നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; മുംബൈയിൽ ആരോഗ്യമേഖല കടുത്തപ്രതിസന്ധിയിൽ

മുംബൈ:കോവിഡ്-19 മഹാരാഷ്ട്രയിൽ കൂടുതൽ വ്യാപിക്കുന്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖലയൊന്നാകെ കടുത്ത പ്രതിസന്ധിയിൽ. സംസ്ഥാനത്ത് കൂടുതൽ ജനസാന്ദ്രതയും ഏറ്റവുമധികം കോവിഡ് ബാധിതരുമുള്ള മുംബൈയിലാണ് പ്രതിസന്ധി രൂക്ഷം. സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റൻറുമാർക്കും ശുചീകരണജോലി ചെയ്യുന്നവർക്കും വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് സ്ഥിതി വഷളാകാൻ കാരണം.


നിലവിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിൽ പണിയെടുക്കുന്നവരുമാണ്. കോവിഡ് ബാധിച്ച നഴ്സുമാരിൽ അന്പതോളം പേർ കേരളത്തിൽനിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.



ആശുപത്രികളിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേർക്ക് കോവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാർ പറയുന്നു. പി.പി.ഇ. കിറ്റുകൾ കോവിഡ് വാർഡുകളിൽ പ്രവർത്തിച്ചിരുന്നവർക്കു മാത്രമാണ് നൽകിയിരുന്നത്. സന്പർക്ക വിലക്കിൽ പോകേണ്ടിയിരുന്നവർവരെ പിന്നീട് നിർബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.



നഴ്സുമാരിൽ ഭൂരിഭാഗവും ഹോസ്റ്റലുകളിലും അപ്പാർട്ട്മെൻറുകളിലും കൂട്ടമായി മുറികൾ പങ്കുവെച്ച് താമസിക്കുന്നവരാണ്. ഒരു മുറിയിൽത്തന്നെ എട്ടുമുതൽ പന്ത്രണ്ടുപേർവരെ കഴിയുന്നുണ്ട്. ഇവരെ കൃത്യസമയത്ത് സന്പർക്കവിലക്കിൽ ആക്കിയില്ലെന്നും പരിശോധനകൾ യഥാസമയം നടത്തിയില്ലെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യയിൽത്തന്നെ ആരോഗ്യപ്രവർത്തകർക്ക് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും മുംബൈയിലാണ്. ഇന്ത്യയിൽ ആദ്യം രോഗം കണ്ടെത്തിയ കേരളത്തിൽ ഇതുവരെ ഒരു ഡോക്ടർക്കും മൂന്നു നഴ്സുമാർക്കും മാത്രമാണ് രോഗം പടർന്നത്. ഇതിൽ ഡോക്ടർ സ്പെയിനിൽ പോയി വന്നതാണ്.



ജനസംഖ്യാനുപാതികമായി ആശുപത്രികളില്ല

മുംബൈ മഹാനഗരത്തിൽ ജനസംഖ്യയ്ക്ക്‌ ആനുപാതികമായി കിടത്തിച്ചികിത്സയ്ക്കാവശ്യമായ വലിയ ആശുപത്രികൾ കുറവാണ്. കൂടുതലും ക്ലിനിക്കുകളെയും നഴ്സിങ് ഹോമുകളെയുമാണ് ആളുകൾ ആശ്രയിച്ചുവരുന്നത്. സ്വകാര്യ മേഖലയിലെ വൻകിട ആശുപത്രികളിൽ മിക്കതും അടിയന്തരസേവനം മാത്രമാണ് ഇപ്പോൾ നൽകുന്നത്. ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പല ആശുപത്രികളുടെയും പ്രവർത്തനം നിർത്തി. പത്തോളം നഴ്സിങ് ഹോമുകളിലെയും ചെറിയ ആശുപത്രികളിലെയും ആരോഗ്യപ്രവർത്തർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അവ അടയ്ക്കാൻ മുംബൈ കോർപ്പറേഷൻ നിർദേശം നൽകി.



കൂടുതൽ ആരോഗ്യപ്രവർത്തകരിലേക്കും ആളുകളിലേക്കും കോവിഡ് പടരാതിരിക്കാൻ ചെറിയ ക്ലിനിക്കുകളും സർക്കാർ നിർദേശത്തെത്തുടർന്ന് അടച്ചു. ഇതോടെ കോവിഡ് അല്ലാത്ത രോഗികൾക്ക് ചികിത്സയ്ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ടെലി മെഡിസിൻ സംവിധാനം ലഭ്യമാണെങ്കിലും പരിശോധനകൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സാധാരണക്കാരായ ആളുകൾക്കാണ് കൂടുതൽ ദുരിതം.



മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ 14 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വോക്ക്ഹാഡ് ആശുപത്രിയിൽ മാത്രം അന്പതിലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം പടർന്നിരുന്നു. ദാദറിലെ ശുശ്രൂഷാ ആശുപത്രിയിൽ രണ്ടു നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജസ്‌ലോക്, ബ്രീച്ച് കാൻഡി ആശുപത്രികളിലും രോഗബാധയുണ്ടായി. ബ്രീച്ച് കാൻഡി ആശുപത്രിയിലെ 180 ആരോഗ്യ പ്രവർത്തകരെ സന്പർക്കവിലക്കിലാക്കി. ഈ ആശുപത്രികളിലെല്ലാം പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ചികിത്സയിൽ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ആശുപത്രികളിൽ മിക്കതിലും അടിയന്തര സേവനങ്ങൾ മാത്രമാണ് നൽകുന്നത്. ദക്ഷിണ മുംബൈയിൽമാത്രം ഇതുവഴി 800 മുതൽ 900 ബെഡുകൾ വരെയാണ് കിടത്തിച്ചികിത്സയിൽ ഉപയോഗിക്കാൻ കഴിയാതെ വന്നിരിക്കുന്നത്.



സുരക്ഷാ നിർദേശങ്ങളിൽ വീഴ്ച

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇവർക്കു ലഭ്യമാക്കുന്ന സുരക്ഷയിലെ വീഴ്ചയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആശുപത്രികളിലും ജീവനക്കാർക്കും ഒരുക്കേണ്ട സുരക്ഷ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് പകരുന്നത് ഒഴിവാക്കാനാകുമെന്ന് നഗരസഭാ അധികൃതർ പറയുന്നു.



മുംബൈയിലെ കോവിഡ് പ്രത്യേക ആശുപത്രിയായി മാറ്റിയിട്ടുള്ള കസ്തൂർബ ആശുപത്രിയിൽ ഇതുവരെ ഒരു ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായിട്ടില്ലെന്നത് ഇതിനു തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പി.പി.ഇ. കിറ്റുകളുടെ ക്ഷാമമാണ് പ്രശ്നമായതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെൻറുകൾ പറയുന്നു. കൂടുതൽ കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്പോൾ ആരോഗ്യപ്രവർത്തകർക്ക് പടരാനുള്ള സാധ്യത കൂടുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad