മാർക്ക്‌ ലിസ്റ്റ് വാങ്ങാൻ കോളേജിൽ വന്നപ്പോൾ ക്ലാസ്സിലുള്ള ആരെയും കാണല്ലേ എന്നാണ് മനസ്സ് കൊതിച്ചത്...അലി അക്ബർ എഴുതുന്നു

മാർക്ക്‌ ലിസ്റ്റ് വാങ്ങാൻ കോളേജിൽ വന്നപ്പോൾ ക്ലാസ്സിലുള്ള ആരെയും കാണല്ലേ എന്നാണ് മനസ്സ്  കൊതിച്ചത്. പക്ഷെ കാട്ടുകോഴി ഓഫീസിൽ  ഉണ്ടായിരുന്നു.. ആ പേര് അബ്ദുള്ള ഇട്ടതാണ്, ആരോടും ഒന്നും മിണ്ടാത്ത ഒരു കുട്ടി... അതായിരുന്നു അവൾ... ഓഫീസിൽ വച്ച് എന്നേ കണ്ടതും അവൾ പൊട്ടിക്കരഞ്ഞു... ഞാൻ കരുതി തോറ്റതിന്റെ വിഷമം കൊണ്ടായിരിക്കും എന്ന്.. സാരമില്ലെടോ... ഇനിയും എഴുതി എടുക്കാലോ... 
കരഞ്ഞുകൊണ്ടവൾ പറഞ്ഞു 
അതല്ല... ഏട്ടനെയൊക്കെ ഇനി കാണാൻ പറ്റില്ലാലോ.... അതാണ്‌... 
അതാണ്,  അതിനാണ് കാട്ടുകോഴി കരഞ്ഞത്....
ഇത് വായിക്കാൻ അബ്ദുള്ള ഇന്നില്ല... 
ഓഫിസിൽ എന്നേ കണ്ട പ്രിൻസിപ്പാൾ എന്നേ സഹായിയെ വിട്ടു വിളിപ്പിച്ചു.. 
പ്രിൻസിപ്പലിന്റെ മുന്നിലെത്തിയ എന്റെ മുഖത്തേക്ക് നോക്കി കുറച്ചു നേരം ജോണി സാർ ഒന്നും മിണ്ടാതെയിരുന്നു.. പിന്നെ പറഞ്ഞു എടോ നീയൊക്കെ ഒന്ന് ആത്മാർത്ഥമായി ശ്രമിച്ചാൽ ഈ കോളേജിലേക്ക് ഒരു റാങ്ക് കൊണ്ടുവരാം... 
ഞാൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു... എക്കണോമിക്സിൽ അപ്ലൈ ചെയ്തോ ബികോം രണ്ടുമൂന്നു മാസത്തിനുള്ളിൽ തുടങ്ങും അപ്പോൾ അങ്ങോട്ട്‌ മാറാം... 
അങ്ങിനെ എക്കണോമിക്സിൽ അഡ്മിഷൻ വാങ്ങി പിന്നീട്  ബികോമിൽ ചേർന്നു... ഡിഗ്രിക്ക് ജോസെഫ് എറണാകുളത്തേക്ക് പോയി... ഞാൻ മാത്രം കൂടെയുള്ള കൂട്ടുകാർ കൂടുതലും തമിഴ് ബോർഡറിൽ നിന്നും വന്ന കുട്ടികൾ... ഇപ്പോഴത്തെ കമ്പനി കൂടുതലും ക്ലസ്സിന് പുറത്തുനിന്നുമാണ് പട്ടഅവറാൻ, സുരേഷ്, അബ്ദുൾ റഹൂഫ്, അങ്ങിനെ കുറേപേർ... 
പ്രീഡിഗ്രിയുടെ ചൂടും ചൂരും ഡിഗ്രിക്ക് ഉണ്ടായിരുന്നില്ല, പ്രണയിനി മാത്രമായിരുന്നു ഡിഗ്രി ഫസ്റ്റ് ഇയറിൽ ആകെ ആശ്വാസം... അത് കഴിഞ്ഞപ്പോൾ അവൾ തോറ്റു... തോൽക്കരുത് പഠിക്കണം, അടുത്ത വർഷം ഡിഗ്രിക്ക് ഇവിടെ തന്നെ വരണം എന്നൊക്കെ പറഞ്ഞിരുന്നതാ ഫലമുണ്ടായില്ല.. പിന്നീടവൾ പരീക്ഷ എഴുതി ജയിച്ചു, സ്റ്റേറ്റ് വിട്ട് മറ്റൊരു കോഴ്‌സിൽ ചേർന്നു പോയി... കുറേക്കാലം കത്തിടപാടുകൾ ഉണ്ടായിരുന്നു... ഒരുമനുഷ്യന്റെ പ്രണയകാലമാണ് സുന്ദര കാലം.. ഓരോദിവസവും എഴുന്നേൽക്കുന്നതിനു കാരണമുണ്ടാവും... അവളെ കാണണം... കേൾക്കണം... പിന്നീടത് അവളുടെ കൈപ്പടയിലുള്ള ഒരെഴുത്തിനു വേണ്ടിയുള്ള കാത്തിരിപ്പാവും.. അന്നിന്നത്തെ പോലെ മൊബൈലോ ഫോണോ ഒന്നുമുണ്ടായിരുന്നില്ലല്ലോ... 
പ്രണയത്തിനു അന്ന് മധുരം കൂടുതലായിരുന്നു... 
കാമ്പസ്സിൽ നിന്നും കാമുകി കൊഴിഞ്ഞു പോയാൽ... പിന്നെ കാണുക എന്നത് വലിയ സാഹസം തന്നെയായിരുന്നു... 
കാത്തു കാത്തിരുന്നു, ഒരു മിന്നായം പോലെയുള്ള കാഴ്ചകൾ... 
പഴയ പാനാസോണിക് ടേപ് റെക്കോർഡറിൽ നിന്നും വിരഹഗാനം മാത്രം ഒഴുകിയെത്തും... എന്തൊരു കാലമായിരുന്നു അല്ലേ... 
അതനുഭവിച്ചവർ രഹസ്യമായി ഒരുപക്ഷെ എന്നോട് സമ്മതിക്കുമായിരിക്കും... 

ഡിഗ്രി സമയത്തെ ചില മോഷണ കഥകൾ ഇന്ന് പുറത്തു വിടുകയാണ്... അന്ന് ഞങ്ങളെല്ലാം കൂടി ഒരു കുഞ്ഞു വീട് വാടകയ്‌ക്കെടുത്തു... കോളേജിന് പുറകിലെ ശ്മാശാനത്തിനു സമീപമുള്ള ഒരു കുഞ്ഞു വീട്, അവറാൻ, സുരേഷ്, റഹൂഫ് അവിടെയായിരുന്നു താമസം.....നരകം എന്ന് ആ വീടിന് പേരിട്ടു...  ക്യാമ്പസിനു പുറത്തു കോളേജിലെ അധ്യാപകരായിരുന്ന അച്ഛൻമാർ കപ്പ നട്ടിരുന്നു.. വിളവ് ആയിക്കഴിഞ്ഞാൽ ഞങ്ങളുടെ രാത്രി ഭക്ഷണം മിക്കവാറും അതായിരുന്നു... പാവം അച്ചന്മാർ കരുതിയത് അവിടെ പുറകിലായി താമസിക്കുന്ന ആദിവാസികൾ ആയിരിക്കും മോഷ്ടാക്കളെന്ന്, അവരെ പേടിപ്പിക്കാൻ പ്രത്യേക ആഭിചാര കൊടികൾ തൂക്കും, പിറ്റേദിവസം കൊടിയടക്കം ഞങ്ങൾ പൊക്കും.. ഒരു തവണ ലേഡീസ് ഹോസ്റ്റലിലെ പിള്ളേർ ബെറ്റ് വച്ചു ലേഡീസ് ഹോസ്റ്റലിലെ കപ്പ മോഷ്ടിക്കാമോ... വെല്ലുവിളി ഏറ്റെടുത്തു... 
കടമ്പ ഒന്ന് കണ്ണിമ പൂട്ടാതെ കാവലിരിക്കുന്ന ഗൂർക്കയുടെ ശ്രദ്ധ മാറ്റണം ആ ഡ്യൂട്ടി ഹിന്ദി അറിയുന്ന ഒരാൾ  ഏറ്റു അതിനായ് ഒരു പാക്കറ്റ് വിൽസ് സിഗരറ്റ് ആയുധമായി കരുതി.. പ്ലാൻ ഇങ്ങിനെ ഒരാളെ  കൂടാതെ മറ്റു ആറു പേർ ദൗത്യ സംഘത്തിൽ,  മൂന്ന് പേർ ഹോസ്റ്റലിനകത്തെ പറമ്പിൽ കയറും ഒരാൾ കപ്പ പിഴുതു നൽകും മറ്റൊരാൾ കപ്പ വേർപെടുത്തി തണ്ട് പഴയപോലെ മണ്ണിൽ കുത്തിയിടുക ഒരാൾ അടർത്തിയ കപ്പ വേലിക്കൽ എത്തിക്കും അവിടെ നിന്നും ഞങ്ങൾ രണ്ടുപേർ കപ്പ രഹസ്യക്യാമ്പിലെ തട്ടിൻ പുറത്തെത്തിക്കും.... 
കൃത്യസമയത്ത് ആദ്യ ആൾ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി ഗൂർക്കയോട് കുശലം ചോദിച്ചു... കൈസാഹേ ബായ്... 
ഇടയ്ക്കിടെ ഓരോ സിഗരറ്റും കൊടുത്ത് നേപ്പാളിലെ കഥ മുഴുവൻ ഗൂർക്കയെ കൊണ്ട് പറയിച്ചു... ഈ സമയം പ്ലാൻ അനുസരിച്ചു 40 മൂട് കപ്പ എത്തേണ്ടിടത്ത് എത്തിച്ചു... അടുത്ത ദിവസം മോഷണം നടത്തിയ കാര്യം ഹോസ്റ്റലിലെ  പെൺകുട്ടികൾ വിശ്വസിച്ചില്ല. കാരണം കപ്പ ചെടി യഥാവിധി അവിടെ തലയുയർത്തി നിൽക്കുന്നുണ്ടല്ലോ... നാല് ദിവസം കഴിഞ്ഞു ഇല വാട്ടം കണ്ടാണ് കന്യാസ്ത്രീകൾ കപ്പ പറിച്ചു നോക്കിയത്... പിന്നെ നാണക്കേട് മറയ്ക്കാൻ ഈ മോഷണം പുറത്തുപറയാതെ അവർ തന്നെ ഒളിച്ചു വച്ചു.... 
സത്യം പറയാലോ ഒരു ഒന്നൊന്നര കപ്പയായിരുന്നു... പോത്തിന്റെയും കാന്താരിയുടെയും കൂടെ അവനങ്ങു അലിഞ്ഞു തീർന്നു... കൂടെ അൽപ്പം മരുന്നും... ഇതിനിടയിൽ സയൻസുകാർ ഊട്ടി വരെ ടൂറും പോയി... 
സയൻസ് കാരോട് pdc കാലത്ത് മൂന്നും നാലും ഗ്രൂപ്പ് കാർക്ക് അത്ര ഇഷ്ടമുണ്ടായിരുന്നില്ല കാരണം അവർ വലിയ വീട്ടിൽ നിന്നും വരുന്ന കൊച്ചമ്മമാരും കൊച്ചപ്പൻമാരും ആണെന്നൊരു ധാരണ അവരിൽ പലർക്കുമുണ്ടായിരുന്നു.. ഞങ്ങളെയൊന്നും മൈന്റ് ചെയ്യില്ല..  അതിനാൽ വിഷമില്ലാത്ത പാമ്പുകളെ ജനൽ വഴി അവരുടെ ക്ലാസ്സിലേക്ക് കടത്തി വിടുക, മുളക് പുകയ്ക്കുക ഇത്യാദി കലാപരിപാടികളും ഉണ്ടായിരുന്നു.. അന്ന് പുകഞ്ഞവരും, കാറിവിളിച്ചവരും ഇത് വായിക്കയാണെങ്കിൽ സദയം ക്ഷമിക്കുക... 
ഡിഗ്രിക്ക് ഇത്തരം വകഭേദങ്ങൾ ഒന്നുമുണ്ടായിരുന്നില്ല..... 

നമ്മൾ മാത്രമാണോ കുരുത്തക്കേട് കാട്ടുന്നത്... കാട്ടിയിട്ടുള്ളത്... 
വലിയൊരു കഥ മുൻ പ്രിൻസിപ്പാൾ പിരിഞ്ഞു പോകുന്ന വേളയിൽ  പറഞ്ഞതോർക്കുന്നു... പ്രിൻസിപ്പൽ അച്ഛൻ ചാർജ്ജെടുത്ത കാലഘട്ടത്തിലാണത്രെ ഉറങ്ങുമ്പോൾ എന്തോ ശബ്ദം കേട്ടുണർന്നു.. ജനൽ ഗ്ലാസിന് പുറത്തു വലിയൊരു രൂപം.. പ്രിൻസിപ്പൽ ഭയത്തോടെ ഒരു കോണിലേക്ക് മാറി ജനൽ വിടവിലൂടെ നോക്കി... പതിനൊന്നാടി ഉയരമുള്ള കോട്ടും തൊപ്പിയും അണിഞ്ഞ മനുഷ്യൻ വളരെ ഈസിയായി പൊക്കമുള്ള ഒരു വാഴയിൽ നിന്നും കുല വെട്ടിയെടുക്കുന്നു...  പ്രിൻസിപ്പലിന് ഭയം കൊണ്ട് ഒന്നിനും കഴിയാത്ത അവസ്ഥയായി രണ്ടും കല്പ്പിച്ചു light ഇട്ടു വെളിച്ചം കണ്ടതും പുറത്തു എന്തോ ബഹളവും... രൂപം ഓടി അകലുന്നതും കണ്ടു... എന്തായാലും നേരം വെളുക്കും വരെ പ്രിൻസിപ്പൽ പുറത്തിറങ്ങിയില്ല.. രാവിലെ പറമ്പിലിറങ്ങി നോക്കി.. അവിടെ നിന്ന് ഒരു തൊപ്പി കിട്ടി.. ആ തൊപ്പിയുടെ ഉടമസ്ഥനെ സാറിനറിയാം പക്ഷെ അവനിത്രയും പൊക്കം ഇല്ലല്ലോ... വലിയ CID പണിക്ക് ശേഷമാണ് സംഗതി മനസ്സിലായത്.. ഒരാളുടെ ചുമലിൽ മറ്റൊരാൾ കയറിയിരുന്ന് വലിയ കോട്ടിട്ട രൂപമായിരുന്നു താൻ കണ്ടതെന്ന്... അന്ന് പേടിച്ചു പോയതുകാരണം ആ സംഭവം പുറത്തു പറഞ്ഞില്ല... ഇത്രയും പറഞ്ഞിട്ട് അദ്ദേഹം പറഞ്ഞു ഇന്ന് ഈ പിരിയുന്ന നേരത്ത് അന്നെന്നെ പേടിപ്പിച്ച ആളുടെ പേര് ഞാൻ പുറത്തു വിടുകയാണ്... ഇപ്പോൾ നിങ്ങളുടെ ലക്ച്ചർ ആയിട്ടുള്ള സാക്ഷാൽ ബാലഗോപാലനായിരുന്നു അത്... ബാലഗോപാലൻ സാർ പോലും പ്രിൻസിപ്പൽ തങ്ങളുടെ രഹസ്യം മനസ്സിലാക്കിയിരുന്നു എന്ന് ആ നിമിഷമാണ് അറിയുന്നത്, സദസ്സ് പൊട്ടിച്ചിരിച്ചു, 
 അപ്പോൾ നമ്മളെക്കാളും മുമ്പ് വില്ലന്മാരായി രുന്നവരാണ് ഇന്ന് നമ്മുടെ അധ്യാപകർ... ഒരു പുസ്തകപ്പുഴു ആയി ജീവിച്ചിരുന്നുവെങ്കിൽ, ഓർക്കാൻ എന്തുണ്ടാകുമായിരുന്നു... മാർക്ക് ലിസ്റ്റ്ലെ കുറെ ഉയർന്ന മൂല്യങ്ങൾ മാത്രം.. എല്ലാം വേണം പക്ഷെ സംസ്കാരം  സൂക്ഷിക്കയും വേണം... ...
ഒരധ്യാപകനോടും മോശമായി പെരുമാറിയിട്ടില്ല.. ഇരട്ടപ്പേരൊക്കെ ഉണ്ടായിരുന്നു. അതിവിടെ പറയുന്നുമില്ല കാരണം അധ്യാപകർ മക്കളും മക്കളുടെ മക്കളുമായി ചുറ്റുപാടുമുണ്ട്.... പേരക്കുട്ടിയെ കൊണ്ട് അവരുടെ ഇരട്ടപ്പേര് വിളിപ്പിക്കരുതല്ലോ 😃😃..

Post a Comment

0 Comments

Top Post Ad

Below Post Ad