രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17000 കടന്നു; മഹാരാഷ്ട്രയില്‍ നാലായിരത്തിലധികം രോഗികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17,000 കടന്നു. 17,265 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,546 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 14,175 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 543 പേര്‍ ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശ പൗരനാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. നാലായിരത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 507 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 223 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ 2003 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 72 പേര്‍ രോഗ മുക്തരായി. വൈറസ് ബാധയെ തുടര്‍ന്ന് 45 പേര്‍ മരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ താരതമ്യേന കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്ന ഗുജറാത്താണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനം. 1,734 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 105 പേര്‍ ആശുപത്രി വിട്ടു. 63 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന തമിഴ്‌നാട്ടില്‍ പുതിയ കൊറോണ കേസുകളില്‍ കുറവുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇന്നലെ മാത്രമാണ് തമിഴ്‌നാട്ടില്‍ നൂറില്‍ കൂടുതല്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. 1477 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 108 പേര്‍ രോഗമുക്തി നേടി. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗോവയില്‍ വൈറസ് ബാധിച്ച അവസാന രോഗിയും ആശുപത്രി വിട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad