കേരളം പതിയെ ആണെങ്കിലും നരേന്ദ്ര മോദി സർക്കാരിന്റെ നന്മകളെ തിരിച്ചറിയുന്നുണ്ട്; സന്ദീപ് വാര്യർ

ഡിജിറ്റൽ ബാങ്കിംഗിന്റെ ആവശ്യകതയെക്കുറിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2016ൽ പറഞ്ഞപ്പോൾ രൂക്ഷ വിമർശനമുയർത്തിവർ വരെ ഇപ്പോൾ ഡിജിറ്റൽ ബാങ്കിംഗ് ഉപയോക്താക്കളാണ് എന്നറിയുന്നതിൽ സന്തോഷം. 
ഇന്ത്യ ഡിജിറ്റൽ ബാങ്കിംഗിലേക്ക് നേരത്തെ തന്നെ നടത്തിയ ചുവടുവെപ്പ് കോവിഡ് മഹാമാരിയുടെ കാലത്ത് പൊതുജനങ്ങളെ എപ്രകാരം സഹായിച്ചു എന്ന് മാതൃഭൂമിയിൽ ഇന്നു വന്ന വാർത്ത സൂചിപ്പിക്കുന്നു. 

ബാങ്കിംഗ് രംഗത്ത് കൊണ്ടുവന്ന സമൂല പരിഷ്കരണം തന്നെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം എന്ന് നിസ്സംശയം പറയാനാകും. 
ജൻധൻ അക്കൗണ്ട് ഉണ്ടായിരുന്നില്ലെങ്കിൽ രാജ്യത്തെ 60 ശതമാനത്തിലധികം കുടുംബങ്ങൾ ഇപ്പോഴും ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവരായി നിൽക്കുന്നുണ്ടാവും. ജൻധൻ ഉണ്ടായതുകൊണ്ടാണ് ഡയറക്റ്റ് ബാങ്ക് ട്രാൻസ്ഫർ വഴി കേന്ദ്ര സഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ പറഞ്ഞ കാര്യം മറക്കരുത്. സർക്കാർ ഒരു രൂപ ഡൽഹിയിൽനിന്ന് അയക്കുമ്പോൾ 20 പൈസ മാത്രമാണ് പൗരന് ലഭിക്കുന്നത് എന്നായിരുന്നു രാജീവ് ഗാന്ധി പ്രസ്താവിച്ചത്. എന്നാലിപ്പോൾ ഡയറക്ടർ ബാങ്ക് ട്രാൻസ്ഫർ ഇടനിലക്കാരെയും അഴിമതിയെയും തുടച്ചുനീക്കിയിരിക്കുന്നു. 
നോട്ട് നിരോധന സമയത്ത് ഫലപ്രദമായി ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിച്ചത് കൊണ്ടാണ് ഈ പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് അത് വളരെ ഉപകാരപ്പെട്ടത് . ബഹുഭൂരിപക്ഷം ജനങ്ങളും മൊബൈൽ ഫോൺ ഉപയോഗിച്ച് കേന്ദ്ര സർക്കാരിന്റെ ഭീം ആപ്പ് വഴിയും മറ്റു സ്വകാര്യ ആപ്പുകൾ വഴിയും പണം കൈമാറാൻ തുടങ്ങി. കേന്ദ്ര സർക്കാരിന്റെ ഭീം ആപ്പിനെ വിമർശിച്ചിരുന്ന പലരും ഇപ്പോൾ സ്വകാര്യ കുത്തക സ്ഥാപനമായ ഗൂഗിളിന്റെ ഗൂഗിൾ പേ ഉപയോഗിക്കുന്നത് രസകരമായ കാഴ്ചയാണ്. എന്തിനേറെ ഇന്നുമുതൽ മദ്യം വാങ്ങാൻ പോലും മലയാളി മൊബൈൽ ആപ്പ് ഉപയോഗിക്കും. 
 കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ ലോൺ നൽകിയത് വിജയ് മല്യയേയും നീരവ് മോദിയേയും പോലെയുള്ള തട്ടിപ്പുകാർക്കായിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ മനുഷ്യർക്ക് ബാങ്കുകൾ വായ്പ കൊടുക്കാൻ തുടങ്ങിയത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷമാണ്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്ന് പതിനായിരം രൂപയുടെ ലോൺ കിട്ടാൻ ദേശാഭിമാനിയുടെ വരിക്കാരനാവണമായിരുന്നു. സിപിഎം നേതാക്കൾക്ക് പിറകെ തലചൊറിഞ്ഞു നടക്കണമായിരുന്നു. പിന്നീട് ജീവിതകാലം മുഴുവൻ അവരോട് വിധേയത്വം പ്രകടിപ്പിക്കണമായിരുന്നു. 
നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം ബാങ്കുകൾ ഒരു ഈടുമില്ലാതെ സാധാരണക്കാർക്ക് സ്വയം തൊഴിൽ ചെയ്യാൻ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പയാണ് നൽകുന്നത്. എത്രയോ പുതിയ തൊഴിൽ സംരംഭങ്ങൾ മുദ്രലോൺ ഉപയോഗിച്ച് കേരളത്തിലും ഉണ്ടായി.  കഴിഞ്ഞ 60 വർഷക്കാലം കൊണ്ട് സംസ്ഥാന സർക്കാർ സഹായത്തോടെ കേരളത്തിൽ എത്ര ചെറുകിട വ്യാപാര വ്യവസായ യൂണിറ്റുകൾ തുടങ്ങിയിട്ടുണ്ട്? അതിന്റെ എത്രയോ ഇരട്ടി സംരംഭങ്ങൾ കഴിഞ്ഞ ആറു വർഷക്കാലത്തിനിടയ്ക്ക് മുദ്ര ലോണുകൾ നൽകി കേരളത്തിൽ തുടങ്ങാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞു.

കേരളം പതിയെ ആണെങ്കിലും നരേന്ദ്ര മോദി സർക്കാരിന്റെ നന്മകളെ തിരിച്ചറിയുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad