കൊറോണക്കിടെ ഭീതി ഉയര്‍ത്തി ഡെങ്കിപ്പനിയും; തൊടുപുഴയില്‍ പത്ത് പേര്‍ക്ക് പനിബാധിച്ചു

ഇടുക്കി : കൊറോണ വൈറസ് വ്യാപനത്തിനിടെ ആശങ്ക ഉയര്‍ത്തി ഇടുക്കിയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. തൊടുപുഴയില്‍ പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീട്ടിലിരിക്കുന്ന ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു.



തൊടുപുഴ നഗരസഭയിലും, ആലക്കോട്, കോടിക്കുളം എന്നീ പഞ്ചായത്തുകളിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരെല്ലാം തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുറച്ചു നാളുകളായി പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം ആയിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ പെയ്തതോടെ ഡെങ്കിപ്പനി പടരാന്‍ ആരംഭിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ മറ്റ് കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ആകുന്നില്ലെന്ന് ഡിഎംഒ അറിയിച്ചു. ഈ സാഹചര്യത്തില്‍ സ്വന്തം വീടും പരിസരവും വൃത്തിയാക്കേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ പ്രകടമായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഡിഎംഒ അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad