കൈവിട്ട കളിക്ക്‌ കരാറിട്ടത് ആര്?വി.മുരളീധരൻ

വി.മുരളീധരൻ എഴുതുന്നു;

സംസ്ഥാനത്തെ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുളളവരുടെയും വിവരങ്ങള്‍ സ്വകാര്യ കമ്പനിയായ സ്പ്രിംഗ്ലറുടെ വെബ്സൈറ്റിലേക്ക് ഇതുവരെ അപ് ലോഡ് ചെയ്തത് എന്തിനായിരുന്നു ? വാര്‍ഡ് തല കമ്മറ്റികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇനി മുതല്‍ സര്‍ക്കാര്‍ സൈറ്റിലേക്ക് അപ് ലോഡ് ചെയ്താല്‍ മതിയെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശം കണ്ടതുകൊണ്ടാണ് ചോദിച്ചത്. അമേരിക്കന്‍ കമ്പനി മുഖേനയുള്ള വിവര ശേഖരണത്തില്‍ തെറ്റില്ലെങ്കില്‍ എന്തിനാണ് ആ വിവര ശേഖരണം നിര്‍ത്തിയത്‌ എന്ന് വെളിപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇത്രയും കാലം പരിശോധന നടത്തിയ രോഗികളുടെ പൂർണ വിവരങ്ങൾ സ്വകാര്യകമ്പനിക്ക് കൈമാറിയത്  പൗരാവകാശമായ സ്വകാര്യതയുടെ ലംഘനമല്ലേ?  ഉത്തരവ് തിരുത്തിയിട്ട് ഇനിയെന്ത് ചെയ്യാൻ? വിവരങ്ങളൊക്കെ എത്തേണ്ടിടത്ത് എത്തിയില്ലേ?   







സ്പ്രിംഗ്ളർ കമ്പനിയുടെ ഉടമ മലയാളിയാണെന്നും  കേരളം നടത്തിയ നടപടികൾ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സഹായം നല്‍കാൻ തയാറായതെന്നുമൊക്കെ മുഖ്യമന്ത്രി ന്യായീകരിച്ചത് സമ്മതിച്ചു തരാം. പക്ഷേ,
സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ സർക്കാർ ഉടൻ പുറത്തുവിടണം. സൗജന്യ സേവനം കമ്പനി തന്നെങ്കിൽ, അതിനു വേണ്ടി സൗജന്യമായി കിട്ടാത്ത സ്വകാര്യഡാറ്റ സംസ്ഥാനം അങ്ങോട്ട് കൊടുത്തില്ലേ? അമേരിക്കൻ കമ്പനിക്ക് രോഗികളുടെ വിവരങ്ങൾ വിറ്റുള്ള സാമ്പത്തിക ലാഭം കൈപ്പറ്റിയത് ആരാണ്? അത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ? കരാറിലെ പുകമറ നീക്കി സത്യം പുറത്തു വരാൻ നിഷ്പക്ഷ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ, ഇന്നത്തെ വാർത്താ സമ്മേളനത്തിൽ നടത്തിയതു പോലുള്ള മലക്കം മറിച്ചിൽ പോരാ. ഐടി സെക്രട്ടറി വിശദീകരിക്കുമെന്ന് പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരുടെ വായടഞ്ഞു. പക്ഷേ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ മറുപടി പറയുന്നതാണ് അതിന്റെ ശരി. അതോ ഇനി ഉദ്യോഗസ്ഥരാണോ മന്ത്രിസഭയെയും മുഖ്യമന്ത്രിയെയും മറികടന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത്?  ഒഴിഞ്ഞു മാറാതെ ഉള്ള കാര്യമങ്ങ് പറയൂ സഖാവേ!
Tags

Post a Comment

0 Comments

Top Post Ad

Below Post Ad