വീര സവർക്കർ ജയന്തി

വീരസവർക്കർ പ്രേരണയാണ് . സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് യുവ ഭാരതം സധൈര്യം കുതിച്ചത് സവർക്കർ നൽകിയ പ്രേരണയിലാണ് .  സുഭാഷ് ചന്ദ്രബോസും ഭഗത്സിംഗും സുഖ്ദേവും സവർക്കറിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടവരാണ്. 
സവർക്കർ എന്ന വിപ്ലവകാരിക്ക് ഇന്ത്യയിൽ എപ്രകാരമുള്ള മാറ്റമുണ്ടാക്കാൻ കഴിയുമെന്ന ഉറച്ച ബോധ്യം മറ്റാരെക്കാളും ഉണ്ടായിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആയിരുന്നല്ലോ. അതുകൊണ്ടുതന്നെ സവർക്കരുടെ ദയാഹർജികൾ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടു. 

ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കൈകാലുകൾ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് തൂക്കുമരത്തിന് നേരെ മുന്നിലുള്ള ജയിൽ മുറിയിൽ ഏകാന്തമായി അടക്കപ്പെട്ടിരുന്ന സവർക്കർ , തൂക്കുമരത്തിൽ ഏറുന്നവരുടെ ദൈന്യത കേൾക്കുകയും കാണുകയും ചെയ്യണം എന്ന നിർബന്ധബുദ്ധി ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും മനുഷ്യരെ തൂക്കിലേറ്റുന്നത് കാണേണ്ടി വന്നാൽ , അവരുടെ ആർത്തനാദങ്ങൾ കേൾക്കേണ്ടി വന്നാൽ നിങ്ങളുടെ മാനസികാവസ്ഥ എന്താവും? 

എന്നാൽ ആൻഡമാനിലെ കൊടിയ പീഡനങ്ങൾക്കൊന്നും വീര സവർക്കറുടെ മനസ്സിനെ തളർത്താൻ കഴിഞ്ഞില്ല. 1910 മാർച്ച് 13 ന് അറസ്റ്റ് ചെയ്യപ്പെട്ട വീര സവർക്കർക്ക് 50 വർഷത്തേക്കാണ് ജയിൽ ശിക്ഷ വിധിക്കപ്പെട്ടത് . 11 വർഷക്കാലം ആൻഡമാനിലെ ഏകാന്ത തടവറയിൽ, അതിനുശേഷം നിരവധി വർഷങ്ങൾ രത്നഗിരിയിലെ ജയിലിൽ, പിന്നീട് വീട്ടുതടങ്കലിൽ, തുടർന്ന് രത്നഗിരി ജില്ലയിൽ മാത്രം നിയന്ത്രിതമായ യാത്ര അനുമതി. ബഹുജന വികാരം ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് പോലും സവർക്കറുടെ മോചനം ആവശ്യപ്പെട്ടിരുന്നു. നെഹ്റുവും ഗാന്ധിയും ഉൾപ്പെടെ ഒരു ദേശീയ നേതാവും സവർക്കറോളം പീഡനം ഏറ്റു വാങ്ങിയിട്ടില്ല. 

സവർക്കറുടെ വിപ്ലവ പ്രവർത്തനത്തെ ഇന്ദിരാഗാന്ധി ആദരപൂർവ്വം സ്മരിക്കുകയും സ്വാതന്ത്ര്യസമരത്തിന് പ്രേരണയായിത്തീർന്ന  അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടും സവർക്കറെ കുറിച്ച് ബഹുമാനത്തോടെ മാത്രമേ പറഞ്ഞിട്ടുള്ളൂ , എഴുതിയിട്ടുള്ളൂ. എന്നിട്ടും പുതിയ തലമുറയിലെ കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും സവർക്കറെ അതിനീചമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതം തന്നെ രാഷ്ട്രത്തിനായി ഹോമിച്ച ഒരു മഹാ പുരുഷനെ ആക്ഷേപിക്കുന്നവർക്ക് ചരിത്രം മാപ്പ് തരില്ല. 

ഇന്ന് വീര സവർക്കറുടെ പുണ്യ ജയന്തിയാണ്. മാനവരാശി പുതിയ വെല്ലുവിളികളെ നേരിടുന്ന, ഭാരതം ചൈനീസ് വ്യാളിയുടെ ഭീഷണിയെ നേരിടുന്ന ഈ ദിനത്തിൽ നമുക്ക് വീരസവർക്കറെ സ്മരിക്കാം. അദ്ദേഹത്തിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് രാഷ്ട്ര നന്മയ്ക്കായി പ്രവർത്തിക്കാം. 

"ജയോസ്തു തേ ശ്രീമഹാമംഗലെ
ശിവസ്പദേ ശുഭദേ
സ്വതന്ത്രതേ ഭഗവതി
ത്വാമഹം യശോയുതാം വന്ദേ"
Tags

Post a Comment

0 Comments

Top Post Ad

Below Post Ad