ജഗതി ചേട്ടനും ഞാനും കൂടി ഏഷ്യാനെറ്റിന് വേണ്ടി ഒരു സീരിയൽ പ്രൊഡ്യൂസ് ചെയ്തിരുന്നു.. ഏഷ്യാനെറ്റ് പറയും റേറ്റിംഗിൽ ഇല്ലാ ഇല്ലാ എന്ന്...!അലി അക്ബർ എഴുതുന്നു.

സീൻ 10
സിനിമയിൽ വലിയ ശമ്പളമൊന്നും എനിക്ക് കിട്ടിയിട്ടില്ല.. അതുകൊണ്ട് തന്നെ സിനിമയുടെ ഇടവേളകളിൽ മറ്റു പണിക്കു പോവാനും എനിക്ക് മടിയുണ്ടായിരുന്നില്ല.. അങ്ങിനെ ആയിടയ്ക്ക് പഠിച്ച ഒരു തൊഴിലായിരുന്നു എഡിറ്റിംഗ്.... ഞാൻ പറഞ്ഞല്ലോ കുറച്ചു സീരിയൽ ചെയ്തിരുന്നു എന്ന് അതിന്റ എഡിറ്റിംഗ് തിരുവനന്തപുരം വേളിയിലെ രോഷ്നി എന്ന സ്റ്റുഡിയോയിൽ ആയിരുന്നു... അത്തരത്തിൽ രണ്ടു സ്റ്റുഡിയോ മാത്രമേ അന്നുണ്ടായിരുന്നുള്ളു... എന്റെ സീരിയൽ എഡിറ്റ്‌ ചെയ്തിരുന്നത് ദൂരദർശനിൽ എഡിറ്ററായിരുന്ന മധു കൈനകരിയായിരുന്നു.. എനിക്കൊരു സ്വഭാവം ഉണ്ട് ഒരാൾ ഒരു പ്രവൃത്തി ചെയ്യുമ്പോൾ അയാൾ അറിയാതെ ഓരോ കാര്യവും ഞാൻ പഠിക്കും, അന്നത്തെ എഡിറ്റിംഗ് ഒരു വീഡിയോ പ്ലയെറിൽ കാസറ്റ് പ്ലേ ചെയ്തു ആവശ്യമുള്ള ഷോട്ട് റെക്കോർഡറിലേക്ക് പകർത്തുന്ന രീതി ഇതിന് ലീനിയർ എഡിറ്റിങ് എന്നാണ് പറയുക. പ്ലയെറിനെയും റെക്കോർഡറിനെയും നിയന്ത്രിക്കുന്നത് കണ്ട്രോൾ യൂണിറ്റാണ് അതിലാണ് പ്ലെയറിന്റെയും റെക്കോർഡറിന്റെയും in  out പോയിന്റ് മാർക്ക് ചെയ്തു എഡിറ്റിങ്ങു നടത്തുന്നത്.. 
ഇതു മനസ്സിലാക്കാൻ അൽപ്പം ബുദ്ധി ഉപയോഗിച്ച് മനസ്സിൽ കോറി വച്ചു... മധു കൈനകരിക്കു ശേഷം രമേശ്‌ സ്ഥിരം എഡിറ്ററായി ജോലി ഏറ്റെടുത്തു അക്കാലത്തായിരുന്നു ഈ സ്റ്റുഡിയോക്ക് വേണ്ടി കുറേ വർക്ക് ചെയ്തത്.. എല്ലാ ബുധനാഴ്ചയും കേരളാ ഡയറി എന്ന പ്രോഗ്രാം ദൂര ദർശനിൽ എത്തിക്കണം.. ഞാൻ ഷൂട്ട്‌ ചെയ്യ്തു കൊടുക്കും രമേശ്‌ എഡിറ്റ് ചെയ്യും.. ആ ഇടയ്ക്കാണ് ദൂരദർശനു വേണ്ടി ഗാന്ധിജി കേരളക്കരയിലൂടെ എന്ന ഡോക്യൂമെന്ററി ചെയ്തതും.. അക്കാലത്ത്  ഗാന്ധിജിയെ തൊട്ട ഒട്ടുമിക്ക മലയാളികളെയും എനിക്ക് തൊടാൻ  ഭാഗ്യം ലഭിച്ചു. 
രമേശിന് CDIT. സ്റ്റുഡിയോയിൽ ജോലികിട്ടി അങ്ങോട്ട് പോയി... രോഷ്നി സ്റ്റുഡിയോ മുതലാളി ടെൻഷനിലായി മറ്റൊരു എഡിറ്ററെ കിട്ടാനില്ല അദ്ദേഹം ഒരു സിഗരറ്റിൽ നിന്ന് ഒരു സിഗററ്റിലേക്ക് തീ കൈമാറി പുകഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഞാൻ എഡിറ്റ് ചെയ്തോട്ടെ? 
അതിന് അലിക്ക് എഡിറ്റിംഗ് അറിയുമോ? 
നോക്കാം... മറ്റു വഴിയൊന്നും വേറെ ഇല്ലല്ലോ... 
അങ്ങിനെ മനസ്സില്ലാ മനസ്സോടെ എനിക്ക് അനുവാദം തന്നു... വൈകിട്ട് അഞ്ചുമണിക്ക് മുൻപ് കാസറ്റ് ദൂര ദർശനിൽ എത്തിക്കണം. ഞാൻ സകല ദൈവങ്ങളെയും വിളിച്ചു കൺസോളിൽ കയറി  പണി തുടങ്ങി... നാലുമണിക്ക് തന്നെ പണി തീർത്തു കാസറ്റ് ദൂരദർശനിൽ എത്തിച്ചു... മുതലാളി നായർ അന്ന് 7 മണിക്ക് ചങ്കിടിപ്പോടെ കേരളാ ഡയറി കണ്ടു.. ശേഷം സുഖമായി ഉറങ്ങി... അടുത്ത ദിവസം സ്റ്റുഡിയോയുടെ താക്കോൽ ഏൽപ്പിക്കാൻ ചെന്നപ്പോൾ നായർ പറഞ്ഞു ഇനി അത്‌ അലിയുടെ കയ്യിൽ ഇരുന്നോട്ടെ... അങ്ങിനെ സ്റ്റുഡിയോയുടെ ഉത്തരവാദിത്തം എന്റെ തലയിലായി. സ്ഥിരം അവിടെ പറ്റില്ല എന്നുള്ളത് കൊണ്ട് അവിടെ സഹായി ആയിരുന്ന അനിൽ ചാരുംമൂടിനെ ശിഷ്യനാക്കി തൊഴിൽ പഠിപ്പിച്ചു.... ആ തുടക്കം കേരളത്തിലെ ഒരു പാട് കുടുംബങ്ങളിൽ ജീവിത മാർഗ്ഗം എത്തിക്കാനുള്ള വിത്തിടൽ ആയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു... നായർ കുറേ കടവും ബാക്കി വച്ച് ജീവിതം അവസാനിപ്പിച്ചു... രോഷ്നി KSFE ജപ്തി ചെയ്തു.. ഞാൻ ഫ്രീ ലാൻസ് എഡിറ്ററായി.. 
അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം ഒരു സുഹൃത്ത് വന്നു പറഞ്ഞു സാറെ ഒരു ടെലിഫിലിം EDIT ചെയ്തു തരാമോ? ഞാൻ ചോദിച്ചു ഏതാ സ്റ്റുഡിയോ? സേവ്യറിന്റെ സ്റ്റുഡിയോ ആണ്... 
അതു നടക്കില്ല... (ഞാൻ മുൻപ് ഒരു ഫ്രോഡിനെ കുറിച്ചു പറഞ്ഞല്ലോ അവനൊരു സ്റ്റുഡിയോ തുടങ്ങിയിരുന്നു). 
ഇല്ല ഞാൻ സംസാരിച്ചു സാറാണ് എഡിറ്റ്‌ ചെയ്യുന്നത് എന്ന് പറഞ്ഞിരുന്നു.. പ്രശ്നം ഇല്ല. 
എങ്കിൽ എനിക്ക് പ്രശ്നം ഇല്ല.. അവൻ സ്‌കൂട്ടറുമായി വന്നു. ഞങ്ങൾ പുറപ്പെട്ടു ഒന്നോ രണ്ടോ കിലോമീറ്റർ വന്നു ദാ വരുന്നു വിളി.. അവൻ സ്കൂട്ടർ നിറുത്തി ഫോൺ അറ്റൻഡ് ചെയ്തു അവന്റെ മുഖം മാറി... 
ഞാൻ ചോദിച്ചു സേവ്യർ വാക്ക് മാറി അല്ലേ.. 
അതേ... 
അവൻ മാറും അവന്റെ ജന്മം അതാണ്‌.. സ്കൂട്ടർ തിരിച്ചപ്പോൾ അവൻ പറഞ്ഞു.. സാറെ എന്തൊരു കഷ്ടമാ.. ആവശ്യത്തിന് സ്റ്റുഡിയോ ഇല്ല.. വർക്കാണെങ്കിൽ ഇഷ്ടം പോലെ... 
ഒന്ന് തുടങ്ങിയാൽ ഓടുമോ? 
സാറെ ഇഷ്ടം പോലെ വർക്കുണ്ട് പറ്റുമെങ്കിൽ തുടങ്‌... 
സേവ്യറിനോടൊരു വാശി... 
പിറ്റേ ദിവസം തന്നെ അന്വേഷിച്ചു... പതിമൂന്നു ലക്ഷം വരും... ഒരു കൊട്ടേഷൻ തയ്യാറാക്കി സൌത്ത് ഇന്ത്യൻ ബാങ്കിൽ കൊടുത്തു. മാനേജർ പറഞ്ഞു 10 ലക്ഷത്തിനു മുകളിൽ റീജിണൽ മാനേജർക്കെ പാസ്സാക്കാൻ പറ്റു സ്റുഡിയോയ്ക്ക് നടക്കും എന്ന് തോന്നുന്നില്ല... 
തൊട്ടടുത്ത ദിവസം ഉണ്ണിയേട്ടൻ വിളിച്ചു അലീ ഞാൻ നാളെ വരുന്നുണ്ട് എന്റെ ഫിലിം പെട്ടി ദൂരദർശനിൽ കൊടുക്കണം കാറുമായി ഒന്ന് സ്റ്റേഷനിൽ വരവോ?  കക്ഷി ആരാന്നോർമ്മയുണ്ടോ? എനിക്ക് അഡ്വാൻസ് തരാൻ വന്നിട്ട് ഞാൻ മടക്കി അയച്ച അതേ ഉണ്ണിയേട്ടൻ.. നിർമ്മാതാവ്... പിറ്റേന്ന് ഉണ്ണിയേട്ടനെ സ്വീകരിച്ചു ദൂരദർശനിൽ പോയി മടങ്ങുമ്പോൾ ഞാൻ സ്റ്റുഡിയോയുടെ കാര്യം പറഞ്ഞു എന്നോട് ചോദിച്ചു ഏതു ബാങ്കാണ് എന്ന്... സൌത്ത് ഇന്ത്യൻ ബാങ്കാണ്  എന്ന്  പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ ഒരു മറുപടി പറഞ്ഞു... അതു കിട്ടിയെന്ന് വിചാരിച്ചോളൂ... 
എന്താ ഈ പറയുന്നത്? 
ന്തൂട്ടാന്നോ അതിന്റെ മുതലാളി നുമ്മടെ സ്വന്തം ആളാണെന്നേ.. റീജിയനിലേക്ക് വിടാൻ പറ, അവിടെ എത്തിയാൽ എന്നേ വിളിച്ചു തൃശൂർക്ക് വന്നോളൂ അത്‌ ഞാനേറ്റു.... 
അതു സംഭവിച്ചു ഒരാഴ്ചക്കുള്ളിൽ തൃശൂർ ഭാഷയിൽ... 
ലോണാ റെഡി... 
ഒരാളെ സിനിമക്കുഴിയിൽ നിന്നും രക്ഷപ്പെടുത്തിയതിനുള്ള കൂലി എങ്ങിനെയാ കിട്ടിയത്... അതാണ്‌ ജീവിതം.. 
ന്തൂട്ട്.... 
അങ്ങിനെ റിയൽ ഇമേജസ് ജനിക്കുന്നു... 
ശാസ്തമംഗലത്ത് അന്തരിച്ച മുൻ മന്ത്രി M. കമലത്തിന്റെ വീടായിരുന്നു സ്റുഡിയോക്ക് വേണ്ടി വാടകയ്ക്ക് എടുത്തത്, ഒരു പഴയ വീടായിരുന്നു പണിത് കുട്ടപ്പനാക്കി, പാതി പണിയും സ്വന്തം തന്നെ, ഈ പണിക്കിടയിൽ രസകരമായ ഒരനുഭവം ഉണ്ടായി സുഹൃത്ത് ബിജുലാൽ എന്റെ കയ്യിൽ നിന്നും അല്പം പണം റോൾ ചെയ്തിരുന്നു.. അത് അനുജന്റെ കയ്യിൽ കൊടുത്തു വിട്ടു.. അനുജൻ സ്റ്റുഡിയോയിൽ വരുമ്പോൾ ഞാൻ ലുങ്കി മാത്രമുടുത്ത് സിമന്റ് തേക്കുകയായിരുന്നു.. ലാലുവിന്റെ അനുജൻ എന്റടുത്തു വന്നു ചോദിച്ചു മേസ്തിരി... സാറില്ലേ... (കെട്ടുപണിക്കാരെ മേസ്തിരി എന്നാണ് തിരുവനന്തപുരത്തുകാർ വിളിക്കുക )എനിക്കാളെ മനസ്സിലായി ഞാൻ പറഞ്ഞു സാർ പുറത്തുപോയിരിക്കയാണ് പണം എന്നേ ഏൽപ്പിച്ചാൽ മതി.. അവന് ബോധ്യം വന്നില്ല പുറത്തേക്കിറങ്ങി ബിജുലാലിനെ വിളിച്ചു.. ബിജു ലാലിന് കാര്യം മനസ്സിലായി അവൻ ചോദിച്ചു തടിയുള്ള മേസ്തിരി അല്ലേ?.. 
അതേ... എന്നാൽ ധൈര്യമായിട്ട് കൊടുത്തിട്ട് വാ... 
ലാലിന്റെ അനുജൻ തിരിച്ചു വീട്ടിലെത്തിയിട്ടാണ് സംഗതി പൊളി
ഞ്ഞത്.. 
പിന്നെ കുറേക്കാലം അനുജന് എന്നെക്കാണുമ്പോൾ... വല്ലാത്ത ചമ്മലായിരുന്നു... 
കുറച്ചു കാലം മുൻപും ഇതേ അനുഭവം ഉണ്ടായി ഒരു സുഹൃത്തിന്റെ ഓഫീസ് വർക്ക് നടക്കുകയായിരുന്നു... ഞാൻ wood worke ചെയ്യുന്നത് കണ്ട് ഒരാൾ വന്നു ചോദിച്ചു... ആശാരീ ഒരു രണ്ടു ദിവസത്തെ പണിയുണ്ട് ഒന്ന് വരാമോ? 
ആ ചോദ്യം കേൾക്കുമ്പോൾ ഒരഭിമാനമാണ്. ഇതൊക്കെ സുഹൃത്തുക്കളിൽ നിന്നും പഠിച്ചതാണ്... ടൈലറിങ്ങിൽ ഗുരു വേലായുധേട്ടൻ, ചെരുപ്പ് പണിയിൽ ചെല്ലപ്പൻ, അപ്ഹോൾസ്റ്ററിയിൽ നാസറും ജോളിയും, 
അങ്ങിനെ ഒരുപാട് തൊഴിലുകൾ.. കുറേ നോക്കിപഠിച്ചു, വായിച്ചു പഠിച്ചു... 
നടക്കാതെ പോയത് സംഗീതം മാത്രം ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ചെറുപ്പത്തിൽ  പണം ഇല്ലാഞ്ഞിട്ടു തന്നെ... പക്ഷെ അസ്സലായി ചുരണ്ടി പശ്ചാത്തല സംഗീതം നൽകും... 
സ്റ്റുഡിയോ പണി യുടെ സമയത്ത് ഭാര്യാ സഹോദരന്റെ മക്കളായ അപ്പുവും കുക്കുവും കൂടെ ഉണ്ടായിരുന്നു, പത്താം ക്ലാസ് കഴിഞ്ഞത് മുതൽ അവർ എന്നോടൊപ്പം ഉണ്ട്... അവരും എല്ലാപണിക്കും കൂടെ ഉണ്ടായിരുന്നു.. 
സ്റ്റുഡിയോ ഡിസൈൻ സഹായിച്ചത് സാബുവാണ്.. സാബു ഫൈൻ ആർട്സ് കോളേജിൽ നിന്നിറങ്ങിയതാണ്... 
സ്റ്റുഡിയോ ഉത്ഘാടനം കഴിഞ്ഞു നല്ല വർക്കായി..അപ്പുവിനെയും കുക്കുവിനെയും തൊഴിൽ പഠിപ്പിച്ചു. ഇപ്പോൾ അവർ മനോരമയിലും  ഏഷ്യാനെറ്റിലും ചീഫ് എഡിറ്റർമാരായി ജോലി ചെയ്യുന്നു ആനന്ദ് എടയോടി, അജിത് എടയോടി എന്നിങ്ങനെയാണ് ഒഫീഷ്യൽ പേര്, ഇവരെ കൂടാതെ മറ്റൊരളിയന്റെ മകൻ ജീവൻ ഫ്ളവേഴ്സിൽ ജോലി ചെയ്യുന്നു ഇവരൊക്കെയായിരുന്നു ആദ്യ ശിഷ്യൻമാർ. സ്റ്റുഡിയോയിൽ  നല്ല ക്ളൈന്റ്സ് ധാരാളം വന്നു , ഭാരത് ഗോപി മുതൽ ധാരാളം പേരുടെ സീരിയൽ, ഡോക്യൂമെന്ററി, ടെലിഫിലിം റിയൽ ഇമേജസിൽ എത്തി. 
അങ്ങിനെ പോയിക്കൊണ്ടിരിക്കെ... അടുത്ത ദുരന്തം വന്നു ഞാൻ വലയം എന്നൊരു മെഗാസീരിയൽ ദൂരദർശനിൽ കൊടുത്തിരുന്നു... അത്‌ സുഹൃത്ത് ജയൻ ചെമ്പഴന്തിയുടെ പേരിലാണ് കൊടുത്തത്... അത്‌ കൊടുക്കുമ്പോഴേ ഭാര്യ വിലക്കിയതാണ്... സുഹൃത്തല്ലേ.. എന്ന് കരുതി ഞാൻ കൊടുത്തു.. സ്വന്തം പേരിൽ കൊടുക്കാൻ വേണ്ടി എഴുതിയതാണ്. പാസ്സായി വന്നപ്പോൾ പയലറ്റ്  ഷൂട്ടിങ്ങിനു ജയന്റെ കയ്യിൽ പണമില്ല.. ഞാൻ പണം മുടക്കി ഷൂട്ട്‌ ചെയ്തു... ഒടുവിൽ അത്‌ അപ്പ്രൂവൽ ആയി വന്നപ്പോഴേക്കും ശാന്തി വിള ദിനേശ് ഇടയ്ക്കു കയറി വന്നു... ജയനെ വിഴുങ്ങി.. ജയൻ ഒരേ കരച്ചിൽ ഒടുവിൽ ആ സീരിയൽ എന്റെ കയ്യിൽ നിന്നും പോയി.. അഞ്ചു ലക്ഷം രൂപ (പയലറ്റ് ഷൂട്ടിങ്ങിനു മുടക്കിയത് അടക്കം )തന്നു, അൻപത് എപ്പിസോഡ് കഴിഞ്ഞുള്ള ഓരോ എപ്പിസോഡിനും അഡീഷണൽ പണം തരാം എന്നൊക്കെ പറഞ്ഞു.... ഒന്നും രേഖയാക്കിയില്ല കുറച്ചു എപ്പിസോഡുകൾ സ്റ്റുഡിയോയിൽ ചെയ്തു പിന്നീട് അതും പോയി... കുറച്ചു കാലം സീരിയൽ ടൈറ്റിലിൽ കഥ എന്റെ പേരായിരുന്നു, പിന്നെ മൂലകഥ... പിന്നെ പൂരാടക്കാരൻ പുറത്തായി... PRO ശാന്തിവിള ദിനേശ്  സംവിധായകനായി... 
ഒരിക്കൽ ഫെഫ്കയുടെ ഓഫീസിൽ വച്ചു ബി ഉണ്ണികൃഷ്ണന്റെ കൂടെ ചേർന്ന് എന്നേ എന്തൊക്കെയോ ചെയ്യുമെന്ന് പറയുന്നത് കേട്ടു.. ഇപ്പോൾ കമാലുദ്ധീനെ കുറ്റം പറഞ്ഞു TV യിൽ കാണുന്നു... പണ്ട് ഇവരുടെയൊക്ക  സ്തുതി പാഠകനായിരുന്നു. 
തട്ടിയെടുത്ത് പോയവരെല്ലാം മുട്ടി വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്... കാലം തട്ടിപ്പുകാരെ പൊക്കി മുകളിലേക്ക് കൊണ്ടുപോയി താഴേക്കിടും... 
ബീറ്റയിൽ നിന്നും സ്റ്റുഡിയോ ഡിജിറ്റലിലേക്ക് മാറിതുടങ്ങി ഞാൻ AVID  NLE സിസ്റ്റം വാങ്ങി, മദ്രാസിലെ റിയൽ ഇമേജിൽ നിന്നാണ് അത് വാങ്ങിയത് അവരും എന്റെ ഒരു അൻപതിനായിരം പറ്റിച്ചു.. അത്‌ ചെറിയ പ്രശ്നമായി ഇനി അവരിൽ നിന്നും ഒന്നും വാങ്ങുന്നില്ല എന്ന് തീരുമാനിച്ചു സ്റ്റുഡിയോയിൽ വർക്കിന്റെ തിരക്കും.. അപ്പോൾ നെറ്റിൽ തപ്പിയപ്പോ MAC ഒരു പുതിയ പ്ലാറ്റുഫോം തുടങ്ങിയതായി അറിഞ്ഞു FCP.... ഉടൻ എറണാകുളത്ത് LASER GRAFIX ൽ സജീവിനെ വിളിച്ചു... 
സാറെ സംഗതി ഇവിടെ എത്തിയിട്ടുണ്ട് പക്ഷെ ട്രെയിനിങ് തരാൻ ആരുമില്ല, 
മാന്വൽ ഉണ്ടോ? 
വലിയൊരു ബുക്ക്‌ തന്നെയുണ്ട്... 
എന്നാൽ ലോഡ് ചെയ്തു കംപ്യുട്ടറുമായി വരാൻ പറഞ്ഞു.... ആ സോഫ്റ്റ്‌വെയർ ആണ് പിന്നീട് സീരിയലിന്റെയും സിനിമയുടെയും, ചാനലുകളുടെയും  തല വര മാറ്റിയത്.. 
രണ്ടുമൂന്നു ദിവസം കൊണ്ട് ഞാൻ സോഫ്റ്റ്‌വെയർ പഠിച്ചു. fcp യിൽ എഡിറ്റിംഗ് തുടങ്ങി  20 കൊല്ലമായി ആ സോഫ്റ്റ്‌വെയർ എന്റെ കൂടെയുണ്ട്. 1.2 വേർഷനിൽ തുടങ്ങി ഇപ്പോൾ 10+ൽ എത്തി നിൽക്കുന്നു... 
സ്റ്റുഡിയോ തുടങ്ങിയപ്പോൾ ഏറ്റവും വലിയ പേടി ഒരു പോലീസ് ഓഫീസറെ ആയിരുന്നു ഇടയ്ക്കിടെ വിളിക്കും അന്ന് മുഴുവൻ പേർക്കും എക്വിപ്മെൻറ്സ് സപ്ലൈ ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നായിരുന്നു. എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ ഉപദ്രവം ഉണ്ടാവും എന്നൊരു പേടി മാനേജർക്കുണ്ടായിരുന്നു, അങ്ങിനെ അദ്ദേഹത്തിന്റെ കമ്പനിയിൽനിന്നും.140000 രൂപ വിലയുള്ള  DSR 40 എന്ന ഡിജിറ്റൽ ഡക്ക് എടുത്തു. അത് വന്നതാണ് ഏറ്റവും രസകരമായ കാഴ്ച,..ഒരു പോലീസ് ജീപ്പ് സ്റ്റുഡിയോയിലേക്ക് ഇരച്ചു കയറി വരുന്നു.  പോലീസുകാരൻ ജീപ്പിൽ നിന്നും മേൽപ്പറഞ്ഞ ഉപകരണവുമായി ഇറങ്ങി വന്നു... അതാണ് പവർ.. സിനിമയിലൊക്കെ കാണുന്ന കാഴ്ച്ച...  
എല്ലാവർക്കും അറിയാം ഒരു ചാനലിന് സകല സാധനങ്ങളും ഇദ്ദേഹമാണ് ഇറക്കിയതെന്ന്.. അതൊക്കെയാണ്  ഭരണകൂടവും...ഉദ്യോഗസ്ഥരും തമ്മിലുള്ള ഇരിപ്പ് വശം .. 
തിരക്ക് കൂടിയപ്പോഴാണ് അടുത്ത പാര... M.കമലം വനിതാ കമ്മീഷൻ ചെയർ പെഴ്‌സനായി തിരുവനന്തപുരത്തെത്തി.. അവർക്ക് വീടൊഴിഞ്ഞു കൊടുക്കണം അല്ലേൽ മൂന്നിരട്ടി വാടക കൊടുക്കണം. 
അഞ്ചു വർഷത്തേക്ക് കൂടുതൽ ചോദിക്കില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് വീട് ഞാനെടുത് നന്നാക്കിയത്.. അതിന് നല്ല പണവും ചിലവായി... കമ്മീഷന്റെ കീഴിലുള്ള IG വിളിച്ചു ഭീഷണിപെടുത്താൻ തുടങ്ങി ഞാൻ ചാനലിൽ  ഒരു വാർത്താ പരിപാടി  അവതരിപ്പിക്കുന്ന സുഹൃത്ത് ഏലിയാസിനെ വിളിച്ചു പറഞ്ഞു.. അവർ ന്യുസാക്കി...  ഞാൻ സ്റ്റുഡിയോയിൽ അനാശാസ്യം നടത്തുന്നു എന്ന് M.കമലം പറഞ്ഞു.. ഞാൻ മാന നഷ്ടത്തിനു കേസ് കൊടുത്തു... 
പ്രശ്നം അധികരിച്ചപ്പോൾ ഈ വീട് എടുത്തു തന്ന അൽത്താഫ് പറഞ്ഞു ആ കുരിശ് ഒഴിവാക്കുന്നതാ നല്ലത്.. 
പുതിയൊരു ബിൽഡിംഗ്‌ എടുത്തു സ്റ്റുഡിയോ അവിടേക്ക് മാറ്റി... എന്റെ അഡ്വാൻസ് തുക തിരികെ ചോദിച്ചപ്പോ ഗുണ്ടകളെ വിട്ടു...
അത് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. വക്കീലിനെ കണ്ടു  കേസ് ഫയൽ ചെയ്തു താക്കോൽ കോടതിയിൽ കൊടുത്തു 7 വർഷത്തോളം ആ വീട് അടഞ്ഞു കിടന്നു.. ഞാൻ പുതിയ സ്റ്റുഡിയോയിൽ ട്രെയിനിങ് കൂടി തുടങ്ങി FCP, ക്യാമറ അങ്ങിനെ നൂറു കണക്കിന് കുട്ടികൾ പഠിച്ചു ഇന്ന് സൂര്യ, കൈരളി,  ഏഷ്യാനെറ്റ്, മനോരമ, ഫ്ലവർസ് തുടങ്ങിയ ചാനലുകളിലെ ഭൂരിഭാഗം എഡിറ്റർമാരും എന്റെ ശിഷ്യരാണ്. സിനിമ രംഗത്തും ഒട്ടേറെ പേര് ജോലി ചെയ്യുന്നു....

അക്കാലത്താണ് ഹസൻ ചേളാരി എന്നേ വിളിക്കുന്നത്. ഹസ്സൻ ബായ് സൗദിയിൽ എന്റെ ജ്യേഷ്ഠന്റെ സുഹൃത്തായിരുന്നു.. 
മുനീർ സാഹിബിന്റെ ഇന്ത്യാ വിഷൻ ചാനൽ ആരംഭിക്കുന്നതിനായിട്ടാണ്  വിളി, ആദ്യ ചർച്ച കോഴിക്കോട് ചേളാരിയിൽ,  ഞാനും ഹസ്സൻ ചേളാരിയും മുനീറും കൂടിയായിരുന്നു.. fcp യും സെർവറുകളും വച്ചു സ്റ്റുഡിയോ തുടങ്ങാം ലീനിയർ സിസ്റ്റത്തിലേക്ക് പോകരുതെന്നും ഞാൻ  പറഞ്ഞു...ആദ്യം സമ്മതിച്ചു. പിന്നീട് 
ഏഷ്യാനെറ്റിലെ ഒരു വിദ്വാൻ(പേര് പറയുന്നില്ല ) വന്ന് നോർത്തിന്ത്യയിൽ ആരൊക്കെയോ ഉപേക്ഷിച്ച പ്ലേയറുകളും റെക്കോർഡറുകളും വാടകയ്‌ക്കെടുത്തു സ്റ്റുഡിയോ തുടങ്ങി അതിന്റ പണി തീർത്തു, 
ഹസ്സൻ ചേളാരിയെ പുറത്താക്കി.. 
ഒടുവിൽ ചാനൽ പൂട്ടി.. അത്ര തന്നെ.....
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഞാൻ ചെയ്ത സീരിയൽ ആണ്. അതെനിക്ക് വലിയ നഷ്ടം ഉണ്ടാക്കി, ആ വർക്കിൽ എനിക്കൊരു പങ്കാളി ഉണ്ടായിരുന്നു.. സുനിൽ സ്കറിയാ മാത്യു... മാത്യുവും നഷ്ടം സഹിച്ചു എനിക്കും ഭാര്യക്കും സുനിലിനും സ്റ്റേറ്റ് അവാർഡ് കിട്ടി , കൂടെ നല്ല നടിക്കുള്ള അവാർഡ് മഞ്ജു പിള്ളയ്ക്കും ലഭിച്ചു. 
എന്റെ സിനിമാ ജീവിതത്തിൽ ഏറെ സഹായിച്ച  വ്യക്തിയാണ് സുനിൽ സ്കറിയ മാത്യു... ബൊമ്മ വിൽപ്പനക്കാർ എന്ന സീരിയലും എന്റെ അവസ്ഥ മനസ്സിലാക്കി എനിക്ക് വിട്ടു തരികയാണ് ചെയ്തത്.. കണക്ക് സൂക്ഷിക്കാത്ത ഒരേയൊരു മനുഷ്യൻ... സുന്ദരികളും സുന്ദരന്മാർക്കും കേരളത്തിൽ ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു, അതേപോലെ തന്നെയായിരുന്നു പാഠഭേദവും, ബൊമ്മ വില്പനയ്ക്കാരും,  ഉണ്ണിവന്ന നാളുമെല്ലാം... ഹിറ്റ് സീരിയലുകൾ ഇവയൊക്കെ ഒരു കാലത്ത് എന്നേ തീറ്റി പോറ്റിയത്. 
ജഗതി ചേട്ടനും ഞാനും കൂടി ഏഷ്യാനെറ്റിന് വേണ്ടി ഒരു സീരിയൽ പ്രൊഡ്യൂസ് ചെയ്തിരുന്നു.. ഹുക്കാ ഹുവാ മിക്കാഡോ ഒരു കോമഡി സീരിയൽ.. നന്നായി പോയിക്കൊണ്ടിരിക്കുമ്പോൾ ഏഷ്യാനെറ്റ് പറയും റേറ്റിംഗിൽ ഇല്ലാ ഇല്ലാ എന്ന് പക്ഷെ മറ്റൊരു ചാനലിൽ നിന്നും എനിക്കിതിന്റെ റേറ്റിങ് കിട്ടിക്കൊണ്ടിരുന്നിരുന്നു.. ഞാനിത് അവരുടെ മുന്നിൽ കാട്ടി 50 എപിസോഡിൽ സ്റ്റോപ്പ്‌ ചെയ്തു... ആ സീരിയലിൻന്റെ അക്കൗണ്ട് ഞാനാണ് നോക്കിയിരുന്നത്. ഒരു ദിവസം അമ്പിളി ചേട്ടൻ പറഞ്ഞു അലീ ഒരു അൻപതിനായിരം രൂപ അദ്ദേഹത്തിന്റെ രണ്ടാം കുടിയിൽ കൊടുക്കണം... ആള് വന്നു വാങ്ങിച്ചോളും.. കണക്കിൽ എഴുതരുത് ഞാൻ കൊടുത്തു.. കണക്കിൽ എഴുതിയുമില്ല.. അന്ന് ആ ബന്ധം പരസ്യം ആയിരുന്നില്ല. കുറേ കഴിഞ്ഞു കണക്കെല്ലാം സെറ്റിൽ ചെയ്തപ്പോൾ ചേട്ടന്റെ ഓഡിറ്റർ ഈ മിസ്സിംഗ്‌ തുക കണ്ടുപിടിച്ചു.. ചേട്ടൻ മറ്റേ രണ്ടാം കുടി അക്കൗണ്ട് മറന്നു പോയിരുന്നു... അമ്പിളി ചേട്ടൻ പിന്നീട് വല്ലാത്ത ഒരു രീതിയിൽ എന്നോട് പെരുമാറാൻ തുടങ്ങി.. ഒരിക്കൽ ഞാൻ പറഞ്ഞു ചേട്ടന്റെ മനസ്സിൽ എന്തോ ഉണ്ട് എന്തായാലും പറയണം... ഒടുവിൽ പറഞ്ഞു ഓരംപതിനായിരം രൂപ അലി എടുത്തിട്ടുണ്ട്... അപ്പൊ ഞാനാ കണക്ക് പറഞ്ഞുകൊടുത്തു... ചേട്ടൻ വല്ലാതായി... ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.. എന്നോട് സോറി പറഞ്ഞു... ആഡിറ്ററോട് ഞാനീ കഥ പറഞ്ഞപ്പോ ഒന്ന് കൂടി കൂട്ടി പറഞ്ഞു.. ആരുമില്ലാത്തപ്പോൾ ഞാനുണ്ടായിരുന്നല്ലോ നാണം കെട്ട്.. എന്നോടൊന്നു ചോദിച്ചു കൂടായിരുന്നോ? 
ഇന്ന് ജഗതിയുടെ ആ ബന്ധവും അതിലുള്ള മകളെയും നിങ്ങൾക്കറിയാം.. അതുകൊണ്ട് എഴുതിയതാണ്... എനിക്ക് കടമുണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്... പക്ഷെ അന്യരുടെ ഒരു രൂപ പറ്റിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല, കഴിയുമായിരുന്നെങ്കിൽ കോടികൾ സമ്പാദിക്കാനുള്ള അവസരം ഉണ്ടായിരുന്നു.. 
ജഗതി പണത്തിന്റെ പുറകെ പോവുന്ന ആളല്ല കേട്ടോ, തിരുവനന്തപുരത്തെ പവ്വർ ഹോമിലേക്ക് നല്ലൊരു തുക എല്ലാമാസവും അദ്ദേഹം എത്തിച്ചിരുന്നു, ഒരു ഉത്ഘാടനമോ, പരസ്യമോ വന്നാൽ അതിന്റെ ഒരു ഭാഗവും അവിടെ എത്തിച്ചിരുന്നു... 
വീണ്ടും സ്റ്റുഡിയോയിലേക്ക് പോകാം. 
അന്ന് സിനിമ എഡിറ്റ് ചെയ്യണമെങ്കിൽ 40 ലക്ഷം രൂപവരെ  മുതൽ മുടക്കി avid സിസ്റ്റം വേണമായിരുന്നു, ആ രംഗത്തേക്ക് FCP വന്നു മൂന്ന് ലക്ഷം രൂപയുടെ ഒരു ഗ്രാഫിക് കാർഡും ചെറിയൊരു സോഫ്റ്റ്‌വെയർ കൂടി ഉണ്ടെങ്കിൽ സിനിമ എഡിറ്റ്‌ ചെയ്യാം എന്ന് പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ല.. 
ഞാൻ കാർഡ് വാങ്ങി സ്വന്തം പടം G മുരളിയെ കൊണ്ട് അതിൽ എഡിറ്റ്‌ ചെയ്യിപ്പിച്ചു... 
ബാംബൂ ബോയ്സ്... 
ഏഷ്യയിൽ ആദ്യമായി fCP യിൽ എഡിറ്റ് ചെയ്യുന്ന ചിത്രം, പിന്നീട് ലാൽ സ്റ്റുഡിയോയിൽ കല്യാണരാമൻ... പിന്നെ AVM അങ്ങിനെ FCP സൂപ്പർ ഹിറ്റായി അതിന് പുറകിൽ രണ്ടാത്മാക്കളാണ് പണിയെടുത്തത്. ഞാനും ലേസറിലെ സജീവും...
 ഇപ്പോൾ ഓരോ ചെറുപ്പക്കാരനും ലാപ്പിൽ FCP ഉപയോഗിച്ചു സിനിമ എഡിറ്റ്‌ ചെയ്യുമ്പോൾ, അത് കൊണ്ട് ഒരിക്കലും സിനിമ ചെയ്‌താൽ ശരിയാവില്ല AVID തന്നെ വേണം  എന്ന് പറഞ്ഞു നടന്നവരെ കുറിച്ചോർത്തു ചിരിക്കും. 
ഡിജിറ്റൽ വേവ് രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റത്തിൽ സ്റ്റുഡിയോകൾ തകരും എന്നുള്ള തോന്നലിൽ റിയൽ ഇമേജസ് വിറ്റ് ഞങ്ങൾ കോഴിക്കോട്ടേക്ക് മടങ്ങി.... 
ഇനി 
ഗൾഫിലേക്ക്.. ഒരു യാത്ര...

Search key words
Ali Akbar convert to Hinduism

Post a Comment

0 Comments

Top Post Ad

Below Post Ad