കൊറോണക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ക്ക് കരുത്തേകി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കും ഈജിപ്റ്റിനും സഹായം ഉറപ്പുനല്‍കി

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കും, ഈജിപ്റ്റിനും മരുന്നുകളും മറ്റു സഹായങ്ങളും നല്‍കാമെന്ന് ഇന്ത്യ ഉറപ്പുനല്‍കി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റമാഫോസയുമായും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രിതന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റമാഫോസയുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമെങ്കില്‍ മരുന്നുകളും, മറ്റു ഉപകരണങ്ങളും രാജ്യത്തിന് നല്‍കാം എന്നും ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേയും ഈജിപ്റ്റിലേയും സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള ഈജിപ്റ്റിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനോടകം തന്നെ പല രാജ്യങ്ങള്‍ക്കും ഇന്ത്യ മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടുമെന്നാണ് വിലയിരുത്തല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad