കാസര്‍കോട് കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്ത സംഭവം; ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി സജ്ജീകരിച്ച വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തതിനെ തുടര്‍ന്ന് അവയുടെ ആന്തരികാവയവങ്ങള്‍ വിശദ പരിിശോധനയ്ക്കായി അയച്ചു. കാസര്‍കോട് ജനറല്‍ പിടികൂടിയ അഞ്ച് പൂച്ചകളുടെ ആന്തരികാവയവങ്ങളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് സെന്ററിലാണ് ഇവ പരിശോധനയ്ക്ക് അയച്ചത്.

പ്രാഥമിക പരിശോധനയില്‍ ഇവയ്ക്ക് കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടികൂടിയ ശേഷം ഇവയെ കൂട്ടിലടച്ചിട്ടിരിക്കുകയായിരുന്നു. കൂടിനുള്ളിലെ പരിമിതമായ വായു സഞ്ചാരം ചിലപ്പോള്‍ മരണ കാരണം ആകാമെന്നും അധികൃതര്‍ പറയുന്നു.

മാര്‍ച്ച് 28 നാണ് കൊറോണ വാര്‍ഡില്‍ നിന്നും പൂച്ചകളെ പിടികൂടിയത്. രണ്ടു ആണ്‍പൂച്ചകള്‍, ഒരു പെണ്‍പൂച്ച, രണ്ടു പൂച്ച കുഞ്ഞുങ്ങള്‍ എന്നിവയെയാണ് പിടികൂടിയത്. എന്നാല്‍ പിടികൂടി രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പെണ്‍പൂച്ച ചത്തു. ബാക്കിയുള്ളവയും വൈകാതെ ചത്തു. കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയതിനാലാണ് ഇവയുട പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് അയക്കുമെന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ടിന്റെ കാസര്‍കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോസഫ് വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad