ലോക ഇലവനെ പ്രഖ്യാപിച്ച് ഷഹീദ് അഫ്രീദി; ആധിപത്യം പാക് താരങ്ങൾക്ക്; ടീമിൽ ഇന്ത്യയിൽ നിന്ന് ഒരേയൊരു താരം മാത്രം

കറാച്ചി: ലോക ഇലവനെ പ്രഖ്യാപിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ്‌ താരം ഷഹീദ് അഫ്രീദി. ഏകദിന ടീമിനെയാണ് അഫ്രീദി ട്വിറ്ററിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്താൻ താരങ്ങൾക്ക് ആധിപത്യം നൽകിയ ടീമിൽ ഇന്ത്യയില്‍ നിന്നും ഒരേയൊരു താരത്തെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.

ക്രിക്കറ്റ്‌ ഇതിഹാസം സാക്ഷാൽ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അഫ്രീദിയുടെ ലോക ഇലവനിൽ ഇടം പിടിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം. വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, എം.എസ് ധോണി, വിരാട് കോഹ് ലി എന്നിവരെയൊന്നും അഫ്രീദി തന്റെ ഇലവനിലേക്കു പരിഗണിച്ചില്ല.

11 താരങ്ങളില്‍ അഞ്ചു പേരും പാകിസ്‌താനില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. പാകിസ്താന്റെ മുന്‍ താരം സയിദ് അന്‍വറും ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാൻ ആദം ഗില്‍ക്രിസ്റ്റുമാണ് ലോക ഇലവന്റെ ഓപ്പണ്‍മാര്‍. അന്‍വറിനെ കൂടാതെ ഇന്‍സമാം ഉള്‍ ഹഖ്, റഷീദ് ലത്തീഫ്, വസീം അക്രം, ഷുഐബ് അക്തര്‍ എന്നിവരും ടീമിലുണ്ട്. റഷീദ് ലത്തീഫാണ് ലോക ഇലവന്റെ വിക്കറ്റ് കീപ്പർ.

പാകിസ്താൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ താരങ്ങൾ ഉള്ളത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്. ഗില്‍ക്രിസ്റ്റിനു പുറമെ, റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരും ഓസ്‌ട്രേലിയയില്‍ നിന്നു ലോക ഇലവനിലെത്തി. ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസാണ് ടീമിലെ മറ്റൊരു താരം.

Post a Comment

0 Comments

Top Post Ad

Below Post Ad