കൊറോണ; രാജ്യത്ത് രോഗികളുടെ എണ്ണം 7500 കടന്നു; ഇതുവരെ മരിച്ചത് 242 പേര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴായിരത്തി അഞ്ഞൂറ് കടന്നു. ഇതുവരെ 7529 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 242 മരണങ്ങളും ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയിലാണ് കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. ആയിരത്തി അഞ്ഞൂറിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 1574 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. ഇതില്‍ 188 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 110 മരണങ്ങളും ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ 969 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 881 പേരും തബ്ലീഗില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആണ്. തെലങ്കാന 504, രാജസ്ഥാന്‍ 563, ഡല്‍ഹി 903, മധ്യപ്രദേശ് 443 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊറോണ രോഗികളുടെ കണക്കുകള്‍.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടുമെന്നാണ് സൂചന. ലോക്ക് ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനം എടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad