ഇന്ത്യയുമായുള്ള 1200 കോടിയുടെ ആയുധ ഇടപാടിന് ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം

വാഷിങ്ടൺ: മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാർ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യൺ ഡോളർ) ഹാർപൂൺ ബ്ലോക്ക്-2 മിസൈലുകൾ, ടോർപിഡോകൾ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വിൽക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.


പത്ത് മിസൈലുകൾ, 16 എംകെ 54 ഓൾ അപ്പ് റൗണ്ട് ടോർപിഡോകൾ, മൂന്ന് 54 എക്സർസൈസ് ടോർപിഡോകൾ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇവയ്ക്ക് എല്ലാംകൂടി ഏകദേശം 1200 കോടി രൂപയാണ് ചിലവാകുക. അമേരിക്കയുടെ ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി അമേരിക്കൻ കോൺഗ്രസിൽ വെച്ച വിജ്ഞാപനങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.



പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യൻ അധികൃതർ നടത്തിയ അഭ്യർഥനയെ തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ഈ ഇടപാട് ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കി.



അമേരിക്കയിൽ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ട്രംപ് ഇന്ത്യയോട് മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.



തുടർന്ന് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കുകയും മരുന്ന് നൽകുകയും ചെയ്തു. തുടർന്ന് നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്സി ക്ലോറോക്വിൻ വിട്ടുനൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പ്രസ്താവിക്കുകയും ചെയ്തിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad