‘ലോകം മുഴുവന്‍ സുഖം പകരാനായി…’ പാട്ട് പാടി, ഒപ്പം കൂടി, ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ക്ക് കരുത്ത് പകര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം : ലോകം മുഴുവന്‍ സുഖം പകരാനായി പാട്ട് പാടി ഒപ്പം കൂടി നടൻ മോഹന്‍ലാല്‍. ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ക്ക് കരുത്ത് പകര്‍ന്നതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഊര്‍ജവും വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിലോമീറ്ററുകള്‍ക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹന്‍ലാല്‍ പ്രശസ്തമായ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരുടേയും മനം കുളിര്‍ത്തു. എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകർക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ കൂടാതെ മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടിയത്. എല്ലാ ജില്ലകളിലുമുള്ള കൊറോണ ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നു. എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖല ചെയ്തു തരാന്‍ തയ്യാറാണെന്നും മലയാളത്തിൻ്റെ പ്രിയതാരം മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജീവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാനാണെന്നും വെളിപ്പെടുത്തി. എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. നിങ്ങള്‍ ലോകത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നും മോഹന്‍ലാല്‍ തൊഴുകയ്യോടെ പറഞ്ഞു.

കുടുംബവും കുട്ടികളും എല്ലാം മാറ്റിവച്ച് അഹോരാത്രം നമ്മുടെ എല്ലാവരുടേയും ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad