അതിരുകള്‍ക്കപ്പുറത്ത് സേവനദൗത്യവുമായി ഒരു ഗവര്‍ണ്ണർ


ഐസ്വാൽ: കൊറോണ വ്യാപന കാലത്ത് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ സേവനങ്ങൾ ലോകത്തിന് മാതൃകയാകുന്നു. മിസോറാമിലെ ജനങ്ങൾക്കായി അദ്ദേഹം കേരളത്തിലെ വൻകിട വ്യവസായങ്ങളിൽ നിന്നും 10 ലക്ഷം രൂപയാണ് സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപയും, പ്രധാനമന്ത്രിയുടെ പി എം കേയറിലേക്ക് അദ്ദേഹം അഞ്ചു ലക്ഷം രൂപയും തന്‍റെ വ്യക്തി നിഷ്ഠ അക്കൌണ്ടില്‍ നിന്ന്  സംഭാവന ചെയ്തിരുന്നു .


മിസോറാമില്‍ കൊവിട് ബാധിതർ കുറവാണ് എങ്കിലും  മെഡിക്കൽ സൗകര്യം കുറ്റമറ്റതായി കൊണ്ട് പോകുന്നതില്‍  ഗവർണറുടെ ഇടപെടല്‍ നടന്നു. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവിടുത്തെ ഏക മെഡിക്കൽകോളേജ് ആയ മിസോറാം മെഡിക്കൽ കോളേജിൽ സ്രവ പരിശോധനാ ലാബ് ഏപ്രിൽ 2 മുതൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു .
തൻറെ മാതൃ സംസ്ഥാനമായ കേരളത്തിലെ മലയാളികൾക്കായി ഇക്കഴിഞ്ഞ ഒരാഴ്ചക്കകം ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ള  ചെയ്ത സേവനങ്ങൾ ഏറെയാണ്. ഏപ്രിൽ ഏഴിന് നാഗാലാൻഡിൽ ഗ്രഫിൽ, മേസന്‍ ആയി ജോലി ചെയ്തിരുന്ന 49 വയസ്സുള്ള വാമനൻ എന്ന വ്യക്തി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്ന സാഹചര്യമുണ്ടായി. ചരിത്രത്തിൽ ആദ്യമായി ഭൗതികശരീരം പ്രത്യേക എയര്‍ഫോഴ്സ് എയര്‍ക്രാഫ്റ്റിൽ കേരളത്തിൽ എത്തിച്ചത് അദ്ദേഹത്തിൻറെ ഇടപെടൽ കൂടി കൊണ്ടായിരുന്നു. ശ്രീ വാമനന്റെ ഭാര്യ എസ് ബിന്ദു ഗവർണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഭർത്താവിൻറെ ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു  ശബ്ദസന്ദേശം അയക്കുകയായിരുന്നു .
ഗവർണർ തന്നെ ,എഡിസിയേയും, ഓ എസ് ഡിയേയും  വിവരങ്ങൾ അന്വേഷിക്കാന്‍  ചുമതലപ്പെടുത്തുകയും അവർ മുഖേന നാഗാലാൻഡിലെ വാമനന്‍  ജോലി ചെയ്ത പട്ടാള റെജിമെന്റില്‍ അന്വേഷിക്കുകയും ചെയ്തു . മൃതദേഹം കൊഹിമയിലെ ഗവൺമെൻറ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നും  ലോക്ഡൗൺ കാരണം നാട്ടിൽ എത്തിക്കാൻ മറ്റു മാർഗം ഇല്ല എന്ന് അവർ അറിയിച്ചു .

ഉടൻതന്നെ ഗവർണർ പി എസ് ശ്രീധരൻ പിള്ള നാഗാലാൻഡ് ഗവർണർ ശ്രീ ആര്‍ രവിയെ ഫോണിൽ ബന്ധപ്പെടുകയും വിഷയത്തിലെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.  ശ്രീ രവി മുന്‍പ് കേരളത്തിൽ പോലീസ് എസ് പി ആയി 1980 – 90 കളിൽ ജോലി ചെയ്തിട്ടുള്ള ആളാണ് . അദ്ദേഹം നാഗാലാൻഡിലെ ഉയർന്ന മിലിറ്ററി ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക എയർക്രാഫ്റ്റ് വഴി ഭൗതികദേഹം കൊണ്ടുപോകാൻ 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നും പട്ടാളത്തിന് അതിന് വകുപ്പില്ല എന്നും മനസ്സിലാക്കി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  രണ്ട് സംസ്ഥാന ഗവർണർമാരും ചേർന്ന് പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് അടിയന്തരമായി തന്നെ മൃതദേഹം കൊണ്ടുപോകാൻ ഏർപ്പാട് ചെയ്യുകയാണ് ഉണ്ടായത്.  ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ എയർഫോഴ്സ് സ്പെഷ്യൽ എയർക്രാഫ്റ്റ് തയ്യാറാക്കുകയും ,ഏപ്രിൽ 9ന് മരണപ്പെട്ട ശ്രീ വാമനന്റെ ഭൗതികദേഹം രാത്രി 8 മണിയോടെ കൊച്ചി നേവൽ ബേസ് വിമാനത്താവളത്തിൽ എത്തിച്ചു. മാത്രവുമല്ല  കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി നേരിട്ട് ബന്ധപ്പെട്ട് ഭൗതികദേഹം കൊച്ചിയിൽനിന്ന് ഔദ്യോഗികമായിത്തന്നെ സ്വദേശമായ ചെട്ടികുളങ്ങരയിൽ എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു. ഇതിനു തൊട്ടടുത്ത ദിവസം തന്നെയാണ് അദ്ദേഹത്തിൻറെ സഹായത്താല്‍ വൃക്ക മാറ്റിവെക്കപ്പെട്ട സന്തോഷ് എന്ന വ്യക്തിയുടെ അവശ്യ മരുന്നുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ സാധിച്ചത്.

എറണാകുളത്തെ ആശുപത്രിയിൽ വൃക്കസംബന്ധമായ ഓപ്പറേഷൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ആവശ്യമായ മരുന്നുകൾ മിസോറാമില്‍ ലഭ്യമായിരുന്നില്ല. കയ്യിലെ മരുന്ന് ഏപ്രിൽ 12 തീയതി വരെയുള്ളത് മാത്രമാണ് ഉണ്ടായിരുന്നത്. ഓപ്പറേഷനു ശേഷം സ്ഥിരമായി കഴിക്കേണ്ട മരുന്ന് ആയതുകൊണ്ട് ഏറെ വിഷമത്തിലായിരുന്നു സന്തോഷ് . കേരളത്തിലെ, കൊല്ലത്തെ യുവമോർച്ചയുടെ നേതാവുവഴി വിവരം ഗവര്‍ണ്ണറുടെ ഓഫീസിനെ ധരിപ്പിക്കുക ആയിരുന്നു. ഗവർണറുടെ ഓഫീസ് മുഖേന നടത്തിയ അന്വേഷണത്തിൽ മരുന്ന് അസമിലെ ഗോഹട്ടിയില്‍ ലഭ്യമാണെന്ന് അറിഞ്ഞു.
തുടർന്ന് സംസ്ഥാന പോലീസ് ഡിജിപി മുഖേന, മരുന്ന് കൊണ്ട് വരുന്നതിനായി ഒരാളിനെ നേരിട്ട് ഗോഹട്ടിയിലേക്ക് അയക്കുകയും സന്തോഷിന് ആവശ്യമായ മരുന്ന് വരുത്തി നല്‍കുകയും ചെയ്തു. ഐസ്വാളില്‍ നിന്ന്  വാഹനത്തിൽ ഗോഹട്ടി എത്താൻ ഏകദേശം 12 മണിക്കൂർ എടുക്കും. രണ്ട് ദിവസത്തെ യാത്ര കൊണ്ടാണ് മരുന്ന് സന്തോഷിന് എത്തിക്കാൻ സാധിച്ചത് .ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനാണ് ഗവർണറുടെ ഇടപെടൽമൂലം കഴിഞ്ഞത് എന്നത് ആശ്വാസമാണ്.
 ഏറ്റവുമൊടുവിൽ കേരളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയിലെ കോഴിക്കോട്ടെ ഉദ്യോഗസ്ഥന്‍റെ ജ്യേഷ്ഠൻ കാൻസർ രോഗബാധിതനായി വളരെ ഗുരുതരമായ അവസ്ഥയിൽ ഡൽഹിയിൽ കഴിയുകയാണെന്നും,  അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ പോലും ആവുന്ന സാഹചര്യത്തിൽ ആയിരുന്നില്ല ഭാര്യ എന്ന വിവരം ലഭിക്കുന്നത്.  രണ്ട് മക്കളും മുംബൈയിലായിരുന്നു അതുകൊണ്ട് അവർക്കും എത്താനുള്ള സാഹചര്യം നിലവിലുണ്ടായിരുന്നില്ല .
തൻറെ പത്ര സ്ഥാപനം മുഖേനയും മറ്റു ചില മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുഖേനയും ബോംബെയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുവാനുള്ള വാഹന പാസ് ലഭിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ  തുടര്‍ന്ന്  അവസാന ആശ്രയം എന്ന നിലയ്ക്കാണ് മിസോറാം ഗവർണറെ ബന്ധപ്പെടുന്നത്.
ഏപ്രിൽ മാസം പതിനൊന്നാം തീയതി മാതൃഭൂമി ഉദ്യോഗസ്ഥൻ, ഗവർണറെ വിളിച്ച് വിവരം ധരിപ്പിക്കുമ്പോള്‍ , അന്നേ ദിവസം ഉച്ചക്ക് 12 മണി കഴിഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം കാരണം യാത്ര കർശനമായി നിരോധിച്ചിരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.  എങ്കിൽത്തന്നെയും ഗവർണർ ശ്രീധരൻപിള്ള ഉടൻതന്നെ മഹാരാഷ്ട്ര ഗവർണർ ഭഗത്സിംഗ് ഷകാരിയുമായി ബന്ധപ്പെട്ട് വിവരത്തിന്‍റെ ഗൗരവം ധരിപ്പിച്ചു.

തുടര്‍ന്ന് രോഗിയുടെ മക്കളായ ജയകൃഷ്ണന്‍, ഹരിഗോവിന്ദൻ നായർ എന്നിവർക്ക് മുംബൈയിൽ നിന്ന് ഡൽഹി വരെ കാറിൽ യാത്ര ചെയ്യുന്നതിനുള്ള  പ്രത്യേക അനുമതി  മഹാരാഷ്ട്ര പോലീസ് ഡിജിപി നൽകി. ഇതോടുകൂടി അടുത്ത ദിവസംതന്നെ ഡൽഹിയിലെത്തി ഇരുവര്‍ക്കും  അച്ഛനെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റ്യൂട്ടില്‍ പ്രവേശിപ്പിക്കുന്നതിനു കഴിഞ്ഞു. ഇതോടെ ഈ ലോക്ഡൗൺ കാലത്ത്  അടിയന്തിര ആരോഗ്യപരിരക്ഷ ലഭിക്കാതെ ബുദ്ധിമുട്ടേണ്ടിയിരുന്ന ഒരു രോഗിക്കും, പ്രത്യേകിച്ച് ഒരു മലയാളി കുടുംബത്തിനും കൂടി ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സഹായമാണ് ആണ് ലഭ്യമായത്.
ഭരണഘടനാ പദവിയായ ഗവർണർ സ്ഥാനത്ത് ഇരുന്നുകൊണ്ട്  ഒരു ഗവർണർക്ക് എങ്ങനെ കൂടുതൽ ജനകീയമായി , ജനനന്മയ്ക്ക് പല കാര്യങ്ങളും ചെയ്യാം എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് വിഷുക്കാലത്ത് മിസോറാമിലെ രാജ്ഭവനിൽ ഇരുന്ന് മലയാളികൾക്കായി ഗവർണർ പി എസ് ശ്രീധരൻ പിള്ള ചെയ്തത്. ഏപ്രിൽ 8 നും 12 നും ഇടയിൽ രണ്ട് മനുഷ്യജീവനുകൾ രക്ഷപ്പെടുത്തുകയും, മരണപ്പെട്ട ഒരാളുടെ ഭൗതികദേഹം എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് കൊഹിമയില്‍ നിന്ന് കേരളത്തിൽ എത്തിക്കുകയും ചെയ്ത മനസ്സിനെ അഭിനന്ദിക്കുകയാണ് ഇന്ന് മലയാളി സമൂഹം..
പൊതുപ്രവർത്തകൻ ആയിരുന്നപ്പോഴും വ്യത്യസ്തമായ  പ്രവർത്തന ശൈലിയിലൂടെ രാഷ്ട്രീയത്തിനതീതമായി ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം അക്ഷരങ്ങളുടെ മേഖലയിലും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും അഭിഭാഷകവൃത്തിയിലും  ഒരേപോലെ തിളങ്ങിനിന്നിരുന്ന വ്യക്തിക്ക് ഗവർണർ പദവി ഒരു അലങ്കാരമല്ല എന്ന് അദ്ദേഹം ബോധ്യപ്പെടുത്തുകയാണ്.
അക്ഷരങ്ങളുടെ ലോകത്ത്  105 പുസ്തകങ്ങളുടെ നിറവിൽ നിൽക്കുമ്പോൾ ഈ കൊറോണ കാലത്ത് മിസോറാമിനെക്കുറിച്ച് കവിതകളുടെ രചനയിലാണ്. ഉടൻതന്നെ പുതിയ ആറ് പുസ്തകങ്ങളുടെ പ്രകാശനം ഉണ്ടാകും. പ്രധാനമന്ത്രി മുതൽ സാധാരണക്കാരൻ വരെയുള്ളവര്‍ അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നത് നാം കണ്ടിട്ടുണ്ട്  മിസോറാമിലെ  പ്രത്യേക സാഹചര്യങ്ങളിൽപ്പോലും, തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ എല്ലാവരെയും രാഷ്ട്ര നന്മക്കായി ചേര്‍ത്തു നിര്‍ത്താന്‍ കഴിയുന്നു എന്നുള്ളത് കഴിഞ്ഞ നാളുകളില്‍ നാം കണ്ടതാണ്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അവിടെക്കണ്ട ജനങ്ങളുടെ പങ്കാളിത്തം ഉണ്ടായത് ആ നാട്ടിലെ ജാതിമത കക്ഷികൾക്കിടയിൽ അഭിപ്രായ ഐക്യത്തെയും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചതു കൊണ്ടാണ്. പദവികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്….അദ്ദേഹം വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു…


Tags

Post a Comment

0 Comments

Top Post Ad

Below Post Ad