ഗൾഫ് മലയാളികളുടെ മടക്കം: കേന്ദ്രത്തിന്റെ തീരുമാനം കാത്ത് കേരളം


തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ തീരുമാനം കാത്ത് കേരളം. ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും പൊതുസ്ഥിതി കണക്കിലെടുത്ത് കേന്ദ്രനിർദേശങ്ങൾകൂടി പാലിച്ചുമാത്രമേ സംസ്ഥാനസർക്കാരിന് എന്തു തീരുമാനവും എടുക്കാനാവൂ.
കേരളത്തിനു മാത്രമായി ഇക്കാര്യത്തിൽ പെട്ടെന്ന് എന്തെങ്കിലും ചെയ്യാൻ പറ്റിയ സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തുന്ന സർക്കാർ മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികളെക്കുറിച്ച് കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്നതുവരെ വിദേശരാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസ് അനുവദിക്കരുതെന്നാണ് സംസ്ഥാനസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൗൺ കാലാവധിയായ 14-നു ശേഷമെടുക്കേണ്ട നിയന്ത്രണങ്ങൾ, മുൻകരുതലുകൾ എന്നിവയെപ്പറ്റിയുള്ള റിപ്പോർട്ട് പ്രകാരമാണെങ്കിൽ മേയ് പകുതി കഴിഞ്ഞേ മലയാളികളുടെ മടക്കം സാധ്യമാകൂ. അതും കൊറോണയിൽനിന്ന് രാജ്യം പൂർണമായും മോചിതമായി എന്നുറപ്പായെങ്കിൽ മാത്രം. എന്നാൽ, അതത് സംസ്ഥാനങ്ങളിലെ അവസ്ഥയ്ക്കനുസൃതമായി തീരുമാനം ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
യു.എ.ഇ., കുവൈത്ത്, ഖത്തർ, സൗദി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഹെൽപ് ഡെസ്ക് സ്ഥാപിച്ച് മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായതെല്ലാം നോർക്ക റൂട്സ് ചെയ്യുന്നുണ്ടെന്ന് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. അടച്ചുപൂട്ടൽ കാരണം കഷ്ടപ്പെടുന്നവർക്ക് ഭക്ഷണം, ക്വാറന്റൈനിലായവർക്ക് താമസസൗകര്യം തുടങ്ങിയവ ഉറപ്പാക്കാൻ ലോകകേരള സഭാംഗങ്ങൾ, മലയാളി സംഘടനകൾ എന്നിവയുടെ സഹായമുണ്ട്. തൊഴിൽ നഷ്ടമാകാതിരിക്കാൻ തൊഴിലുടമകളോട് അഭ്യർഥിക്കുന്നുമുണ്ട്. ഇതോടൊപ്പം എംബസികളിലേക്ക് നിരന്തരം ബന്ധപ്പെട്ട് സർക്കാരും നോർക്കയും വലിയ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. ഇതിനുപുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായവും തേടിയിരുന്നു
വിമാനസർവീസ് അനുവദിച്ചാൽപ്പോലും ഒറ്റയടിക്ക് മുഴുവൻ മലയാളികളെയും എത്തിക്കുക അസാധ്യവും അപ്രായോഗികവുമാണ്. വിമാനത്താവളത്തിലെത്തുന്ന മുഴുവൻ പ്രവാസികളെയും രണ്ടാഴ്ച നിരീക്ഷണത്തിലാക്കണമെന്നാണ് വിദഗ്ധ സമിതി പ്രധാനമന്ത്രിക്കു നൽകിയ ശുപാർശയിലുള്ളത്. ലക്ഷക്കണക്കിനാളുകൾ തിരിച്ചുവരവിനു തിടുക്കംകൂട്ടുമ്പോൾ ഇവരെയെല്ലാം ഒന്നിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കുക ശ്രമകരമായ ജോലിയാണ്. അതിനാൽ ഘട്ടംഘട്ടമായേ ഇവരെ എത്തിക്കാനിടയുള്ളൂ. ഇതിന് ഏറെ സമയമെടുക്കും.
ഇതിനകം ഹെൽപ്ഡെസ്കിലുംനോർക്കയിലും വിളിച്ച് സഹായംതേടിയത് ആയിരങ്ങളാണ്. വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞവർവരെ ഇക്കൂട്ടത്തിലുണ്ട്. വേവലാതിയോടെയാണ് ഇവരുടെ അന്വഷണങ്ങൾ. എന്നാൽ, കാലാവധി തീർന്നതിന്റെ പേരിൽ നടപടിയുണ്ടാകരുതെന്ന് കേരളം അതത് രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു.
Content Highlights: Kerala awaiting decision of Center
Tags

Post a Comment

0 Comments

Top Post Ad

Below Post Ad