കൊറോണയിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കണം; ഏപ്രിലിൽ 30,000ത്തിലധികം സുരക്ഷാ കവചങ്ങൾ നിർമ്മിച്ച് നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇകള്‍) നിര്‍മ്മിച്ചു നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഫീല്‍ഡ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്.



ഏപ്രിലില്‍ ഇത്തരത്തില്‍ 30,000ത്തിലധികം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്. മെയ് മാസത്തോടെ ഇത് 1,00,000 ആക്കാനും റെയില്‍വെ ലക്ഷ്യമിടുന്നു. ഗ്വാളിയറിലെ ഡി ആര്‍ ഡി ഒ ലാബില്‍ പി.പി.ഇകളുടെ പരിശോധന നടത്തുകയും ഇതിനകം അവയ്ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.



ഇന്ത്യന്‍ റെയില്‍വെയുടെ കീഴിലുള്ള ഡോക്ടര്‍മാരും ആരോഗ്യ മേഖലയിലെ ജീവനക്കാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ രോഗത്തോട് നേരിട്ടാണ് പോരാടുന്നത്. ഇവര്‍ക്കു രോഗം ബാധിക്കാതിരിക്കാനുള്ള കരുതല്‍ എന്ന നിലയില്‍ ആദ്യ പടിയായി ശരീരത്തിലേയ്ക്കു വൈറസ് വ്യാപിക്കാതിരിക്കാനായി പ്രത്യേക സുരക്ഷാ കവചങ്ങളാണ് നല്‍കേണ്ടതെന്ന് റെയിൽവേ അറിയിച്ചു.



കൊറോണ ബാധയ്ക്കു പുറമെ മറ്റ് അസുഖങ്ങള്‍ കൂടി ഇവര്‍ക്കു വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. താരതമ്യേന കൊറോണ വ്യാപനം നിയന്ത്രിതമായ അവസ്ഥയിലാണ് എങ്കിലും രോഗവ്യാപനം കൂടിയാല്‍ ഇത്തരത്തിലുള്ള സുരക്ഷാ കവചങ്ങളുടെ ആവശ്യവും വലിയ തോതില്‍ വര്‍ദ്ധിക്കും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് റെയില്‍വേ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് തയ്യാറായത്. റെയില്‍വേയുടെ 5000ത്തിലധികം ബോഗികളില്‍ ഇതിനകം തന്നെ ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad