ഹോട്ട്സ്പോട്ട് നി൪ണ്ണയത്തിൽ ഗുരുതര വീഴ്ച; കൊറോണ ബാധിച്ച പഞ്ചായത്തിനെ ഒഴിവാക്കി; ഒരു കേസുപോലുമില്ലാത്ത മുനിസിപ്പാലിറ്റി ഉൾപ്പെടുത്തി; അന്വേഷണം നടത്തണമെന്ന് ബിജെപി

ചെങ്ങന്നൂർ : ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഹോട്ട്സ്പോട്ടുകളുടെ നി൪ണ്ണയത്തിൽ ഗുരുതര വീഴ്ച. ആലപ്പുഴ ജില്ലയിലാണ് വീഴ്ച സംഭവിച്ചത്. ജില്ലയിൽ മൂന്ന് ഹോട്ട്സ്പോട്ടുകളാണ് സർക്കാർ നിർണയിച്ചത്. എന്നാൽ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ ഒരു കേസുപോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കൊറോണ റിപ്പോർട്ട് ചെയ്ത മുളക്കുഴ പഞ്ചായത്തിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലിസ്റ്റ് തയ്യാറാക്കിയതിൽ അപാകതയുണ്ടെന്നു ബിജെപി ആരോപിക്കുന്നു. ലിസ്റ്റിലെ അപാകതയിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ഏത് മാനദണ്ഡത്തിലാണ് ചെങ്ങന്നൂർ നഗരസഭ വന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറയാൻ തയ്യറാകണം. ഇത്തരത്തിലാണ് ലിസ്റ്റ് തയ്യാറാക്കുന്നതെങ്കിൽ എങ്ങനെ ജനങ്ങളുടെ ആശങ്ക ദൂരികരിക്കാനാകും. ലിസ്റ്റ് തയ്യാറാക്കുന്നതിൽ വീഴ്ച്ച വന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
നഗരസഭയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ പ്രതികരിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പു മന്ത്രി അടക്കമുള്ളവ൪ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad