ഐസിഎംആർ അനുമതി ലഭിച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ കൊറോണ പരിശോധന ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം : ഐസിഎംആർ അനുമതി ലഭിച്ചതോടെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊറോണ പരിശോധന ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. രണ്ടാഴ്ച മുമ്പ് തന്നെ റിയൽ ടൈം പിസിആർ മെഷീൻ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡി.എൻ.എ. എക്ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി. ജീവനക്കാർക്ക് പരിശീലനവും നൽകിയിരുന്നു.

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനകൾ വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ മെഷീനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിലാണ് മഞ്ചേരി മെഡിക്കൽ കോളേജിനേയും ഉൾപ്പെടുത്തിയിരുന്നത്. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേർന്നാണ് കോവിഡ് ലാബ് പ്രവർത്തിക്കുക. മഞ്ചേരി മെഡിക്കൽ കോളേജിലെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ലാബിലാണ് ഇതുവരെ അയച്ചിരുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ലാബിൽ പരിശോധനകൾ ആരംഭിക്കുന്നതോടെ കൂടുതൽ പരിശോധനകൾ വേഗത്തിൽ നടത്താനാവും.
മഞ്ചേരി മെഡിക്കൽ കോളേജിന് കൂടി ഐസിഎംആർ അനുമതി ലഭിച്ചതോടെ കേരളത്തിൽ 12 സർക്കാർ ലാബുകളിലാണ് കൊറോണ പരിശോധന നടക്കുന്നത്. എൻഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ കാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച്, കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി, എറണാകുളം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് കൊറോണ പരിശോധന നടക്കുന്നത്.
ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബുകളിലും പരിശോധന നടത്തുന്നുണ്ട്. കോട്ടയം, കണ്ണൂർ മെഡിക്കൽ കോളേജുകൾ ഐസിഎംആർ അനുമതി കാത്തിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad