സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍; സമയക്രമം അടുത്തയാഴ്ച്ച പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച്ച പുറത്തിറക്കും. ഹൈസ്‌കൂള്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം രണ്ടു മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനാണ് ശ്രമം. ടിവി, ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവരെ സകൂളുകളില്‍ എത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെയുള്ള 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്റെ പ്രധാന ആശയം കൈറ്റിന് കീഴിലുള്ള വിക്ടേഴ്‌സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്ര ശിക്ഷ പോര്‍ട്ടല്‍ വഴിയും ക്ലാസുകള്‍ കാണാം.

അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈര്‍ഘ്യം. ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടാകില്ല. പ്ലസ് ടുകാര്‍ക്കും പത്താം ക്ലാസുകാര്‍ക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളില്‍ ക്ലാസ് ഉറപ്പിക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഒരു ദിവസം ഒരു ക്ലാസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളികളാണോയെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം അതാത് ക്ലാസ് ടീച്ചര്‍മാര്‍ക്കായിരിക്കും. ക്ലാസുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ ടീച്ചര്‍മാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നാണ് നിര്‍ദ്ദേശം.

Post a Comment

0 Comments

Top Post Ad

Below Post Ad