ ആരുമായിട്ടില്ല... എന്റെ കൂടെ സഹായിയായി പള്ളാശ്ശേരിയുടെ ഇളയ സഹോദരൻ സെന്നൻ കൂടെ  ഉണ്ട്... എഡിറ്റിംഗ് പുരോഗമിക്കുന്നു രാവിലെ ഉമയിൽ നിന്നും ഉണ്ടൻ പൊരിയും ചായയും കഴിച്ചു എഡിറ്റിങ് റൂമിലെത്തും.. ഉച്ചയാവുമ്പോൾ മുരളിയേട്ടൻ പറയും ഇനി ഊണ് കഴിച്ചിട്ടാവാം മുരളിയേട്ടൻ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകും ഞാനും സെന്നനും ഹോട്ടലിലേക്കെന്ന രീതിയിൽ പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ സ്ഥലത്തു പോയി നിന്ന് അരമണിക്കൂർ കഴിഞ്ഞു തിരികെ സ്റ്റുഡിയോയിൽ എത്തി അവിടത്തെ വെള്ളക്കാനിൽ നിന്നും വയറ് നിറച്ചു വെള്ളം കുടിക്കും.. മുരളിയേട്ടൻ വന്നു വീണ്ടും പണി തുടങ്ങും... പതിയെ ഉമാ ലോഡ്ജിലെ ഉണ്ടൻ പൊരിയും നിന്നു... അവിടെ പണം കൊടുത്തിട്ടില്ല. അങ്ങിനെ ആഹാരമില്ലാത്ത നാലാം ദിവസം... മൂവിയോളയിൽ കോമഡി ഓടിക്കൊണ്ടിരിക്കെ ഞാൻ തലയും കുത്തി മൂവിയോളയ്ക്ക് മുകളിലേക്ക് വീണു... എന്നേ താങ്ങിയിരുത്തി മുരളിയേട്ടൻ ചോദിച്ചു എന്താ എന്താ പറ്റിയെ.... ഇനിയും  മറച്ചുവച്ചിട്ട്  കാര്യമില്ല ഞാൻ പറഞ്ഞു ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായി... ഒന്നും പറയാതെ മുരളിയേട്ടൻ പോക്കറ്റിലോട്ട് കയ്യിട്ട് കുറച്ചു പണം വാരി എന്റെ പോക്കറ്റിലേക്കിട്ട് പറഞ്ഞു പോയി ഭക്ഷണം കഴിച്ചിട്ടു വാ.. വിശപ്പിനു മുൻപിൽ നാണക്കേട് മറന്നു.... നേരെ സന്നനെയും വിളിച്ചു തൊട്ടടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിൽ പോയി വയറു നിറച്ചു ഭക്ഷണം കഴിച്ചു.. കുറച്ചു പണം കൂടുതലുണ്ടായിരുന്നു.. ഉടൻ രഞ്ജിത്തിനെ വിളിച്ചു നാട്ടിലേക്ക് std വിളിക്കാൻ ഗതിയില്ലാത്ത അവസ്ഥയിലായിരുന്നു രഞ്ജിത്ത്. രഞ്ജിത്ത് വന്നു കുറച്ചു കാശ് ചിലവിന് വച്ഛ് ബാക്കി രഞ്ജിത്തിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു നാട്ടിൽ വിളിച്ച് ഡിസ്ട്രിബൂഷൻ ശരിയാക്കു... രഞ്ജിത്ത് അതുമായി പോയി... എറണാകുളത്തെ കൊണ്ടോടി ഫാമിലിയിലെ ഒരു ചെറുപ്പക്കാരൻ (പേരോർക്കുന്നില്ല )സെൻട്രൽ പിക്‌ചേഴ്‌സുമായി ചേർന്ന് വിതരണത്തിന് തയ്യാറായി വന്നു,
ഇതിനിടയിൽ എന്റെ സഹായിയായിരുന്ന സേവ്യർ രഞ്ജിത്തിന്റെ കൂടെ ഒട്ടിച്ചേർന്നിരുന്നു സേവ്യറിനെ നിങ്ങൾ അറിയും ഒരു ഇന്റർനാഷണൽ ഫ്രോഡ് ആണ് സേവ്യറിനെ കുറിച്ച് പ്രത്യേകം പിന്നീട് എഴുതാം അന്ന് സേവ്യർ ആയിരുന്നു പിന്നീട് സേവി മനോമാത്യു എന്ന താപ്പാനയായി.... 
എന്തായാലും സംഗതികൾ ട്രാക്കിൽ കയറി സ്മൂത്ത്‌ ആയി മുന്നോട്ടു പോവുമ്പോൾ,  നിർമ്മാതാവ് എഡിറ്റെഡ്‌ പോർഷൻ കണ്ടിട്ട് ചില മിസ്റ്റേക്കുകൾ എടുത്ത് പറയാൻ തുടങ്ങി, സാധാരണ ഗതിയിൽ എത്ര ശ്രദ്ധിച്ചാലും ചില കണ്ടിന്യൂറ്റി മിസ്റ്റേക്കുകൾ സഹായികൾ വരുത്തി വയ്ക്കും അത്തരം മിസ്റ്റേക്കുകൾ ടേബിളിൽ വച്ചു സന്നനെ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു.. സന്നൻ പറയാതെ ഇത് രഞ്ജിത്തിന് മനസ്സിലാകില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.. 
അടുത്ത റീൽ കട്ട് ചെയ്യുമ്പോൾ ഞാൻ ഒരു മിസ്റ്റേക്ക് ശ്രദ്ധിച്ചു പക്ഷെ ഞാൻ സന്നനെ അറിയിച്ചില്ല, അന്ന് വൈകുന്നേരം രഞ്ജിത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു ഇന്ന് കട്ട് ചെയ്ത റീലിൽ ഒരു മിസ്റ്റേക്കുണ്ട്, എത്ര പ്രാവശ്യം വേണേലും ഓടിച്ചു നോക്കാം കണ്ടു പിടിച്ചു പറയണം... അവർ ആവുന്നത് ശ്രമിച്ചിട്ടും കണ്ടു പിടിക്കാനായില്ല. ഇതിൽ മിസ്റ്റെക്കില്ല എന്ന് പറഞ്ഞു.. ഞാൻ മിസ്റ്റേക്ക് എടുത്തു കാണിച്ചു  പറഞ്ഞു "ഒരു നല്ല ഗുരുവാണ് ശിഷ്യന്  കാര്യങ്ങൾ പഠിക്കട്ടെ എന്നുകരുതി പറഞ്ഞു തരുന്നത്... അത് ഗുരുവിനെ കൊല്ലാനുള്ള ആയുധമാക്കരുത്," സന്നാ പനയ്‌ക്കെയ്ത മൊട്ടുപോലെയാവും അതാണ് ഗുരുശാപം... 
വർഷങ്ങൾക്കിപ്പുറം സന്നൻ പള്ളാശേരി ഒരു സിനിമ ചെയ്ത് റിലീസിന് മുൻപ് എന്റെ നമ്പർ തപ്പിയെടുത്തു വിളിച്ചു പറഞ്ഞു എന്റെ പടം റിലീസ് ചെയ്യുകയാണ് ഒരു ശാപമുണ്ട് പിൻവലിക്കണം... ഞാൻ പറഞ്ഞു ഞാനപ്പഴേ അത് മറന്നിരുന്നു... സത്യായിട്ടും എന്റെ മനസ്സിൽ ഞാനത് സൂക്ഷിച്ചിരുന്നില്ല.. പക്ഷെ എന്റെ മനസ്സിൽ നിന്നും ഞാനാരെയൊക്കെ അറിയാതെ ശപിച്ചു പോയിട്ടുണ്ടോ അവരൊക്കെ അനുഭവിച്ചിട്ടുണ്ട് അത്‌ മറ്റൊരു സത്യം... കിരീടം ഉണ്ണിയൊക്കെ അതിൽ പെടും ആ കഥകൾ പിന്നീടാവാം..
ആദ്യ കാലത്തെ എന്റെ 
ഓരോ സിനിമയും ജനങ്ങൾ കണ്ട് മതിമറന്നു ചിരിച്ചപ്പോഴും എന്റെ ഉള്ള് കരയുകയായിരുന്നു..... 
മുഖമുദ്രയുടെ എഡിറ്റിംഗ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു സുരേഷ് ഉണ്ണിത്താന്റെ സത്യപ്രതിജ്ഞ എന്ന സിനിമയുടെ എഡിറ്റിങ്ങും. രണ്ടും ഏകദേശം ഒരേ സമയം പൂർത്തിയായി.. സത്യപ്രതിജ്ഞയുടെ പ്രിവ്യു കഴിഞ്ഞപ്പോ രഞ്ജിത്തിന്റെ മുഖത്തു വല്ലാത്ത ടെൻഷൻ... എന്നോട് പറഞ്ഞു ആ പടത്തിന്റെ അടുത്ത് പോലും നമ്മുടെ പടം എത്തില്ല.. 
നമ്മുടെ പടം ഒരാഴ്ച ഓടിയാലായി.. ഞാൻ പറഞ്ഞു എന്റെ പടം ചുരുങ്ങിയത് 25 ദിവസം തീയേറ്ററിൽ ഉണ്ടാവും... സത്യപ്രതിജ്ഞയുടെ കാര്യം ഞാൻ പറയുന്നില്ല... വളരെ വിഷമിച്ചു ആ പടം തീർത്തു... തിരികെ മദ്രാസിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ 400 രൂപയാണ് കൈവശം ഉണ്ടായിരുന്നത്... 
മുഖമുദ്രയുടെ പോസ്റ്റർ ടൗണിൽ ഒട്ടി എല്ലായിടത്തും ഓടി നടന്നു നോക്കി.. വലിയ സിനിമയുടെ അത്ര പോസ്റ്റർ ഒന്നും ഇല്ല പക്ഷെ ഉള്ളത് നല്ല ഡിസൈൻ ആയിരുന്നു... തിരുവനന്തപുരത്ത് 
പടം റിലീസിന്റെ തലേന്ന് മോഹൻ സിത്താരയെയും കുടുംബത്തെയും ഞാൻ വിളിച്ചു...നാളെ സിനിമയ്ക്ക് എത്തണം...  രാവിലെ തന്നെ വിതരണക്കാരായ സെൻട്രലിന്റെ ഓഫീസിലെത്തി എന്റെ കുടുംബവും മോഹൻ സിത്താരയും കുടുംബവും സിനിമയ്ക്കുണ്ടാവും സീറ്റ് മാറ്റിവയ്ക്കണം എന്ന് പറഞ്ഞപ്പോൾ ആർക്കും ഫ്രീ ടിക്കറ്റ് കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു... സംവിധായകനും സംഗീതസംവിധായകനും സ്വന്തം സിനിമയ്ക്ക് ടിക്കറ്റെടുത്ത് കയറണമാത്രേ ... ദൈവമേ എന്റെ കയ്യിൽ കാശില്ല ഓടി ഇരന്നു സിതാര വരുമ്പോഴേക്കും, സഹായി സുന്ദരേശനും വന്നു   എങ്ങിനെയൊക്കെയോ ഭാര്യയും ഞാനും ടിക്കറ്റ് എടുത്തു വച്ചു സിത്താരയും കുടുംബവും വന്നു തീയേറ്ററിൽ കയറി... സാവകാശം ആള് നിറഞ്ഞു... മുഖമുദ്ര സ്‌ക്രീനിൽ തെളിഞ്ഞു...ഹൃദയം മിടിക്കുന്നു ജനം ആസ്വദിച്ചു കാണുന്നു...അവസാനതോടടുക്കുമ്പോൾ ആരോ പറയുന്നു ഈ ഡയറക്ടർ ആള് കൊള്ളാലോ.... ഹാവൂ.. ക്ലൈമാക്സ്‌ വന്നു എല്ലാം ശുഭകരം... 
ആ ഒരാഴ്ച്ച ബസ്സിൽ കയറി എന്നും കൈരളിക്ക് മുൻപിൽ വരും... 
House full ബോർഡ് കണ്ട് ബസ്സിൽ തിരിച്ചു പോകും... 
25 ആം ദിവസം, 50ആം ദിവസം  പോസ്റ്റർ ഒട്ടി.. 75 ദിവസം ഓടി..
വീട്ടിൽ പട്ടിണി തന്നെ പല പ്രാവശ്യം രഞ്ജിത്തിനെ വിളിച്ചു,.. കടം വാങ്ങി എറണാകുളത്ത് പോയി നേരിട്ട് കണ്ടു .. ഒടുവിൽ ഒന്നും ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞു ആ പ്രതിഫലം ഉപേക്ഷിച്ചു... 
225 രൂപ വാടകയുള്ള" ബംഗ്ലാവിൽ " താമസം.. ഫോണില്ല... സൂപ്പർ ഹിറ്റ് സംവിധായാകനെ തേടി ആരും വന്നില്ല. 
അന്ന് സുഹൃത്തുക്കളിൽ ഒരാളായിരുന്നു ജയൻ ചെമ്പഴന്തി, തിരക്കുള്ള സ്റ്റിൽ  ഫോട്ടോഗ്രാഫർ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ വലിയ പടങ്ങൾ ചെയ്യുന്നു, അന്ന് വലിയ ആൽബങ്ങൾ മൂന്നോ നാലോ എണ്ണം വേണം ഓരോ സിനിമയ്ക്കും.. ഞാൻ ജയനോട് പറഞ്ഞു ആൽബം ഞാനുണ്ടാക്കി തരാം അരിക്കുള്ള കാശ് കിട്ടുമല്ലോ... അങ്ങിനെ ആ പണി ഏറ്റെടുത്തു ടൗണിൽ പോയി പേപ്പറും റെക്‌സിനുമെല്ലാം മേടിച്ചു ആൽബമുണ്ടാക്കും.. ഒരൽബത്തിന് 400 രൂപ കിട്ടും... അക്കാലത്തു ജയൻ ചെമ്പഴന്തി സ്റ്റിൽ  ചെയ്ത സിനിമയുടെ ആൽബങ്ങളിലെ പുറം ചട്ടയ്ക്കുള്ളിൽ പലതിലും  എന്റെ പേര് ഞാൻ കുറിച്ച് വച്ചിട്ടുണ്ട്.. 
രഞ്ജിത്ത് പിന്നീട് കുറെ പടങ്ങൾ ചെയ്തു, പടങ്ങൾ തകർന്നു പിന്നീട് അറിയപ്പെടുന്ന പ്രൊഡക്ഷൻ എക്സികുട്ടീവ് ആയി, ചിപ്പിയെ വിവാഹം ചെയ്തു സംവിധാനം ചെയ്തു.. ഇപ്പോഴും പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ് തുടരുന്നു.. വല്ലപ്പോഴും പലയിടത്തും വച്ചു കാണും ഒരു പരിഭവും കാണിച്ചിട്ടില്ല.. എന്തൊക്കെയായാലും എനിക്ക് ഓർത്തുവയ്ക്കാൻ കുറേ അനുഭവങ്ങളും ഒരു നല്ല സിനിമയും സമ്മാനിച്ച ആളല്ലേ... സത്യത്തിൽ എനിക്കും രഞ്ജിത്തിനുമിടയിൽ എന്റെ പരാജയത്തിന് വേണ്ടി പ്രവർത്തിച്ച സേവിയർ, ഒരിക്കൽ ഗുണ്ടകളുടെ  തല്ലുകൊണ്ട് എന്റെ മുന്നിൽ കരഞ്ഞു വീണ ഒരു പഴയ എന്റെ ശിഷ്യനായിരുന്നു.. അയാളോടും വെറുപ്പില്ല ആ ഫ്രോഡ് ആണ് എന്നെ സിനിമയിൽ എത്തിച്ചത്... 
കാലം നമ്മളെ ഒഴുക്കി കൊണ്ട് പോകും നാം ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തേക്ക്.. ആ യാത്രയിൽ പല ഗോപുരങ്ങൾ ഇടിഞ്ഞു വീഴുന്നതും പുൽക്കൊടികൾ മഹാവൃക്ഷങ്ങളാവുന്നതും നാം കാണും.. കണ്ടങ്ങു പോകണം.. 
ഭാര്യയുടെ ദേഹത്തു നിന്നും സ്വർണ്ണം ഇറങ്ങിപ്പോയി... പിന്നീടവൾ അതിനെ തിരിച്ചു വിളിച്ചില്ല... 400 രൂപയുടെ ഒരു കട്ടിലും 150 രൂപയുടെ ഒരു മേശയും വര്ഷങ്ങളോളം ഞങ്ങളെ അനുഗമിച്ചു..വാടക  വീടുകളിൽ നിന്ന് വാടക വീടുകളിലേക്ക്...  
G മുരളിച്ചേട്ടൻ പോക്കറ്റിൽ നിന്നെടുത്തു നീട്ടിയ പണത്തിനു പകരമായി ബാംബൂ ബോയ്സ് വരെ അദ്ദേഹത്തിന് എഡിറ്റിങ് കൊടുത്തു, ,അദ്ദേഹത്തിന്റെ മകനെ FCP എഡിറ്റിംഗ് പഠിപ്പിച്ചു കൊടുത്തു.  പട്ടണം റഷീദിന്റെ കുടുംബത്തിനായിരുന്നു ബി. ഉണ്ണികൃഷ്ണൻ എന്നേ ഫെഫ്കയിൽ നിന്നും  പുറത്താക്കും വരെ എന്റെ സിനിമകളുടെ  മേക്കപ്പ് സ്ഥാനം.
അതുപോലെ കൂടെ സഞ്ചരിച്ചയാളാണ് ഇന്ദ്രൻസ്... ആ കഥകളൊക്കെ പിന്നെ പറയാം മുഖമുദ്ര ഇവിടെ അവസാനിപ്പിക്കുന്നു. 
മുഖത്ത് ചിരി മായാതെ വച്ചാൽ സുഹൃത്തുക്കൾ കരുതും അയാൾ ഹാപ്പിയാണ്.. 
ഒരുദിവസം ഇതേപോലെ വീട്ടിൽ അരി തീർന്ന് പണം തരാനുള്ള പ്രൊഡ്യൂസറുടെ വീട്ടിൽ പോയി, പ്രൊഡ്യൂസറുടെ ഭാര്യ പറഞ്ഞു സാർ പുറത്തു പോയതാ.. ഉടനെ വരും കുറേ നേരം വരാന്തയിലിരുന്ന് മടുത്തപ്പോൾ റോഡിലേക്കിറങ്ങി ഒന്ന് വലിക്കുമ്പോഴാണ്. സുഹൃത്ത് ബൈക്കിൽ വന്നടുത്തു ചവിട്ടി നിറുത്തിയത്.. എന്നിട്ട് പറഞ്ഞു വാടാ രണ്ടെണ്ണം അടിക്കാം ഞാനൊരു കമ്പനി തേടി നടക്കയായിരുന്നു.. തൊട്ടപ്പുറത്ത് ബാറാണ്.. 
ഞാൻ ചോദിച്ചു എത്ര വാങ്ങിത്തരും... 
നിനക്ക് വേണ്ടുവോളം... 
അപ്പൊ എനിക്ക് വേണ്ടി പത്തിരുനൂറ് രൂപ മുടക്കും.. 
ഷുവർ... 
ആ പണം എനിക്ക് തരാവോ വീട്ടിലേക്ക് അരി വാങ്ങാനാ.... 
പോടാ മൈരേ കളിയാക്കുന്നോ ഇതും പറഞ്ഞവർ ബൈക്കുമെടുത്തു മുൻപോട്ട് പോയി... 
ഞാൻ സ്തബ്ധനായി നിന്നു... 
എന്റെ മുഖത്തപ്പോഴും ചിരിയുണ്ടായിരുന്നു.. 
ഈ വരികൾ വായിക്കാൻ അവനിന്ന് ജീവനോടെയില്ല... 
ഒരുകാര്യം വിട്ടുപോയി അനന്തൻ പിള്ള അച്യുതൻ പിള്ള എന്ന നാടകത്തിൽ അഭിനയിച്ചവരെ ഈ സിനിമയിൽ ഉൾപ്പെടുത്തണം എന്നാഗ്രഹിച്ചിരുന്നു പക്ഷെ എന്ത്കൊണ്ട് സാധിച്ചില്ല എന്ന് ഈ കുറിപ്പുകൾ വായിക്കുമ്പോൾ അവർക്ക് മനസ്സിലാവും. 
.................


Post a Comment

0 Comments

Top Post Ad

Below Post Ad