ഒരു ഏപ്രിൽ 13ന്റെ കഥ.ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ പറ്റി ശ്രീജിത്ത് പണിക്കർ

ഒരു ഏപ്രിൽ 13ന്റെ കഥ.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത ദിനങ്ങളിൽ ഒന്നാണ് ഏപ്രിൽ 13. 1919ൽ ഇതേ ദിവസമാണ് അമൃത്സറിലെ ജാലിയൻവാലാ പൂന്തോട്ടത്തിൽ ബൈശാഖി ആഘോഷിക്കാൻ കൂടിയ നിരായുധരായ ഇന്ത്യാക്കാരുടെ നേർക്ക് ബ്രിട്ടീഷുകാർ തുടർച്ചയായി നിറയൊഴിച്ചത്. റെജിനാൾഡ് ഡയർ എന്ന ഉദ്യോഗസ്ഥന്റെ ഉത്തരവിനെ തുടർന്ന് ആയിരത്തോളം ആൾക്കാർക്കാണ് അന്ന് ജീവഹാനി ഉണ്ടായത്. നൂറു കണക്കിന് ആൾക്കാരുടെ മൃതശരീരം പൂന്തോട്ടത്തിലെ കിണറ്റിൽ നിന്നാണ് കിട്ടിയത്.

കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച വില്യം ഹണ്ടർ കമ്മീഷനു മുന്നിൽ ഡയർ പറഞ്ഞത് ഇങ്ങനെ: "പൂന്തോട്ടത്തിൽ ആൾക്കൂട്ടം ഉണ്ടാവുകയാണെങ്കിൽ അവരെ കൊല്ലാൻ തന്നെ തീരുമാനിച്ചാണ് ഞാൻ അവിടെ ചെന്നത്. എനിക്ക് അവരെ വെടിവെക്കാതെ തന്നെ ഒഴിപ്പിക്കാമായിരുന്നു. പക്ഷെ ഞാൻ അങ്ങനെ ചെയ്താൽ അവർ വീണ്ടും അവിടെ ഒത്തുകൂടും, എന്നെ കളിയാക്കും. കൂടുതൽ ആൾക്കാരെ കൊല ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അതിനും താൻ മടിക്കുകയില്ലായിരുന്നു എന്നാണ് ഡയർ പറഞ്ഞത്. 

ഡയറിനെ ഇന്ത്യയിലെ സേവനത്തിൽ നിന്നും പിൻവലിക്കാനും, ഉദ്യോഗക്കയറ്റവും ഒപ്പം നൽകാൻ തീരുമാനിക്കപ്പെട്ടിരുന്ന ഔദ്യോഗിക ബഹുമതിയും റദ്ദു ചെയ്യാനും മാത്രമാണ് ബ്രിട്ടൻ തയ്യാറായത്. ബ്രിട്ടനിലേക്ക് തിരിച്ചു വിളിക്കപ്പെട്ട ഡയർ ജീവിതത്തിൽ ഒരിക്കലും താൻ നേതൃത്വം നൽകിയ കൂട്ടക്കൊലയിൽ പശ്ചാത്തപിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ഡയർ 1927ൽ അന്തരിച്ചു.

ഡയറിന്റെ നടപടിയെ പൂർണ്ണമായും പിന്തുണച്ച പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒ'ഡ്വയർ ആയിരുന്നു കൂട്ടക്കൊലയുടെ സൂത്രധാരൻ. പൗരാവകാശത്തിനു മേൽ ആയുധ നടപടിക്ക് അനുമതി നൽകുന്ന നിയമം പഞ്ചാബിൽ ഒ'ഡ്വയർ കൊണ്ടുവരികയും അതിന് ജാലിയൻവാലാ കൂട്ടക്കൊലക്ക് രണ്ടാഴ്ച മുൻപത്തേക്ക് നീട്ടി മുൻകാല പ്രാബല്യം കൊണ്ടുവരികയും ചെയ്തു. തന്നെയുമല്ല കൂട്ടക്കൊലയെ വൈസ്രോയി ചെംസ്ഫോർഡിനു മുന്നിൽ ന്യായീകരിക്കുകയും ചെയ്തു.

തന്റെ രാജ്യത്തെ ജനങ്ങളെ നിഷ്കരുണം കൊന്ന ഒ'ഡ്വയറിന് അതേ നാണയത്തിൽ തിരിച്ചടി നൽകുന്നതാണ് നീതിയെന്ന് വിശ്വസിച്ച ഒരാൾ അന്ന് പഞ്ചാബിൽ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ തന്റെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ട് അനാഥാലയത്തിൽ ജീവിച്ച ഉധം സിങ് എന്ന പഞ്ചാബി. കൂട്ടക്കൊല നടക്കുന്ന സമയത്ത് വെറും 19കാരൻ ആയിരുന്ന ഉധം സിങ് പ്രതികാരത്തിനായി കാത്തിരുന്നത് നീണ്ട 21 വർഷങ്ങൾ ആണ്.

ഒ'ഡ്വയറിനെ പിന്തുടർന്ന് ലണ്ടനിൽ എത്തിയ ഉധം മനസ്സിലാക്കുന്നു ഒ'ഡ്വയർ കാക്സ്ടൺ ഹാളിൽ പ്രസംഗിക്കാൻ വരുന്നുണ്ട് എന്ന്. കൃത്യമായ അളവിൽ ഒരു പുസ്തകത്തിലെ പേജുകൾ മുറിച്ചു മാറ്റി തന്റെ കൈത്തോക്ക് അതിൽ ഒളിപ്പിച്ചാണ് ഉധം ഹാളിൽ പ്രവേശിച്ചത്. ചടങ്ങ് അവസാനിച്ചപ്പോൾ വേദിയുടെ നേരെ നീങ്ങിയ ഉധം തന്റെ തോക്കെടുത്ത് ഒ'ഡ്വയറിനു നേരെ രണ്ടു തവണ വെടിയുതിർത്തു. ആ തിരകൾ ഒ'ഡ്വയറിന്റെ ഹൃദയവും ശ്വാസകോശവും തകർത്തു. അയാൾ തൽക്ഷണം വീണു മരിച്ചു. സംഭവശേഷം അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കാതിരുന്ന ഉധം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് അറസ്റ്റ് ചെയ്യുന്നതു വരെ കാത്തുനിന്നു. ബ്രിട്ടന്റെ മുൻ ഇന്ത്യാ സെക്രട്ടറി ആയിരുന്ന ലോറൻസ് ഡൻഡാസിനു നേരെയും രണ്ടു വെടി ഉതിർത്ത ഉധം അയാൾ മരിച്ചില്ലെന്നു കേട്ട് നിരാശനായി. എങ്കിലും തന്റെ ലക്ഷ്യം ഒ'ഡ്വയർ ആയുരുന്നെന്നും അയാളോടുള്ള പ്രതികാരമാണ് ചെറുപ്രായത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട തന്നെ മുന്നോട്ടു നയിച്ചതെന്നും ഉധം പറഞ്ഞു.

കസ്റ്റഡിയിൽ വെച്ച് തന്റെ പേര് റാം മുഹമ്മദ് സിങ് ആസാദ് എന്നാണെന്നാണ് ഉധം പറഞ്ഞത്. ബ്രിട്ടീഷുകാരന്റെ ഭക്ഷണം സ്വീകരിക്കാതെ ജയിലിൽ 42 ദിവസം ഉധം നിരാഹാരം കിടന്നു. അവസാനം ബലം പ്രയോഗിച്ചാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തിനു ഭക്ഷണം നൽകിയത്. 

വിചാരണാ വേളയിൽ ഉധം ഇങ്ങനെ കോടതിയോടു പറഞ്ഞു: "അയാൾ അത് അർഹിച്ചിരുന്നു. എന്റെ ആൾക്കാരെ നിഷ്കരുണം ഇല്ലാതാക്കിയ അയാളെ ഞാനും അതുപോലെ ഇല്ലാതെയാക്കി. 21 വർഷത്തെ പ്രതികാരത്തിനു വേണ്ടിയുള്ള ശ്രമം വിജയിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. എനിക്ക് മരണഭയം തീരെയില്ല. എന്റെ രാജ്യത്തിനു വേണ്ടി മരിക്കുന്നതിലും വലുതായ വേറെ എന്തു ബഹുമതിയാണ് എനിക്ക് കിട്ടാനുള്ളത്!"

1940 ജൂലൈ 31ന് ഉധം സിങ്ങിനെ ലണ്ടനിലെ പെന്റോൺവിൽ ജയിലിൽ തൂക്കിലേറ്റി. 2019ൽ കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ സംഭവത്തിൽ ഖേദമുണ്ടെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയോട് മാപ്പ് പറയാൻ അവർ തയ്യാറായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad