പ്രണവ് മോഹൻലാലിനോട് അസൂയ, രാഷ്ട്രീയമല്ല ....സിനിമ! സന്ദീപ് വാര്യർ മനസ്സ് തുറക്കുന്നു...

ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍


 സിനിമയും രാഷ്‌ടീയവും എന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ടു കണ്ണികളാണ്. ഏതൊരു സമൂഹത്തെയും മാറ്റിമറിക്കാൻ കെല്പുള്ള ഒരേനാണയത്തിന്റെ രണ്ടു വശങ്ങൾ. രാഷ്ട്രീയം പ്രമേയമായ സിനിമകൾക്ക് എല്ലാകാലത്തും മലയാളത്തിൽ മികച്ച സ്ഥാനം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കൾ രാഷ്ട്രീയ വേഷങ്ങളിൽ വരുമ്പോൾ പ്രേക്ഷകർ എന്നും അവരെ ഇരുകയ്യും നീട്ടി
സ്വീകരിക്കുകയാണ് പതിവ്. അപൂർവ്വമായെങ്കിലും രാഷ്ട്രീയത്തിലും സിനിമയിലെ പോലെ, ഒരുപക്ഷെ അതിലും ഉപരിയായി നിലകൊള്ളുന്ന താരോദയങ്ങൾ സംഭവിക്കാറുണ്ട്. ഈ ഗണത്തിൽപ്പെട്ട പ്രതിഭാധനന്മാരായ ഒരുപിടി നേതാക്കളെ സാക്ഷരകേരളം ഭാരതത്തിനു സംഭാവന ചെയ്തിട്ടുമുണ്ട് എന്നത് ശ്രദ്ധേയം. 
അടുത്തകാലത്ത് കേരള രാഷ്ട്രീയത്തിൽ വേറിട്ടുകേട്ട ശബ്ദം ശ്രീ സന്ദീപ് ജി വാര്യർ ഈ ശ്രേണിയിലെ ഏറ്റവും മികച്ച വാഗ്ദാനങ്ങളിലൊന്നാണ്. അഭൂതപൂർവമായ രാഷ്ട്രീയ ഇച്ഛാശക്തിയും അതിനൊത്ത വാക് പാടവവും ധിഷണാ വൈഭവവും പരമ്പരാഗത രാഷ്ട്രീയ സങ്കല്പങ്ങളെ മാറ്റിക്കുറിക്കാൻ കെല്പുള്ള സ്വത സിദ്ധ ശൈലിയും ചേർന്ന് നൽകിയ താരപരിവേഷം കക്ഷി 
രാഷ്ട്രീയങ്ങൾക്കതീതമായ സ്വീകാര്യതയും വലിയൊരു ഒരാരാധക വൃന്ദവും അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട് സിനിമയോടുള്ള തന്റെ താല്പര്യം പലപ്പോഴും സന്ദീപ് ജി തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻറെ അഭിമുഖങ്ങളിലും ചർച്ചകളിലും ഫേസ്ബുക് പോസ്റ്റുകളിലുമെല്ലാം മിക്കവാറും ഏതെങ്കിലും രീതിയിൽ സിനിമ കടന്നുവരാറുണ്ട്. പക്ഷെ ഇതുവരെ അങ്ങനെ കൂടുതലൊന്നും മനസിലാക്കാനായില്ല താനും.

സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ .. "സന്ദീപ് ജി വാര്യർ എന്ന രാഷ്ട്രീയക്കാരനെയേ നമ്മുക്കറിയൂ, ചെത്തല്ലൂർക്കാരൻ സന്ദീപ് എന്ന സിനിമാസ്വാദകനെ അധികമാർക്കും അറിയില്ല". അറിയാനുള്ള ഈ ആകാംഷ ചെന്നെത്തിച്ചത് സന്ദീപ് ജിയുടെ ആത്മമിത്രവും മൂവി മിററിനു എന്നും മാർഗദർശിയുമായിട്ടുള്ള തിരക്കഥാകൃത്ത് സുരേഷ്‌കുമാർ രവീന്ദ്രന്റെ മുന്നിലാണ്. ആഗ്രഹം അറിയിച്ചപ്പോൾ ഉടനടി അദ്ദേഹം സന്ദീപ് ജിയെ നേരിട്ട് വിളിച്ചു.. അദ്ദേഹത്തിന് പൂർണ സമ്മതം. തിരക്കുകൾ കഴിഞ്ഞു ഉച്ചക്ക് രണ്ടുമണിയോടടുപ്പിച്ചു സുരേഷ് ഭായിയോടും സന്ദീപ് ജി യോടും ഒപ്പം തുടങ്ങിയ കാൾ കോൺഫെറെൻസിങ്. 10 മിനിറ്റിനുള്ളിൽ തീരുമെന്ന് കരുതിയ സൗഹൃദ സംഭാഷണം തീർന്നത് ഒന്നര മണിക്കൂറുകൊണ്ട് ..അറിയാനാഗ്രഹിച്ചത് മാത്രമല്ല അതിലും ഒരുപാട് കാര്യങ്ങൾ സിനിമയേക്കുറിച്ചു സംസാരിച്ചു സന്ദീപ് ജി..
 മലയാളസിനിമയുടെ ചരിത്രമുറങ്ങിക്കിടക്കുന്ന വള്ളുവനാടൻമണ്ണിൽ ജനനം. വരിക്കാശ്ശേരിമനയടക്കമുള്ള പാലക്കാടൻ പ്രൗഢികളും അവയെ വെള്ളിത്തിരയിലേക്കണിയിച്ചൊരുക്കിയ സിനിമാ സെറ്റുകളും കണ്ടുവളർന്ന കുട്ടിക്കാലം. അമ്മയുടെ തറവാട്ടിൽ അമ്മാവന്മാർക്കും സുഹൃത്തുക്കൾക്കുമൊപ്പമിരുന്നു വി സി ആറിൽ കാസറ്റിട്ട് ദിവസം രണ്ടും മൂന്നും സിനിമകൾ കണ്ട ദിനങ്ങൾ ..

പഴയ മലയാള സിനിമകളുടെ പോസ്റ്ററുകൾ വെട്ടിയൊട്ടിച്ചു സൂക്ഷിച്ച നോട്ടുപുസ്തകം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രശാല എന്ന സിനിമാ പംക്തിയിലെ മുറിച്ചെടുത്തു സൂക്ഷിച്ച ലേഖനങ്ങൾ..അങ്ങാടിപ്പുറം ചിത്രാലയയിൽ നിന്നും റിലീസ് സിനിമകൾ കണ്ടിറങ്ങിയ ഓർമ്മകൾ. 
അച്ഛൻ സ്റ്റേഷമാസ്റ്ററായിരുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ടറിഞ്ഞ ജോഷിയുടെ നമ്പർ ട്വന്റി മദ്രാസ് മെയിൽ, കമലിന്റെ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് നേർക്കാഴ്ചകൾ..
സിനിമകൾ വെറും കാഴ്ചകൾ മാത്രമായിരുന്നില്ല സന്ദീപ് ജിക്ക്.. അവയ്ക്ക് പിന്നിലെ സാങ്കേതിക വശങ്ങളെക്കുറിച്ചും കാലാകാലങ്ങളിൽ അവയ്ക്കുവന്ന മാറ്റങ്ങളെ ക്കുറിച്ചും മികച്ച ബോധ്യം. സിനിമ അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹത്തിന്റെ മനസ്സിൽ.. 
സാങ്കേതികത അത്രയൊന്നും വളർന്നിട്ടില്ലാത്ത തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ തേന്മാവിന്കൊമ്പത്ത് എന്ന സിനിമയിലെ വേറിട്ടുനിന്ന സൗണ്ട് ഡിസൈനും ദീപൻ ചാറ്റർജി എന്ന സൗണ്ട് ഡിസൈനറുടെ പ്രതിഭാ ശേഷിയും, ബാംഗ്ലൂർ ഡേയ്സിലെ ഏതു കരി രാവിലും എന്ന മനോഹര ഗാനവും സായാഹ്നത്തിന്റെ സൗന്ദര്യം പൊലിമ ചാർത്തിയ അതിന്റെ കളർടോണും തുടങ്ങി, എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ ലൈറ്റിംഗും ജോമോൻ ടി ജോണിന്റെ ഛായാഗ്രാഹക മികവുംവരെ തികഞ്ഞ സാങ്കേതിക പരിജ്ഞാനമുള്ള ഒരു സിനിമാ നിരൂപകനെ അനുസ്മരിപ്പിക്കും വിധം പരാമർശിച്ചു അദ്ദേഹം.
സിനിമയിൽ ഇഷ്ടപെട്ട രാഷ്ട്രീയ കഥാപാത്രം.
ഓഗസ്റ് ഒന്ന് എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിച്ച KGR എന്ന മുഖ്യമന്ത്രി. ആ സിനിമയിലെ സുകുമാരന്റെ ഭാവവും ഭാഷണങ്ങളും വരെ ഓർത്തെടുത്തു അദ്ദേഹം.

ഇഷ്ടപ്പെട്ട പൊളിറ്റിക്കൽ സറ്റയർ ..
മലയാളത്തിലെ മിക്ക പൊളിറ്റിക്കൽ സറ്റയർ സിനിമകളും കണ്ടിട്ടുണ്ട്. എങ്കിലും ഈ ഗണത്തിൽ ഏറ്റവും പ്രിയം ഒരു ഹിന്ദി സിനിമയാണ്. അത് ആമിർഖാൻ നിർമ്മിച്ച, അദ്ദേഹം അഭിനയിച്ചിട്ടില്ലാത്ത പീപ്ലി ലൈവ്. 

മോഹൻലാലും ലാലിസത്തോടുള്ള ഇഷ്ടവും...
മോഹൻലാലിൻറെ വലിയൊരു ആരാധകൻ. പ്രിൻസ് എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിൻറെ സ്വരത്തിൽ വന്നമാറ്റങ്ങളും തുടർന്ന് ഒരുപാടിഷ്ടപ്പെട്ടിരുന്ന ലാലിസം എന്ന് ആരാധകർ വിളിച്ചിരുന്ന തനതു ശൈലിയിൽ വന്ന കൈമോശവും. അത് മലയാള സിനിമയുടെ ഗൃഹാതുരത്വത്തിലുണ്ടാക്കിയ വിടവും അദ്ദേഹം എടുത്തുപറഞ്ഞു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ അല്പം ധാർഷ്ട്യം കടന്ന ഫ്യൂഡൽ തലയെടുപ്പും വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്റെ ആതമനൊമ്പരങ്ങളും തുടങ്ങി ഒടിയനായി വന്ന പരിണാമം വരെ സന്ദീപ് ജി യുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു.

മമ്മൂട്ടി എന്ന നടനും വ്യക്തിയും...
മമ്മൂട്ടി എന്ന നടനെ വളരെയിഷ്ടം. അതിലുപരി മമ്മൂട്ടിയെന്ന മനുഷ്യന്റെ മാനറിസങ്ങളോട്, അദ്ദേഹത്തിന്റെ കരുതലുകളോട്, 
ആ വ്യക്തിത്വത്തോട് ഒരുപാടിഷ്ടമാണ് സന്ദീപിജിക്ക്. 
ചർച്ചകളിൽ അടക്കം പല അവസരങ്ങളിലും ചിലപ്പോളൊക്കെ താൻ മമ്മൂട്ടിയുടെ ശൈലി അനുകരിക്കാറുണ്ടെന്നു തമാശ രൂപേണ.. റെയിവേ സ്റ്റേഷനിൽ വെച്ച് നടന്ന ഷൂട്ടിങ്ങിൽ സ്റ്റേഷൻ മാസ്റ്റർ ആയ അച്ഛൻ മമ്മൂട്ടിക്ക് ഷേക്ക് ഹാൻഡ് നൽകിയ കഥ വീട്ടിൽ വന്നു അമ്മയോടുപറഞ്ഞപ്പോൾ 'അമ്മ ഓടിച്ചെന്നു അച്ഛന് ഷേക്ക് ഹാൻഡ് കൊടുത്തതും അല്പം ആരാധനയോടെ അച്ഛനെ നോക്കിയതും ഇന്നലെ നടന്നതുപോലെ രസകരമായി വർണിച്ചു.
സുരേഷ് ഗോപിയുടെ സൗമ്യത...
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ കിങ്ങിനെ അദ്ദേഹത്തിന്റെ സൂപ്പർ ഹീറോയിസത്തിൽ കാണുന്നതിനേക്കാൾ ഒരല്പം കൂടുതൽ ഇഷ്ടം അദ്ദേഹത്തിന്റെ സൗമ്യതയാർന്ന മുഖഭാവത്തിൽ കാണുന്നതാണ് എന്ന് സന്ദീപിജി. ഞങ്ങൾ അല്പമൊന്നാലോചിച്ചപ്പോൾ തന്റെ പതിവ് ശൈലിയിൽ വ്യക്തമായ ഉത്തരവുമായെത്തി.. "ഓർത്ത് നോക്കൂ മണിച്ചിത്രത്താഴ്, ഇന്നലെ, സിന്ദൂരരേഖ ..തുടങ്ങിയ ചിത്രങ്ങളിലെ സുരേഷ്‌ഗോപിയെ." പിന്നൊന്നും പറയാനായില്ല. കൂടെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ കാണാൻ കഴിയാത്തിലെ ഖേദവും പ്രകടിപ്പിച്ചു. 

നടികളിൽ ശോഭന.. 
മണിച്ചിത്രത്താഴിലെ ശോഭനയുടെ ഓരോ ഭാവങ്ങളും എടുത്തുപറഞ്ഞു സന്ദീപ് ജി. സുരേഷ്‌ഗോപിയും ശോഭനയുമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും ഇഷ്ട ജോഡികൾ. 

ഹിന്ദിയിൽ ആമിർ ഖാനും തമിഴിൽ രജനീകാന്തും പ്രിയപ്പെട്ടവർ.
അന്യഭാഷാ ചിത്രങ്ങളുടെ കാര്യത്തിൽ സന്ദീപ് ജി അല്പം സെലെക്ടിവ് ആണ്. ഹിന്ദിയിൽ പ്രിയം ആമിർ ഖാനോട് .. തമിഴിൽ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമകളുടെ കടുത്ത ആരാധകൻ.

മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യം ..
സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. മലയാളത്തിലെ വനിതാ സംവിധായക അഞ്ജലി മേനോനും അവരുടെ സിനിമകളായ മഞ്ചാടിക്കുരുവും ബാംഗ്ലൂർ ഡേയ്സും കൂടെ ചർച്ചാവിഷയമായി... ബാംഗ്ലൂർ ഡേയ്സിലെ ഒരു സീനിലെ പിഴവ് ചൂണ്ടിക്കാണിച്ചു താൻ അഞ്ജലിക്ക് മെസ്സേജ് ചെയ്തതും അവർ അതിനെ സ്വാഗതം ചെയ്തു മറുപടി നൽകിയതും അദ്ദേഹം പരാമർശിച്ചു. ഇനിയുമൊരുപാട് വനിതകൾ സംവിധാനമടക്കം മലയാള സിനിമയുടെ മറ്റെല്ലാ സാങ്കേതിക രംഗങ്ങളിലേക്കും കടന്നു വരണമെന്നും അവരുടേതായ മേഖലകൾ കെട്ടിപ്പടുത്തു കഴിവ് തെളിയിക്കണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മലയാളത്തിൽ ന്യൂ ജനറേഷൻ ചിത്രങ്ങളേക്കാൾ അദ്ദേഹത്തിനിഷ്ടം പഴയചിത്രങ്ങൾ. പത്മരാജന്റെ മാസ്മരികതയും ഭരതന്റെ കാല്പനികതയും ലോഹിതദാസിന്റെ തൂലികയുടെ വികാരതീവ്രതയും ചർച്ചയായി. നിരൂപകർ പോലും ശ്രദ്ധിക്കാതിരുന്ന പല സിനിമകളുടെയും പ്രത്യേകതകളും ചിലതിലെ അപാകതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. 

"പ്രണവ് മോഹൻലാലിനോട് സന്ദീപ് ജി വാര്യർക്ക് അസൂയ"
കേട്ടപ്പോൾ എന്തോ ഒരല്പം അവിശ്വസനീയത തോന്നി.. പക്ഷെ പറഞ്ഞത് സന്ദീപ് ജി ആയതുകൊണ്ട് കൃത്യമായ ഉത്തരവും കിട്ടി.
ജീവിതത്തിൽ അല്പമെങ്കിലും അസൂയതോന്നിയിട്ടുള്ളത് പ്രണവ് മോഹൻലാലിനോട് മാത്രം. അതും മഹാനായൊരു നടന്റെ മകനായതുകൊണ്ടോ പ്രണവിന്റെ സിനിമകൾ കണ്ട് ആരാധന തോന്നിയതുകൊണ്ടോ അല്ല.. " ഈ ചെറുപ്രായത്തിൽ ഈ രാജ്യമൊട്ടുക്ക് ഇങ്ങനെ സ്വതന്ത്രനായി സഞ്ചരിക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ ആ അപൂർവ ഭാഗ്യത്തോടാണ് തനിക്കസൂയ" . പ്രണവിന് അതിനവസരം ഒരുക്കി കൊടുത്ത മോഹൻലാൽ എന്ന പിതാവിനോടുള്ള ആദരവും അദ്ദേഹം മറച്ചുവെച്ചില്ല.
ഇതിനിടയിൽ അല്പം രാഷ്ട്രീയം കലർത്തി സിനിമാറ്റിക് ആയി സന്ദീപ് ജി യോട് ചോദിച്ചു.
കണ്ട സിനിമകളിലെ കഥാപാത്രങ്ങൾ രാഷ്ട്രീയ ശൈലീ രൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ..?

വ്യക്തിത്വമുള്ള രാഷ്ട്രീയ പ്രവർത്തകന്റെ വ്യക്തമായ മറുപടി... 
സിനിമ എന്നും തന്റെ സ്വകാര്യ ഇഷ്ടങ്ങളിലൊന്നാണ്. ചെത്തല്ലൂർ എന്ന ഗ്രാമവും അതിനോടിഴുകിച്ചേർന്ന ജീവിതവും അവിടെ കണ്ടും അനുഭവിച്ചും അറിഞ്ഞ നന്മകളും നിഷ്കളങ്കതയും സൗഹൃദവുമെല്ലാം തന്റെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാനപങ്കുവഹിച്ചവയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ ഇറങ്ങിനിന്നു അവരിലൊരായി പ്രവർത്തിക്കാനാണ് എന്നുമിഷ്ടം. 
ഒരു ടിപ്പിക്കൽ രാഷ്ട്രീയക്കാരനാകുന്നതിലും കോപ്പി ബുക്ക് രാഷ്ട്രീയ ശൈലി പിന്തുടരുന്നതിലും ഉപരി തനിക്കു താല്പര്യം, "സജീവരാഷ്ട്രീയത്തോടൊപ്പം സ്വന്തം ഇഷ്ടങ്ങളെയും സ്വകാര്യതകളെയും സൗഹൃദങ്ങളെയും സാധൂകരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും കഴിയുന്ന സ്വത്ത നിലനിർത്തിക്കൊണ്ടുള്ള ജനകീയ ശൈലിയോടാണ്." 
സത്യത്തിൽ അതുതന്നെയല്ലേ ഈ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹത്തെ ഇത്രയും സ്വീകാര്യനും ജനപ്രിയനുമാക്കിയത്..? 

കോറോണയ്ക്ക് ശേഷം സിനിമ ..
മലയാള സിനിമ ഇനി കൊറോണയ്ക്ക് കൊറോണയ്ക്ക് മുൻപും ശേഷവും എന്നറിയപ്പെടും എന്ന സുരേഷേട്ടന്റെ മറുപടി അല്പം ചിരിപടർത്തി.
കൊറോണയ്ക്കു ശേഷവും സിനിമയുണ്ടാകും. പക്ഷെ അതിന്റെ രൂപം ഖരമായിരിക്കുമോ ദ്രാവകമായിരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ പ്രശ്നമുള്ളതുകൊണ്ട് പ്രേക്ഷകർ തിരികെ തീയേറ്ററുകളിൽ സജീവമാകാൻ സമയമെടുക്കും. മലയാള സിനിമ വെബ് സീരീസുകളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണം. മോഹൻലാലും മമ്മൂട്ടിയും അടക്കം വെബ് സീരീസുകളിൽ അഭിനയിക്കുന്ന ഒരുകാലം വരട്ടെ. ചുരുങ്ങിയ വാക്കുകളിൽ ഇതേക്കുറിച്ചു അർത്ഥശങ്കയില്ലാതെ വ്യക്തത വരുത്തി സന്ദീപ് ജി.

"ചേട്ടാ സിനിമയുടെ കാര്യത്തിൽ നമ്മൾ കരുതിയ ആളല്ല സന്ദീപ് ജി.." സുരേഷേട്ടനോട് അറിയാതെ പറഞ്ഞുപോയി. 😀
അറിയുന്തോറും കൂടുതൽ അടുപ്പവും അല്പം ആരാധനയും തോന്നിപോകുന്ന വ്യക്തിപ്രഭാവം. ലോക്ക് ഡൗണിനു ശേഷം നേരിട്ടുകാണാം എന്നുറപ്പുനല്കി ഒത്തിരി സന്തോഷത്തോടെ സംഭാഷണം അവസാനിപ്പിച്ചു.

CourtesyMovie Mirror

Post a Comment

0 Comments

Top Post Ad

Below Post Ad