ബംഗ്ലാദേശ് മുൻ പ്രസിഡന്റിനെ വധിച്ച കേസിലെ പ്രതി 22 വർഷം ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ ; പാസ്പോർട്ടും സമ്പാദിച്ചു; തിരിച്ചു പോയത് കഴിഞ്ഞമാസം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ധാക്ക : ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി അബ്ദുൾ മജീദ് 22 വർഷം ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ. ഒളിവിലായിരുന്ന അബ്ദുൾ മജീദിനെ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.ഇയാൾ ബംഗ്ലാദേശിലേക്ക് തിരിച്ചു പോയത് കഴിഞ്ഞ മാസമാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

45 വർഷമാണ് ഇയാൾ ആകെ ഒളിവിൽ കഴിഞ്ഞത്. ഇതിൽ അവസാനത്തെ 22 വർഷവും ബംഗാളിലായിരുന്നു. പ്രാഥമിക വിവരങ്ങൾ മാത്രമാണ്‌ ഇപ്പോൾ ലഭിച്ചതെന്നും കൊൽക്കത്തയിലെ ഇയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നു. ബംഗ്ലാദേശ് സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ കൊൽക്കത്തയിലെ നോർത്ത് , സൗത്ത് പർഗനാസുകളിലായി ഒളിച്ചു താമസിക്കുകയായിരുന്നു.

ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നേടിയെടുത്ത ഇയാൾ ഇന്ത്യൻ പാസ്പോർട്ടും സമ്പാദിച്ചതായാണ് റിപ്പോർട്ട്. വാടക വീട്ടിലും മറ്റിടങ്ങളിലുമായി മാറി മാറി താമസിച്ച ഇയാൾ സ്ഥിരമായി ഒരിടത്ത് താമസിക്കില്ലായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുജീബുർ റഹ്മാന്റെ കൊലയാളികളിൽ അബ്ദുൾ മജീദ് ഉൾപ്പെടെ ആറു പേരായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവർ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. കൊൽക്കത്ത വിമാനത്താവളം വഴി മാർച്ച് 16 നാണ് ഇയാൾ തിരിച്ചു പോയത്. ഇയാൾ ഒറ്റയ്ക്കാണ് ബംഗാളിൽ താമസിച്ചതെന്നാണ് റിപ്പോർട്ട്.

1975 ഓഗസ്റ്റ് 15 ന് രാവിലെയാണ് ഷേഖ് മുജിബുർ റഹ്മാൻ വധിക്കപ്പെട്ടത്.  ചില സൈനിക ഉദ്യോഗസ്ഥരായിരുന്നു മുജീബുർ റഹ്മാനെ വധിക്കാൻ ആസൂത്രണം നടത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad