ഉയിർത്തെഴുന്നേൽപ്പ്‌ ; കാസർകോട്ട് 25 പേർ രോഗമുക്തരായി, പുതിയ രോഗികളില്ല

കാസർകോട്:കാസർകോടിന് ഞായറാഴ്ച എല്ലാ അർഥത്തിലും ഉയിർത്തെഴുന്നേൽപ്പുദിനമായി. 25 പേർ കോവിഡ് രോഗമുക്തരായി, പുതിയ രോഗികൾ ഉണ്ടായതുമില്ല. ജനറൽ ആസ്പത്രിയിലെ ശേഷിച്ച 73 രോഗികളിൽ 25 പേരാണ് രോഗമുക്തി നേടിയത്. ഇവരിൽ 23 പേർ ആസ്പത്രി വിട്ടു. മറ്റുരണ്ടുപേരുടെ ബന്ധുക്കൾ ഇവിടെ ചികിത്സയിലുണ്ട്. അവർ തിങ്കളാഴ്ച മടങ്ങിയേക്കും. കൂടുതൽ ഫലം നെഗറ്റീവായിവരുന്നുണ്ട്. മൂന്നുനാലുദിവസത്തിനകം എല്ലാവരെയും ഡിസ്ചാർജ് ചെയ്യാമെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. കാസർകോട്ട് ഇത്രയും പേർ ഒന്നിച്ച് ആസ്പത്രി വിടുന്നത് ആദ്യമാണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 62 ആയി. ഇനി 104 പേരാണ് അവശേഷിക്കുന്നത്.


ജില്ലയിൽ ഏറ്റവും കൂടുതൽ സാമൂഹികവ്യാപനഭീതി വിതച്ച എരിയാൽ കുളങ്ങര വീട്ടിൽ കെ.സി. അബ്ദുൾ അമീറും (41) ഞായറാഴ്ച ആസ്പത്രിവിട്ടവരിൽ പെടുന്നു. എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീൻ, കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാർ തുടങ്ങിയവരടക്കം ആയിരത്തോളം പേരുമായി അമീറിന് സമ്പർക്കമുണ്ടായിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന്റെ അടുത്തദിവസമാണ് സംസ്ഥാനത്ത് പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റിയതും കാസർകോട്ട് കടകൾ തുറക്കുന്നത് 11 മുതൽ അഞ്ചുവരെയാക്കി നിജപ്പെടുത്തിയതും. എം.എൽ.എ.മാർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ, ഇദ്ദേഹത്തിൽനിന്ന് ആർക്കും രോഗം പടർന്നില്ല. അമീർ ഉൾപ്പെടെ രോഗമുക്തി നേടിയവരെ യാത്രയാക്കാൻ എൻ.എ.നെല്ലിക്കുന്ന് ആസ്പത്രിയിൽ വന്നിരുന്നു. ഡോക്ടർമാരടക്കം എല്ലാ ജീവനക്കാരും അണിനിരന്ന് കൈയടിച്ചാണ് ഇവരെ പറഞ്ഞുവിട്ടത്.



ജനറൽ ആസ്പത്രിയിൽ ഇനി 48 പേരാണ് അവശേഷിക്കുന്നത്. ജില്ലാ ആസ്പത്രിയിൽ 12, പരിയാരം മെഡിക്കൽ കോളേജിൽ എട്ട്, കാസർകോട് ഗവ.മെഡിക്കൽ കോളേജിൽ 14, പടന്നക്കാട് സ്വകാര്യ ആസ്പത്രിയിൽ രണ്ട്, കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിൽ 20 എന്നിങ്ങനെയാണ് ഇതര ആസ്പത്രികളിൽ കഴിയുന്ന കോവിഡ് രോഗികൾ. ഇവരുടെയെല്ലാം നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.



ജനറൽ ആസ്പത്രിയിൽ ഞായറാഴ്ച 63 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. രോഗീസമ്മർദം കുറഞ്ഞ സാഹചര്യത്തിൽ നേരിയ ലക്ഷണമുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. അതോടൊപ്പം ജില്ലയിൽ രോഗബാധിതരുള്ള വീടുകളിൽ എല്ലാവരുടെയും ആരോഗ്യനില പരിശോധിക്കാനുള്ള സർവേ തിങ്കളാഴ്ച തുടങ്ങും. ഇവിടത്തെ ജീവനക്കാർക്കുപുറമെ ആറുപേരെക്കൂടി ഇതിന് നിയോഗിച്ചിട്ടുണ്ട്. കാസർകോട് നഗരസഭയിലെ 38 വാർഡുകളിൽ 34-ലും രോഗികളുണ്ട്. ചെമ്മനാട്, ചെങ്കള, ഉദുമ, പള്ളിക്കര, മൊഗ്രാൽ, മധൂർ പഞ്ചായത്തുകളിൽ രോഗികളുള്ള വാർഡുകളിലെ എല്ലാ വീട്ടിലും സർവേ നടത്തുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad