സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വർധിപ്പിക്കണം,പാവപ്പെട്ടവർക്ക് 2500 രൂപ പണമായി സഹായം നൽകണമെന്ന് കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് വൈറസ് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്ക വിദഗ്ധരടക്കം ഉന്നയിക്കുന്നുണ്ട്. രോഗികളുമായി സമ്പർക്കം ഇല്ലാത്തവർക്കും രോഗം സ്ഥിതീകരിക്കുന്ന സാഹചര്യമാണുള്ളത്. രോഗികളുടെ എണ്ണം കുറച്ചു കാട്ടാനായി പരമാവധി കുറച്ച് പരിശോധനകൾ മാത്രം നടത്തുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ദിനവും നടത്തുന്ന കോവിഡ് പരിശോധനയിൽ കേരളം വളരെ പിന്നിലാണ്. പരിശോധനകൾ അടിയന്തിരമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കാനുള്ള ബാധ്യതയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നാക്കം പോകുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അത്തരക്കാർക്ക് നേരിട്ട് പണം എത്തിക്കാൻ സൗകര്യം ഒരുക്കണം. അടിയന്തിര സഹായമായി 2500 രൂപയെങ്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ തീവണ്ടികളും ബസുകളും അനുവദിക്കാൻ കേരളം മുൻകൈ എടുക്കണം. കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ വരുന്നതിനുള്ള തടസം കേരളം നീക്കണം.
മടങ്ങി വരുന്ന പ്രവാസികൾക്ക് ക്വാറൻ്റയിൻ സംവിധാനം സ്വജന്യമായി സംസ്ഥാന സർക്കാർ ഒരുക്കണം. ഇപ്പോഴുള്ള സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനമൊരുക്കാനും സംസ്ഥാനം തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മടങ്ങി വന്ന പ്രവാസികളുടെ തുടർ ജീവിതം പ്രതിസന്ധിയിലാണ്. അവരെ സഹായിക്കാനുള്ള പദ്ധതികളൊന്നും സർക്കാർ ആവിഷ്കരിച്ചിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരുന്നവരുടെ തുടർ ജീവിതത്തിനായി പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും കെ.സുരേന്ദ്രൻ യോഗത്തിൽ ആവശ്യമുന്നയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad