ചൈനയുടെ സമ്പദ് വ്യവസ്ഥക്ക് വൻ തിരിച്ചടി; 2020ന്റെ ആദ്യ പാദത്തിൽ ജിഡിപിയിൽ രേഖപ്പെടുത്തിയത് 6.8 ശതമാനത്തിന്റെ റെക്കോഡ് ഇടിവ്

ബീജിംഗ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയുടെ സമ്പദ് വ്യവസ്ഥയിൽ വൻ ഇടിവ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിൽ 2020ന്റെ ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പ്പാദന (ജിഡിപി)ത്തില്‍ രേഖപ്പെടുത്തിയത് 6.8 ശതമാനത്തിന്റെ റെക്കോഡ് ഇടിവ്.
1976ന് ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1992 മുതലാണ് ചൈന ജിഡിപി രേഖപ്പെടുത്താൻ ആരംഭിച്ചത്.

ഇതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 80 ശതമാനത്തോളം പങ്കുവഹിച്ച റീട്ടെയില്‍ ചെലവിടല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 19 ശതമാനം ഇടിഞ്ഞതാണ് ചൈനക്ക് തിരിച്ചടിയായതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഫാക്റ്ററികളിലെയും മറ്റ് സ്ഥിര ആസ്തികളിലെയും നിക്ഷേപം 16.1 ശതമാനം കുറഞ്ഞു. ചൈനയുടെ വ്യാവസായിക ഉല്‍പ്പാദനത്തിൽ 1.1 ശതമാനത്തിന്റെ ഇടിവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ 81.7 ശതമാനത്തിന്റെ റെക്കോര്‍ഡ് ഇടിവാണ് വാഹന വിൽപ്പനയിൽ ഉണ്ടായത്. എന്നാൽ
മാര്‍ച്ചില്‍ ഇത് 48.4 ശതമാനമായി മാറിയത് നേരിയ ആശ്വാസമായി. മാര്‍ച്ചില്‍ കയറ്റുമതിയിൽ 6.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇവയെല്ലാം തന്നെ ചൈനയുടെ വളർച്ചയെ കാര്യമായി പിന്നോട്ടടിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫാക്റ്ററികളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നതും യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, ഫെബ്രുവരി അവസാനത്തോടെ ചൈനയ്ക്ക് തങ്ങളുടെ വ്യാപാര-വ്യവസായ പ്രവർത്തനങ്ങൾ ഏറെക്കുറെ പുനരാരംഭിക്കാന്‍ ആയി. എന്നാൽപ്പോലും പ്രതിസന്ധിയിലായ ചൈനീസ് സമ്പദ് വ്യവസ്ഥ പഴയപടിയാകാൻ ഇനിയും സമയമെടുക്കും. നിലവിൽ കൊറോണ ബാധിതരായ രാജ്യങ്ങളിലേക്ക് മാസ്‌ക്കുകകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും കയറ്റുമതി ചെയ്ത് വിപണി സജീവമാകാനുള്ള ശ്രമത്തിലാണ് ചൈന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad