
പലപ്പോഴും പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായി. കൊറോണ ഹോട്ട്സ്പോട്ടിൽ പെട്ട ജില്ലയാണ് കോഴിക്കോടെങ്കിലും ഇത്രയും ദിവസത്തെ അടച്ചുപൂട്ടൽ അപ്പാടെ ജനങ്ങൾ മറന്ന അവസ്ഥയായിരുന്നു. വിഷുക്കണിയും സദ്യയുമൊരുക്കാനായി കിലോമീറ്റർ വാഹനമോടിച്ച് ആളുകൾ നഗരത്തിലെത്തി. പോലീസ് പരിശോധന ശക്തമാണെങ്കിലും സത്യവാങ്മൂലം കാണിച്ചാണ് ആളുകൾ നിരത്തിലിറങ്ങിയത്.
തിരക്ക് കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാകളക്ടറും സബ്കളക്ടറും നേരിട്ടെത്തി ആളുകളെ നിയന്ത്രിച്ചു. പലകടകളിലും ആളുകൾ കൂടി നിന്നത് കച്ചവടം വീണ്ടും കടുത്ത നിയന്ത്രണത്തിലാക്കി മാറ്റി. മൂന്ന് പേരിൽ അധികം കൂടി നിന്നാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും വന്നു.
വിഷുവിന്റെ തലേദിവസം പാളയത്ത് കാണാറുള്ള സാധാരണയുള്ള അത്ര തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും സദ്യയൊരുക്കാനുള്ള ആവേശത്തിൽ തന്നെയായിരുന്നു ഇതുവരെ വീട്ടിലിരുന്നവർ. പച്ചക്കറി വരവിൽ കുറവുണ്ടായിരുന്നുവെങ്കിലും വലിയ വിലക്കയറ്റവുമുണ്ടായിട്ടില്ല. ഇതും ആളുകൾ കൂടാൻ കാരണമായി.
കൈവിട്ട് പോവുമെന്ന് തോന്നിയതോടെ പാളയം മാർക്കറ്റിന്റെ പ്രധാന കവാടം വീണ്ടും പോലീസ് അടച്ചു. കൃത്യമായ സത്യവാങ്മൂലമില്ലാത്തവരെ കടത്തിവിട്ടുമില്ല. എങ്കിലും നഷ്ടപ്പെട്ടുപോയ ലോക്ക്ഡൗൺ കാലത്തിന്റെ പ്രതാപം അൽപ്പമെങ്കിലും തിരിച്ച് പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് പാളയം മാർക്കറ്റിലേയും നഗരത്തിലേയും കച്ചവടക്കാർ. എടിഎം കൗണ്ടറുകൾക്ക് മുന്നിലും മത്സ്യമാർക്കറ്റിലുമൊക്കെ വലിയ തിരക്ക് തന്നെയുണ്ടായി. ഗ്രാമപ്രദേശങ്ങളിലും മറിച്ചായിരുന്നില്ല അവസ്ഥ. എല്ലാവരും വീട്ടിലുണ്ടാകുന്ന വിഷു ഇനിയൊരിക്കൽ ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ തൽക്കാലം ദുരിതകാലത്തെ മറന്ന് ആഘോഷത്തിന്റെ മൂഡിൽ തന്നെയായിരുന്നു ആളുകൾ.
Content Highlights:Crowd On The Road by Forgetting Lockdown