ഇരുപതിനായിരം കോടിയുടെ പാക്കേജ് ജലരേഖയായി; കേന്ദ്രം നൽകുന്ന സഹായം പോലും വേണ്ട വിധം ഉപയോഗിക്കുന്നില്ല : കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്പ്രിംഗ്ളർ ഇടപാടിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് പരിതാപകരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാത്തത് ലജ്ജാകരം. അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
കൊറോണയുടെ പശ്ചാത്തലത്തിൽ രോഗികളുടെ വിവരങ്ങൾ സ്പ്രിംഗ്ളറിന് കൈമാറിയ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉന്നയിച്ചത്. ആധാറിനെ തുരങ്കം വെക്കാൻ പാർലമെൻ്റിന് അകത്ത് പോലും കള്ള പ്രചരണം നടത്തിയവരാണ് സിപിഎം. ഹൈക്കോടതിയിൽ സർക്കാരിനേറ്റത് കനത്ത തിരിച്ചടിയാണ്. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ല.
പോലീസ് യാത്രക്കാർക്കുള്ള ഇ പാസ് നൽകാനുള്ള കരാർ സ്വകാര്യ കുത്തക കമ്പനിക്ക് നൽകിയതിലും ദുരൂഹതയുണ്ട്. സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാതെ ഇത്തരം കാര്യങ്ങൾക്ക് സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നു. സംസ്ഥാനത്ത് നടക്കുന്നത് ഡാറ്റാകച്ചവടമാണ്. സ്പ്രിംഗളർ ഇടപാട് സംബന്ധിച്ച ഹർജിയിൽ ബിജെപി കക്ഷി ചേരുമെന്നും സർക്കാർ നിയോഗിച്ച അന്വേഷണ സമിതി തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
സർക്കാർ പ്രഖ്യാപിക്കുന്ന പല കാര്യങ്ങളും നടപ്പിലാക്കുന്നില്ല. ഇരുപതിനായിരം കോടിയുടെ പാക്കേജ് ജലരേഖയായി. കേന്ദ്രം നൽകുന്ന സഹായം പോലും വേണ്ട വിധം ഉപയോഗിക്കുന്നില്ല.
വിമാനത്താവളങ്ങൾ അടച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും വിദേശത്ത് നിന്ന് വന്നവർക്ക് ഇപ്പോഴും കൊറോണ സ്ഥിരീകരിക്കുന്നു. പുറത്തു വിടുന്ന കണക്കുകളിൽ സംശയമുണ്ട്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നവരെപ്പറ്റി സർക്കാർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad