ലോക്ക് ഡൗണിന് ശേഷം പൊതുവാഹനങ്ങളില്‍ എസി അനുവദിക്കരുത്; സര്‍ക്കാരിന് ശുപാര്‍ശ നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം രോഗവ്യാപനം തടയാന്‍ പൊതുഗതാഗതങ്ങളില്‍ എസി അനുവദിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ബസുകളില്‍ കര്‍ട്ടന്‍, കിടക്ക വിരികള്‍, ഭക്ഷണ വിതരണം എന്നിവ പാടില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു.

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ചെക്ക്‌പോസ്റ്റിലും മറ്റുള്ളവ യാത്ര കഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാര്‍ ബസില്‍ കയറുമ്പോള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. പനി, ജലദോഷം, ചുമ എന്നീ രോഗങ്ങള്‍ ഉള്ളവരെ ബസില്‍ കയറ്റാന്‍ അനുവദിക്കരുത്. യാത്രക്കാര്‍ തമ്മില്‍ എപ്പോഴും സുരക്ഷിത അകലം പാലിക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

കാറുകളുടെ മുന്‍സീറ്റില്‍ ഡ്രൈവറും പിന്‍സീറ്റില്‍ രണ്ടു യാത്രക്കാരേയും മാത്രമെ അനുവദിക്കാവൂ. എസി ഉപയോഗിക്കാതെ ഗ്ലാസുകള്‍ താഴ്ത്തിയിടണം. ഇരുചക്ര വാഹനം ഓടിക്കുന്നയാള്‍ ഫുള്‍വൈസര്‍ ഹെല്‍മറ്റ് ഉപയോഗിക്കണം. പിന്നില്‍ ആളെ കയറ്റരുത്.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനായി ഒറ്റ, ഇരട്ട നമ്പറുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കണം. ബസുകളില്‍ യാത്രക്കാര്‍ പിന്‍വശത്തെ വാതിലിലൂടെ കയറുകയും മുന്‍വശത്തെ വാതിലൂടെ ഇറങ്ങുകയും ചെയ്യണം. ഓഫീസുകളുടെ സമയം പുനക്രമീകരിച്ച് പൊതുസ്ഥലങ്ങളില്‍ യാത്രക്കാര്‍ കൂടുന്നത് തടയണം.

അന്തര്‍ സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ വെബ് അധിഷ്ഠിത ഡേറ്റാബേസില്‍ ശേഖരിക്കണം. യാത്രക്കാരന്റെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് റൂട്ട്മാപ്പ് ഗൂഗിള്‍ ഹിസ്റ്ററിയിലൂടെ കണ്ടെത്തണം. യാത്ര നിരോധിച്ചിട്ടുള്ള മേഖലയില്‍ നിന്നാണോ എത്തുന്നതെന്ന് കണ്ടെത്തണം. വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കും. ഇതിന് തയ്യാറാകാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും ശുപാര്‍ശയില്‍ നിര്‍ദ്ദേശിക്കുന്നു.

യാത്രക്കാരുടെ വിവരശേഖരണത്തിന് ചെക്ക് പോസ്റ്റുകളില്‍ സംവിധാനം ഏര്‍പ്പെടുത്തണം. യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. യാത്രക്കാരുടെ എണ്ണം പരിമിതിപ്പെടുത്തി കൊണ്ടുള്ള നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണം. ബസ്, ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകളില്‍ സാനിട്ടൈസര്‍ നിര്‍ബന്ധമാക്കണമെന്നൊക്കെയാണ് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad