ഡോ.പി.എ ലളിത അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഗൈനക്കോളജിസ്റ്റും, എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ആൻഡ് യൂറോളജി ചെയർപേഴ്സണുമായ ഡോ.പി.എ ലളിത അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന ലളിത ഡോക്ടർ ഞായറാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ചേർത്തല സ്വദേശിനിയായിരുന്ന ഇവർ ഇപ്പോൾ കോഴിക്കോട് നടക്കാവിലായിരുന്നു താമസം. ചേർത്തലക്കാരായ അയ്യാവു ആചാരിയുടേയും, രാജമ്മയുടേയും മകളാണ്.

എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ ആൻഡ് യൂറോളജി സെന്ററിന്റെ മാനേജിംഗ് ഡയറക്ടർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വനിതാ വിഭാഗത്തിന്റെ സ്ഥാപക ചെയർപേഴ്സൺ. ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാ മന്ദിരത്തിന്റെ ഉപദേശക സമിതി ചെയർപേഴ്സൺ, ജുവനൈൽ വെൽഫയർ ബോർഡ് അംഗം, ഇന്ത്യാവിഷൻ ന്യൂസ് ചാനലിന്റെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഡോക്ടർ എന്നതിലപ്പുറം നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു പി.എ ലളിത. അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇവരുടേതായിട്ടുണ്ട്. പെണ്ണെഴുത്തിലെ ഭിഷഗ്വര എന്നറിയപ്പെടുന്ന ലളിത കോഴിക്കോട്ടെ സാമൂഹിക മണ്ഡലത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു. മനസ്സിലെ കൈയൊപ്പ്, മരുന്നുകൾക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങൾ അഭിമുഖങ്ങൾ, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

സംസ്ഥാന സർക്കാരിന്റെ വനിതാരത്നം അവാർഡ്, 2006-ൽ ഐ.എം.എയുടെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം, ഇൻഡോ അറബ് കോൺഫെഡറേഷൻ അവാർഡ്, ഡോക്ടർ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷൺ അവാർഡ്, ഐ.എം.എ വനിതാവിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2012 ലെ മികച്ച ഡോക്ടർക്കുള്ള കാലിക്കറ്റ് ലയൺസ് ക്ലബ് അവാർഡ്, മാനവ സംസ്കൃതി കേന്ദ്ര അവാർഡ്, പഞ്ചാബ് നാഷണൽ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2015 ൽ ഡോ.പൽപ്പു സ്മാരക അവാർഡ്, കൈരളി ടി.വിയുടെ ബെസ്റ്റ് ഡോക്ടർ അവാർഡ്, ധന്വന്തരി പുരസ്കാരം, സി.എച്ച് ചാരിറ്റബിൽ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കർമ്മശ്രീമതി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.


മലബാർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.വി.എൻ മണിയാണ് ഭർത്താവ്. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറായ മിലി മണി മകളാണ്.

മൃതദേഹം മലബാർ ഹോസ്പിറ്റൽ ന്യൂ ബ്ലോക്കിൽ സൂക്ഷിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കാവിലെ വസതിയിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. കോവിഡ് - 19 പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ പൊതുദർശനം ഉണ്ടാവില്ലെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad