വിതരണത്തില്‍ ക്രമക്കേട് ; മൂന്നാറിൽ റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി

തൊടുപുഴ : മൂന്നാറിൽ കൊറോണ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണത്തില്‍ ക്രമക്കേട് വരുത്തിയ റേഷൻ കടയ്‌ക്കെതിരെ നടപടി. മൂന്നാർ കോളനിയിലെ 114-ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരമാണ് താല്‍ക്കാലികമായി റദ്ദ് ചെയ്തത്. നാട്ടുകാരുടെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടികൂടിയത്.

മൂന്നാര്‍ കോളനി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടക്കെതിരെയായിരുന്നു കാര്‍ഡുടമകളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നത്. പരാതി വ്യാപകമായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തുകയും കാര്‍ഡുടമകളുടെ ആക്ഷേപം നേരിട്ട് കേള്‍ക്കുകയും ചെയ്തു. പരാതികള്‍ ശരിവയ്ക്കും വിധം കടയില്‍ നിന്നും നാനൂറ് കിലോയിലധികം അരി ഉദ്യോഗസ്ഥര്‍ അധികമായി കണ്ടെത്തി. പ്രത്യക്ഷത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് റേഷന്‍ കടയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദ് ചെയ്യാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവം സംബന്ധിച്ച് റേഷന്‍കടയുടമയോട് വിശദീകരണം തേടിയിരുന്നെങ്കിലും ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

സ്റ്റോക്കില്ലെന്ന പേരില്‍ സര്‍ക്കാര്‍ അനുവദിച്ച അളവില്‍ കടയുടമ അരി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു കാര്‍ഡുടമകളില്‍ നിന്നും ഉയര്‍ന്ന പ്രധാനമായ പരാതി. എന്നാല്‍ മൊബൈല്‍ഫോണുകളില്‍ ലഭിച്ച സന്ദേശങ്ങളില്‍ തങ്ങള്‍ സാധനങ്ങള്‍ മുഴുവനായി കൈപ്പറ്റിയെന്ന തരത്തില്‍ അറിയിപ്പുകള്‍ വന്നിരുന്നതായും ആക്ഷേപമുണ്ട്. ഇത്തരം പരാതികള്‍ എല്ലാം പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചത്. കടയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദ് ചെയ്‌തെങ്കിലും റേഷന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ബഥല്‍മാര്‍ഗ്ഗമൊരുക്കിയിട്ടുണ്ട്. എന്നാൽ സൗജന്യ റേഷൻ അരിയിൽ ക്രമക്കേട് നടത്തിയത് തൻ്റെ ജീവനക്കാരിയണന്നാണ് കടയുടമയുടെ പ്രതികരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad