ലോക്ക് ഡൗണ്‍; സമഗ്ര മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള സമഗ്ര മാര്‍ഗ രേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. രാജ്യമൊട്ടാകെ നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, കൊറോണ മേഖലകലില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍, ഏപ്രില്‍ 20 ന് ശേഷം രാജ്യത്ത് അനുവദിച്ചിരിക്കുന്ന ഇളവുകള്‍ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന മാര്‍ഗ രേഖയാണ് ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.


പുതുക്കിയ മാര്‍ഗ രേഖ പ്രകാരം റെയില്‍, റോഡ്, വ്യോമ ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടല്‍ മേഖല, സിനിമാ തിയറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍ എന്നിവയ്ക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തന വിലക്ക് തുടരും.



സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരിക യോഗങ്ങള്‍, മതപരമായ ഒത്തുകൂടലുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍, പൊതുസ്ഥലത്തെ ഒത്തുചേരല്‍ എന്നിവയ്ക്കും നിരോധനം തുടരും. രാജ്യമൊട്ടാകെ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്‌ക്ക് ധരിക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അണുനാശിനി ഉപയോഗിക്കുന്നതും അവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും തെര്‍മല്‍ സ്‌ക്രീനിംഗും കര്‍ശനമാക്കിയിട്ടുണ്ട്.



പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കും. വൈദ്യസഹായം, നിയമ-ക്രമസമാധാനപാലനം, സര്‍ക്കാറിന്റെ അനിവാര്യജോലികള്‍ തുടങ്ങിയവക്ക് അവശ്യസര്‍വീസെന്ന നിലയില്‍ ഇളവ് അനുവദിക്കും. കൊറോണ വൈറസിന്റെ അതിവ്യാപനമുള്ള ജില്ലകളില്‍ കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കും. ഈ മേഖലകളില്‍ അവശ്യസര്‍വീസ് ഒഴികെയുള്ള എല്ലാത്തിനും നിരോധനമുണ്ട്. ജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല.



രാജ്യത്തെ കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളുടെ സമ്പൂര്‍ണപ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് ഈ മാസം 20 മുതല്‍ ഇളവ് നല്‍കുന്നത്. ഗ്രാമീണമേഖലയിലെ സാമ്പത്തികരംഗം പരമാവധി ശേഷിയില്‍ പുനരുജ്ജീവിപ്പിച്ച് ദിവസക്കൂലിക്കാര്‍ക്ക് തൊഴില്‍ നല്‍കും. നിര്‍ദിഷ്ട വ്യവസായങ്ങള്‍ക്കും ഡിജിറ്റല്‍ മേഖലയ്ക്കും കര്‍ശന ശുചിത്വപ്രതിരോധ ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കും.



നിര്‍ദിഷ്ട വ്യവസായങ്ങള്‍ക്കും ഡിജിറ്റല്‍ മേഖലയ്ക്കും കര്‍ശന ശുചിത്വപ്രതിരോധ ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കും. അതേസമയം കോവിഡ് 19 വ്യാപനം തടയുന്നിന് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ ജില്ലാ മജിസ്ട്രേട്ടുകള്‍ മുഖാന്തരം നടപ്പാക്കും.. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ദുരന്തനിവാരണ നിയമത്തിലെ ശിക്ഷാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.



അവശ്യ, അവശ്യമല്ലാത്തത് എന്നിങ്ങനെയുള്ള വേര്‍തിരിവില്ലാതെ എല്ലാത്തരം സാധനങ്ങളുടെയും കടത്ത് അനുവദിക്കും. കാര്‍ഷികമേഖലയില്‍ ഉല്‍പാദനം, സംഭരണം, വിപണനം വളം, കീശനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഉള്‍നാടന്‍ ജലാശയങ്ങളിലും കടലിലും മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികള്‍ക്കും അനുവാദം നല്‍കും.












മൃഗസംരക്ഷണമേഖലയില്‍ ക്ഷീരോല്‍പാദനം, പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിതരണം, ഇറച്ചിക്കോഴി വ്യവസായം, തേയില, കാപ്പി റബര്‍ തോട്ടങ്ങള്‍ എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥക്ക് ഉത്തേജനം നല്‍കുന്നതിനായി മേഖലയിലെ വ്യവസായങ്ങള്‍, ഭക്ഷ്യോല്‍പാദനസംസ്‌കരണം, റോഡ് നിര്‍മാണം, ജലസേചന പദ്ധതികള്‍, കെട്ടിടനിര്‍മ്മാണം, വ്യവസായ പദ്ധതികള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ മേഖലയിലെ പൊതു സേവനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കും.


Post a Comment

0 Comments

Top Post Ad

Below Post Ad