അടച്ചിടൽ: രാഷ്ട്രീയപാർട്ടികളും സംഘടനകളും പ്രവർത്തനരീതി മാറ്റുന്നു

ആലപ്പുഴഭീഷണിയെത്തുടർന്ന് രാജ്യം അടച്ചിടലിലായതോടെ പ്രമുഖ രാഷ്ട്രീയപാർട്ടികളും സംഘടനകളും പ്രവർത്തനരീതി മാറ്റി. കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. എന്നീ പാർട്ടികളെല്ലാംതന്നെ വീഡിയോ, ഓഡിയോ കോൺഫറൻസിലൂടെയാണ് കീഴ്ഘടകങ്ങൾക്കുള്ള നിർദേശങ്ങൾ നൽകുന്നത്.

ഏറെ ശ്രദ്ധേയമായ മാറ്റം ആർ.എസ്.എസിന്റേതാണ്. ദിവസവും ഏതെങ്കിലും പൊതുസ്ഥലത്ത് നടത്തിയിരുന്ന ശാഖകൾ ഗൃഹശാഖകളായി പരിവർത്തനം ചെയ്ത് ദൈനംദിനപ്രവർത്തനം തുടരുകയാണവർ. ദേശീയതലത്തിൽ ഈ രീതിയിലാണ് ഇപ്പോൾ പ്രവർത്തനം. കേരളത്തിൽ ഒന്നര ആഴ്ചയായി ഗൃഹശാഖകൾ നടക്കുന്നുണ്ടെന്ന് പ്രാന്ത സഹപ്രചാർ പ്രമുഖ് ഡോ. എൻ.ആർ.മധു പറഞ്ഞു. ആഴ്ചതോറും നടത്തുന്ന ബൗദ്ധിക് (പ്രഭാഷണം) വാട്സ് ആപ്പ് വീഡിയോയിലൂടെ ഗൃഹശാഖകളിൽ കേൾപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് അയ്യായിരത്തോളം നിത്യശാഖകളിൽ ഉണ്ടായിരുന്നതിനേക്കാൾ പങ്കാളിത്തം ഗൃഹശാഖകളിലൂടെ ലഭിക്കുന്നുണ്ടെന്ന് ഡോ. മധു പറഞ്ഞു. കളികളും പ്രാർഥനകളുമടക്കമുള്ള ദൈനംദിന പരിപാടികളിൽ വീടുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരെയും പങ്കെടുപ്പിക്കും. സംസ്ഥാനമാകെ ഒരുലക്ഷത്തിലേറെ കുടുംബങ്ങൾ ഒരേസമയം ഇതിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ആർ.എസ്.എസ്. വിലയിരുത്തൽ.

കോൺഗ്രസ് വീഡിയോ കോൺഫറൻസ് വഴിയാണ് മീറ്റിങ്ങുകൾ നടത്തുന്നത്. ഡൽഹിയിൽനിന്ന് മിക്ക ദിവസവും വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച പുരോഗതി ചർച്ചചെയ്യുന്നുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം സോണിയാഗാന്ധി പങ്കെടുത്ത വീഡിയോ കോൺഫറൻസ് നടന്നിരുന്നു. ജില്ലയിലെ നേതാക്കന്മാരുമായും ഇത്തരം യോഗങ്ങൾ നടത്തുന്നുണ്ട്. ഇതിനുപുറമേ പ്രവാസികളുടെ പ്രവർത്തനങ്ങൾക്ക് ഹെൽപ്പ് ഡെസ്കുമുണ്ട്.

വീഡിയോ കോൺഫറൻസ് അടക്കം ഓൺലൈൻ സങ്കേതത്തിൽ താഴെത്തട്ടിലുള്ളവരുമായി ബന്ധപ്പെടാനുള്ള ക്രമീകരണങ്ങൾ തങ്ങൾ സജ്ജമാക്കിയതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രവർത്തകർ കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനാൽ ഇപ്പോൾ ഈ സംവിധാനം പ്രായോഗികമല്ല. ഫോണിൽത്തന്നെയാണ് നിർദേശങ്ങൾ പോകുന്നത്. ഫോണിലൂടെയുള്ള വീഡിയോ കോൺഫറൻസിന് പാർട്ടി സജ്ജമാണ്. പ്രവാസി ഹെൽപ്പ് ഡെസ്ക് അടക്കം എല്ലാം ക്രമീകരിച്ചിട്ടുണ്ട്.

ബി.ജെ.പി. ദേശീയ നേതൃത്വം കീഴ്ഘടകങ്ങളുമായി ഇപ്പോൾ ബന്ധപ്പെടുന്നതും മീറ്റിങ്ങുകൾ നടത്തുന്നതും വീഡിയോ-ഓഡിയോ കോൺഫറൻസ് വഴിയാണെന്ന് പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശൻ പറഞ്ഞു. സംസ്ഥാന, ജില്ല, മണ്ഡലംതല പ്രവർത്തനങ്ങൾക്കും ഇതേ രീതിയാണ് നടപ്പാക്കിയിരിക്കുന്നത്.

എൻ.എസ്.എസ്., എസ്.എൻ.ഡി.പി. യോഗം എന്നീ സംഘടനകൾ ഫോൺവഴിയാണ് താഴെത്തട്ടിൽ നിർദേശങ്ങൾ എത്തിക്കുന്നത്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എന്നും സംഘടനാ ആസ്ഥാനത്ത് എത്തുന്നുണ്ട്. കോവിഡിനെതിരേയുള്ള പ്രവർത്തനമൊഴികെ ബാക്കിയെല്ലാം മാറ്റിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അടച്ചിടൽ പ്രഖ്യാപിച്ച നാൾമുതൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീട്ടിൽത്തന്നെയാണ്. കോവിഡ് അതിജീവനപ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ യോഗത്തിന്റെ അജൻഡയെന്നും നിർദേശങ്ങൾ ഫോണിലൂടെയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad