മഹാരാഷ്ട്രയില്‍ നാലുമലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ

മുംബൈ: മുംബൈയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുണെയിൽ ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവർ പുണെയിൽ റൂബി ഹാൾ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. മഹാരാഷ്ട്രയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ വൈറസ് പകരുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.

സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റന്റുമാർക്കും ശുചീകരണജോലി ചെയ്യുന്നവർക്കും വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക ഉയരാൻ കാരണം.

നിലവിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിൽ പണിയെടുക്കുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്സുമാരിൽ അമ്പതോളം പേർ കേരളത്തിൽനിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ആശുപത്രികളിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേർക്ക് കോവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാർ പറയുന്നു. പി.പി.ഇ. കിറ്റുകൾ കോവിഡ് വാർഡുകളിൽ പ്രവർത്തിച്ചിരുന്നവർക്കു മാത്രമാണ് നൽകിയിരുന്നത്. സമ്പർക്ക വിലക്കിൽ പോകേണ്ടിയിരുന്നവർവരെ പിന്നീട് നിർബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.

നഴ്സുമാരിൽ ഭൂരിഭാഗവും ഹോസ്റ്റലുകളിലും അപ്പാർട്ട്മെന്റുകളിലും കൂട്ടമായി മുറികൾ പങ്കുവെച്ച് താമസിക്കുന്നവരാണ്. ഒരു മുറിയിൽത്തന്നെ എട്ടുമുതൽ പന്ത്രണ്ടുപേർവരെ കഴിയുന്നുണ്ട്. ഇവരെ കൃത്യസമയത്ത് സമ്പർക്കവിലക്കിൽ ആക്കിയില്ലെന്നും പരിശോധനകൾ യഥാസമയം നടത്തിയില്ലെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യയിൽത്തന്നെ ആരോഗ്യപ്രവർത്തകർക്ക് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും മുംബൈയിലാണ്. ഇന്ത്യയിൽ ആദ്യം രോഗം കണ്ടെത്തിയ കേരളത്തിൽ ഇതുവരെ ഒരു ഡോക്ടർക്കും മൂന്നു നഴ്സുമാർക്കും മാത്രമാണ് രോഗം പടർന്നത്. ഇതിൽ ഡോക്ടർ സ്പെയിനിൽ പോയി വന്നതാണ്.

മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.

Content Highlight: Four Malayalee nurses tested coronavirus Positive in Maharashtra

Post a Comment

0 Comments

Top Post Ad

Below Post Ad