പ്രത്യേക കോവിഡ് ബജറ്റിന് ആലോചന


ന്യൂഡൽഹി:കോവിഡ്മൂലമുള്ള സാമ്പത്തികപ്രതിസന്ധി നേരിടാൻ സമഗ്രമായ സാമ്പത്തികപ്പാക്കേജിനു സമ്മർദമുയരവേ, ഇതിനായി പ്രത്യേക ബജറ്റ് കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൽ ആലോചന.
സാമ്പത്തിക, ആരോഗ്യ, സാമൂഹിക രംഗത്ത് കോവിഡ് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടന്നത്.

കോവിഡിനുമുമ്പുതന്നെ പ്രതിസന്ധിയിലായിരുന്ന സമ്പദ്വ്യവസ്ഥ ദേശീയ അടച്ചിടൽ നടപ്പാക്കിയതോടെ ഒന്നുകൂടി ഉലഞ്ഞു. ലോകബാങ്കും ഐ.എം.എഫും ഉൾപ്പെടെയുള്ളവർ വളർച്ചമുരടിപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്തവർഷങ്ങളിൽ ധനക്കമ്മി കൂടും. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക കോവിഡ് ബജറ്റോ പണം ചെലവഴിക്കാൻ പ്രത്യേക സംവിധാനമോ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
സാമ്പത്തികപ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞദിവസം ചില നടപടികൾ പ്രഖ്യാപിച്ചതിൻറെ തുടർച്ചയായി വിപുലമായ ഉത്തേജന പാക്കേജ് കേന്ദ്രത്തിൻറെ ഭാഗത്തുനിന്ന് വൈകാതെ ഉണ്ടാകുമെന്നാണു സൂചന. കോവിഡിൻറെ തുടക്കത്തിൽ 1.7 ലക്ഷംകോടി രൂപയുടെ വിവിധ സാമ്പത്തിക സഹായപരിപാടികൾ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവർക്ക് പെട്ടെന്ന് കുറച്ചു പണം കിട്ടുന്നതിനുവേണ്ടിയായിരുന്നു അത്. ചെറുകിട, ഇടത്തരം മേഖലയ്ക്കും കോവിഡ്മൂലം തകർന്ന വിവിധ മേഖലകൾക്കും ഉത്തേജനം നൽകാനുള്ള പാക്കേജ് അനിവാര്യമായിരിക്കുകയാണ്.
എല്ലാ മേഖലകളിലും ചെലവുചുരുക്കാൻ ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ അനുമതി നൽകുകയും പണം ചെലവാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനും അടച്ചിടലിൻറെ പ്രത്യാഘാതം നേരിടാനും ചെലവഴിക്കുന്ന തുക ഏതാനും മന്ത്രാലയങ്ങൾ പ്രത്യേക കോവിഡ്-19 ഫണ്ടിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad