24 മണിക്കൂറിനുള്ളില്‍ കൊവിഡ് കവര്‍ന്നത്‌ 6919 ജീവന്‍: മരണം ഒന്നേകാല്‍ ലക്ഷം കടന്നു

വാഷിങ്ടൺ: ലോകത്താകമാനം കൊവിഡ് മരണം ഒന്നേകാൽ ലക്ഷം പിന്നിട്ടു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,26,537 പേരാണ് ഇതുവരെ മരിച്ചത്. 1,973,715 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 6,919 പേരുടെ ജീവൻ ചൊവ്വാഴ്ച നഷ്ടമായി.

കൊവിഡ് ഏറെ നാശംവിതച്ച അമേരിക്കയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. രോഗം സ്ഥിരീകരിച്ച 6,05,193 ആളുകളിൽ 25,989 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,349 പേർ മരണപ്പെട്ടു. ഇറ്റലിയിൽ മരണം 21,067 ആയി ഉയർന്നു. സ്പെയ്നിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ എണ്ണം 500ൽ താഴെയായി കുറഞ്ഞു. ആകെ മരണം 18,000 പിന്നിട്ടു.

ഫ്രാൻസിൽ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകൾ പോസിറ്റീവായി. 1,43,303 രോഗികളിൽ 15,729 പേർ ഇതുവരെ മരിച്ചു. ബ്രിട്ടണിൽ മരണം 12,000 പിന്നിട്ടു. അതേസമയം ജർമനിയിൽ മരണനിരക്കിൽ നേരിയ കുറവുണ്ട്. 310 പേർ മാത്രമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 3,495 ആയി. 1,32000ത്തോളം പേർക്ക് രോഗം സ്ഥീകരിച്ചു.

കാര്യങ്ങൾ നിയന്ത്രണ വിധേയമായ ചൈനയിൽ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. 82,295 പേർക്ക് രോഗം സ്ഥിരീകരിച്ച ചൈനയിൽ 1,137 രോഗികൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇറാനിൽ മരണം 4,683 ആയി.


ബെൽജിയത്തിൽ 4,157 പേരും നെതർലാൻഡിൽ 2,945 പേരും മരിച്ചു. തുർക്കിയിൽ നാലായിരത്തിലേറേ പേർക്ക് ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചു. 1,403 പേർ ഇതുവരെ മരിച്ചു. ഇന്ത്യയിൽ ഇതുവരെ 393 മരണമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം ലോകത്താകെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,78,503 ആയി വർധിച്ചു. 14 ലക്ഷത്തോളം രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 51,595 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

content highlights: corona casese, total corona death, covid updates



Tags

Post a Comment

0 Comments

Top Post Ad

Below Post Ad