മുക്തി നേടിയത് 4 ലക്ഷത്തിലധികം പേര്‍, മരിച്ചവരേക്കാള്‍ നാലിരട്ടി; പ്രതീക്ഷയാണ് നമുക്കാവശ്യം

ബ്രിട്ടണിൽ ബിരുദാനന്തരബിരുദവിദ്യാർഥിയായ തമന്ന മാർച്ച് 18 ന് ന്യൂഡൽഹിയിൽ വിമാനമിറങ്ങുമ്പോൾ കേംബ്രിജ് സർവകലാശാലയിലെ അവളുടെ സഹപാഠികളും സുഹൃത്തുക്കളും ഇന്ത്യയിലെ കോവിഡ് ബാധിതരായ വിദ്യാർഥികളെ കുറിച്ചുള്ള വിവരങ്ങളും വാർത്തകളും വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പരസ്പരം ഷെയർ ചെയ്യുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും അടുത്ത ദിവസം തന്നെ തമന്ന അടുത്തുള്ള ആശുപത്രിയിൽ സ്വയമെത്തി പരിശോധന നടത്തി. മാർച്ച് 20 ന് തമന്നയ്ക്ക് കൊറോണബാധ സ്ഥിരീകരിച്ചു.


ഖാൻപുർ കലാനിലെ(ഹരിയാനയിലെ ഒരു ഗ്രാമം) ബിപിഎസ് മെഡിക്കൽ കോളേജിൽ രണ്ടാഴ്ചത്തെ ചികിത്സയിലായിരുന്നു പിന്നീട് തമന്ന. ഏപ്രിൽ 2 ന് രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തുന്ന വരെ ഭയവും പ്രാർഥനയുമായി കഴിയുകയായിരുന്നു അവളുടെ വീട്ടുകാർ. രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കുമെന്ന് നല്ല വിശ്വാസമുണ്ടായിന്നുവെന്ന് തമന്ന ആവർത്തിക്കുന്നു.


ഓരോ കോവിഡ് രോഗിയും വൈറസിൽ നിന്ന് മുക്തി നേടുമ്പോൾ അത് ആശ്വാസവും ആഹ്ലാദവും നൽകുന്നത് കുടുംബാംഗങ്ങളും ചികിത്സ നൽകിയ ആരോഗ്യപ്രവർത്തരും അടങ്ങുന്ന ഒരുപാട് പേർക്കാണ്. ആയിരത്തിൽ നിന്ന് ലക്ഷങ്ങളിലേക്ക് വൈറസ് വ്യാപനം തുടരുമ്പോൾ, ജീവനുകൾ നഷ്ടമാകുമ്പോൾ രോഗത്തിൽ നിന്ന് മോചിതരാകുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് പകരുന്ന ആശ്വാസത്തിന്റെ അളവ് വലുതാണ്. ഇന്ത്യയിൽ കോവിഡ് മുക്തരുടെ എണ്ണം ആയിരം കടന്നു,ലോകത്താകമാനം നാല് ലക്ഷത്തിലധികവും. മരിച്ചതിനേക്കാൾ നാലിരട്ടി പേർ രോഗമുക്തി നേടിക്കഴിഞ്ഞു.


കർണാടകയിലെ ചിക്കബല്ലൂർ ആശുപത്രിയിൽ കൊറോണമുക്തി നേടിയ വരെ ഞായറാഴ്ച വീട്ടിലേക്ക് യാത്രയാക്കിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച്, പോകുന്നവർക്ക് കയ്യടിക്കൊപ്പം പഴങ്ങളും പൂക്കളും നൽകി യാത്രയാക്കുന്നതിന്റെ വീഡിയോ കാണുന്നവരിലുണർത്തുന്ന ആനന്ദവും ആശ്വാസവും മാത്രമല്ല ഒരു വൻ വിപത്തിനെ അതിജീവിക്കുമെന്ന പ്രത്യാശയും കൂടിയാണ്.


വുഹാനിൽ രോഗമുക്തി നേടിയ ഏഴുവയസുകാരി വെൻവെൻ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അവളെ യാത്രയാക്കിയത് കണ്ണീരോടെയാണ്. ആ യാത്രയാക്കലിന്റെ വീഡിയോ എട്ടുലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു. കരയുന്ന വെൻവെന്നിന് കരഞ്ഞുകൊണ്ട് കണ്ണുതുടച്ചു കൊടുക്കുന്ന ഡോക്ടറേയും വീഡിയോയിൽ കാണാം.





ലഖ്നൗവിലെ ഡോ. തൗഫീഖ് ഖാന് രോഗിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് വൈറസ് ബാധിച്ചത്. 21 ദിവസത്തെ ഐസോലേഷൻ വാർഡ് ജീവിതത്തിനിടയിൽ പലതും മനസിലാക്കിയെന്ന് ഡോ. തൗഫീഖ് പറയുന്നു. ആ ദിവസങ്ങൾ മറ്റ് രോഗികൾക്ക് കൗൺസിലിങ്ങിനായാണ് ഡോ. തൗഫീഖ് ചെലവഴിച്ചത്. ഫോണിലൂടെ സുഹൃത്തുക്കൾ നൽകിയ പിന്തുണയും മറക്കാവുന്നതല്ല എന്ന് ഡോ.തൗഫീഖ് പറയുന്നു.


വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ട്രെയിനി ഓഫീസർ, ഉത്തരാഖണ്ഡ് സ്വദേശിയായ ഇരുപത്താറുകാരൻ ശൈലേന്ദ്രസിങ്ങിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവിതത്തിന്റെ യാത്ര ഇതോടെ അവസാനിച്ചുവെന്നാണ് ആദ്യഘട്ടത്തിൽ തോന്നിയതെന്ന് ശൈലേഷ് പറയുന്നു. മരണനിരക്കിന്റേയും രോഗബാധിതരുടേയും കണക്കിലുണ്ടാവുന്ന ഉയർച്ച മനസിനെ ഉലച്ചു. വാർത്തകൾ നോക്കുന്നത് കുറച്ചപ്പോൾ തന്നെ മനസിന് ഉണർവുണ്ടായതായും പ്രതീക്ഷ ഉണർന്നതായും ഇദ്ദേഹം പറയുന്നു.


അങ്ങനെ വൈറസ് മുക്തരായ ഓരോത്തർക്കുമുണ്ടാവും പറയാൻ, ഓർമിക്കാൻ ഒരുപാടനുഭവങ്ങൾ. മരണത്തെ കുറിച്ച് വേവലാതിയുണരുമ്പോൾ ജീവിതത്തിന്റെ പ്രകാശവലയങ്ങൾ മാത്രം മനസിൽ തെളിയുന്നത് തിരിച്ചറിഞ്ഞവർ. ഇവരുടെ അനുഭവങ്ങളാണ് ലോകത്ത് നന്മകൾ അവസാനിച്ചിട്ടില്ല എന്നോർമിപ്പിക്കുന്നത്. ഒരു വലിയ പ്രതിസന്ധിയെ ഒന്നിച്ച് നിന്ന് നേരിടാൻ നമുക്കോരോത്തർക്കും ശക്തി പകരുന്നതും അത് തന്നെയാണ്. അതെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ഈ അനുഭവസ്ഥർ നമ്മോട് ആവർത്തിക്കുന്നു.


Conhtent Highlights: Coronavirus recovery count globally hits 4 lakh

Post a Comment

0 Comments

Top Post Ad

Below Post Ad