ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം: കേന്ദ്രം വിശദീകരണം തേടിയതിന് പിന്നാലെ ഇളവുകളില്‍ തിരുത്തുമായി കേരളം

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തൽ വരുത്തി കേരളം. ബാർബർ ഷോപ്പുകൾ തുറക്കാനും ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിൻവലിച്ചത്.
സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം തിരുത്തലുമായി രംഗത്തെത്തിയത്.
ബാർബർ ഷോപ്പുകൾ തുറക്കില്ല പകരം ബാർബർമാർക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിൻവലിച്ചപ്പോൾ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒൻപത് മണിവരെയായി പുനഃക്രമീരിച്ചു.
കേരളം നൽകിയ ലോക്ക്ഡൗൺ ഇളവുകൾ കേന്ദ്രനിർദേശത്തിൽ വെള്ളം ചേർത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചർച്ചചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
വർക്ക്ഷോപ്പുകൾ തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനം ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ വർക്ക്ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad